കൈ കാലുകള്‍ അനക്കാനും തൊണ്ടയിലൂടെ ആഹാരമിറക്കാനും ഉള്‍പ്പെടെ രാജേഷ് വീണ്ടും പഠിച്ചുകൊണ്ടിരിക്കുകയാണ്; ഡിഗ്രി ക്ലാസ്സിലെ കൂട്ടുകാരുടെ കൂട്ടായ്മയുടെ നല്ല മനസ്സും ഏറെ സമാധാനം നല്‍കുന്നു; പ്രാര്‍ഥനയും സ്നേഹവും നമുക്കും തുടരാം! രാജേഷ് കേശവ് സുഖം പ്രാപിക്കുന്നു
തിരുവനന്തപുരം: പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രാജേഷിനെ സന്ദര്‍ശിച്ച സുഹൃത്ത് പ്രതാപ് ജയലക്ഷ്മി ഫെയ്സ്ബുക്ക് കുറിപ്പില്‍ ആരോഗ്യവിവരം പങ്കുവെച്ചിട്ടുണ്ട്. കൈ കാലുകള്‍ അനക്കാനും തൊണ്ടയിലൂടെ ആഹാരമിറക്കാനുമുള്‍പ്പെടെ രാജേഷ് വീണ്ടും പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് രാജേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന പരിപാടിക്കിടെയാണ് രാജേഷ് കുഴഞ്ഞുവീണത്. ഉടന്‍ മരടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഴഞ്ഞുവീണ ഉടന്‍ ഹൃദയാഘാതമുണ്ടായി. ആശുപത്രിയില്‍ എത്തിച്ച് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററില്‍നിന്ന് മാറ്റിയ ശേഷം വിദഗ്ധചികിത്സയ്ക്കായി വെല്ലൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
സുഹൃത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
രാജേഷിനെ വെല്ലൂരില്‍ കാണുമ്പോള്‍ ലോകം മുഴുവന്‍ ഓടി നടന്ന്, സ്റ്റേജുകളില്‍ തന്റെ വാക്ധോരണി കൊണ്ടും പഞ്ച് ഡയലോഗു കൊണ്ടും താരങ്ങളെയും കാണികളെയും ആവേശഭരിതനാക്കിയവന്‍, സിനിമ ഒരു സ്വപ്നമായികൊണ്ടുനടന്നവന്‍. ഇറങ്ങുന്ന എല്ലാ സിനിമകളും ആദ്യദിവസം തന്നെ കാണണമെന്ന് വാശിയുള്ളവന്‍. പരിചയമുള്ളവരെയും ഇല്ലാത്തവരുടെയും പ്രൊജക്ടുകള്‍ അനൗണ്‍സ് ചെയ്യുമ്പോള്‍ ഒരേ ആവേശത്തോടെ അത് ഷെയര്‍ ചെയ്തിരുന്നവന്‍. എന്നും എപ്പോഴും സിനിമ ആയിരുന്നു അവന്റെ എല്ലാം. സ്റ്റേജ് ഷോകള്‍ അവനൊരു ലഹരി ആയിരുന്നു, സുഹൃത്തുക്കള്‍ അവന്റെ വീക്നെസ്സും.
അവനിപ്പോള്‍ ചുറ്റും നടക്കുന്നത് എന്താണെന്നു പഠിക്കുകയാണ്. അല്ലെങ്കില്‍ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അയാളെ വീണ്ടും ജീവിതം പഠിപ്പിക്കുകയാണ്. കൈ കാലുകള്‍ അനക്കാനും, തൊണ്ടയിലൂടെ ആഹാരമിറക്കാനും, ശ്രദ്ധിച്ചു കാര്യങ്ങള്‍ ചെയ്യാനും ഒരു ബാല്യത്തിലെന്നപോലെ. വീണ്ടും വീണ്ടും ആവര്‍ത്തിച്ചു പറഞ്ഞു ഓരോന്നായി പഠിപ്പിക്കുന്ന, നിര്‍ബന്ധിച്ചു ചെയ്യിപ്പിക്കുന്ന ഈ രീതി നമുക്ക് അത്ര പരിചയമുള്ള കാര്യമല്ല. കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഇവിടെ നടക്കുന്നത് അതാണ്. തിരിച്ചു വരവിന്റെ പാതയിലെ വൈതരണികളെ ഓരോന്നായി നേരിട്ട് പതുക്കെ നമ്മുടെ രാജേഷ് മുന്നോട്ടുള്ള യാത്രയിലാണ്. എത്ര നാള്‍ അല്ലെങ്കില്‍ എന്ന്, എന്ന് നമുക്ക് പ്രവചിക്കാന്‍ കഴിയില്ല. പക്ഷേ ഒന്നുണ്ട്, അവനു തിരിച്ചു വരാതിരിക്കാന്‍ ആവില്ല. അത്രയേറെ സ്വപ്നങ്ങളുടെ മല കയറുമ്പോഴാണ് അവന്‍ കിടപ്പിലായത്.
ആ പാതയില്‍ ഞാനടക്കമുള്ള ഒരുപാട് പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ബന്ധിക്കപ്പെട്ടിരിക്കുന്നു. രാജേഷിന് എങ്ങനെയുണ്ടെന്നു എപ്പോഴും ചോദിക്കുന്നവരോടാണ്. അവന്‍ തിരിച്ചു വരാനുള്ള കഠിനപ്രയത്‌നത്തിലാണ്. അത് ശ്രമകരമാണ്, ഏറെ സമയം വേണ്ട ഒന്നാണ്. ആ ശ്രമത്തിന് താങ്ങായി തണലായി കൂടെ നില്‍ക്കുന്നവരോട് എന്നും കടപ്പെട്ടിരിക്കുന്നു. രാജേഷിന്റെ ചികിത്സാചെലവുകള്‍ ഭാരിച്ചതാണ്, അതറിഞ്ഞു അവന്റെ ഡിഗ്രി ക്ലാസ്സിലെ കൂട്ടുകാരുടെ കൂട്ടായ്മ ഒരു തുക ശേഖരിച്ചു രാജേഷിന്റെ പത്നിയുടെ പേരില്‍ അയച്ചു കൊടുത്തതടക്കമുള്ള നല്ല മനസ്സുകള്‍ ഇവിടെയുണ്ടെന്നത് ഏറെ സമാധാനം നല്‍കുന്നവയാണ്. അതിനു മുന്‍കൈ എടുത്ത അഡ്വ. കവിത സുകുമാരന്‍, ശ്രീദീപ് എ.എല്‍, ഷെമീം സജിത സുബൈര്‍ അടക്കുമുള്ള എല്ലാ നല്ല മനസ്സുകളോടും എന്നും സ്നേഹം. ഇനിയും ചികിത്സ തുടരും, അവന്‍ തിരിച്ചു വരും. വീണ്ടും പഴയ പോലെ ആവേശം തുളുമ്പുന്ന പെര്‍ഫോമന്‍സുമായി. പ്രാര്‍ഥനയും സ്നേഹവും നമുക്കും തുടരാം.
