ഒന്നാം പിണറായി സര്‍ക്കാരിന്റെ അധികാരമേല്‍ക്കലില്‍ കേക്ക് മുറിച്ച് ആഘോഷിക്കാന്‍ ഒപ്പം നിന്നു; പ്രതിസന്ധി ഘട്ടത്തില്‍ ആ വിശ്വാസത്തില്‍ നടിയെ ആക്രമിച്ച് അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് മെസേജ് അയച്ചു; ആ സന്ദേശവും കുരുക്കായി കോടതിയില്‍ എത്തി; രാമന്‍പിള്ളയെന്ന അഭിഭാഷക മികവിനേയും ഞെട്ടിച്ച പ്രോസിക്യൂഷന്‍ നീക്കം; 'അന്വേഷണം തന്നിലേക്കെത്തുമെന്ന് ഭയം'! വിചാരണയില്‍ പിണറായിയും മറുനാടനും വിഷയമാകുമ്പോള്‍

Update: 2025-12-06 03:23 GMT

കൊച്ചി: ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് കേക്ക് മുറിച്ച് ആഘോഷിച്ച വ്യക്തിയായിരുന്നു ദിലീപ്. സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കപ്പെട്ട വ്യക്തികളുടെ കൂട്ടത്തിലും ദിലീപ് ഉണ്ടായിരുന്നു. കോണ്‍ഗ്രസുകാരനായ ദിലീപിന് പിണറായി സര്‍ക്കാരിനോട് വലിയ താല്‍പ്പര്യമായിരുന്നു. ഇപ്പോള്‍ നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവത്തിന് ഇനി രണ്ടുനാള്‍ മാത്രം ബാക്കിനില്‍ക്കെ വിചാരണയിലെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഇതിലാണ് മുഖ്യമന്ത്രി പിണറായി വിജയനും ദിലീപിനെ കൈവിട്ടുവെന്ന സൂചനകളുള്ളത്. ദിലീപ് മുഖ്യമന്ത്രിയ്ക്ക് മെസേജ് അയച്ചു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നത്. നടി ആക്രമിക്കപ്പെട്ട് അഞ്ചാം ദിവസമാണ് പിണറായി വിജയന് മെസേജ് അയച്ചത്. തെറ്റുചെയ്യാത്ത താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ എന്നാണ് മെസേജ്. ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കും ദിലീപ് മെസേജ് അയച്ചിരുന്നു. അന്വേഷണം തന്നിലേക്കെത്തുമെന്ന് ഭയന്നാണ് ദിലീപ് മെസേജ് അയച്ചതെന്നാണ് പ്രോസിക്യൂഷന്‍ വാദം. അതായത് മുഖ്യമന്ത്രിക്ക് രഹസ്യമായി ദിലീപ് അയച്ച മെസേജ് അടക്കം വിചാരണയില്‍ ചര്‍ച്ചയായി. മുഖ്യമന്ത്രിയെ വിശ്വസിച്ച് അയച്ച സന്ദേശം കോടതിയില്‍ എത്തിയെന്ന് സാരം. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി വാദിച്ചത് കെ രാമന്‍പിള്ളയെന്ന അഭിഭാഷക മികവാണ്. എന്നാല്‍ മുഖ്യമന്ത്രിയ്ക്ക് അയച്ച മെസേജ് അടക്കം ഹാജരാക്കി ദിലീപിന്റെ പ്രതിരോധത്തെ പ്രോസിക്യൂഷന്‍ തകര്‍ത്തുവെന്നാണ് പോലീസ് വിലയിരുത്തല്‍.

2017 ഫെബ്രുവരി 22ന് രാവിലെ 09.22 നാണ് ദിലീപ് മെസേജ് അയച്ചത്. വീണ്ടെടുത്ത മേസേജ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പള്‍സര്‍ സുനിയാണ് പ്രതിയെന്ന് ആദ്യ ദിവസം തന്നെ പുറത്തുവന്നതോടെ ദിലീപ് സമ്മര്‍ദത്തിലായെന്നും ഇതോടെയാണ് മുഖ്യമന്ത്രിയടക്കമുളളവര്‍ക്ക് മെസേജ് അയച്ചതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. കാവ്യാ മാധവനുമായുളള ദിലീപിന്റെ ബന്ധം അന്നത്തെ ഭാര്യയായിരുന്നു മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുളള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കാവ്യാ മാധവനുമായുളള ദീലീപിന്റെ ചാറ്റുകള്‍ മഞ്ജു വാര്യര്‍ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. രാമന്‍, ആര്‍ യു കെ അണ്ണന്‍, മീന്‍, വ്യാസന്‍ തുടങ്ങിയ പേരുകളിലാണ് കാവ്യയുടെ ഫോണ്‍ നമ്പരുകള്‍ ദിലീപ് തന്റെ ഫോണില്‍ സേവ് ചെയ്തിരുന്നതെന്നും പ്രേസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കി എന്നത് പൊലീസിന്റെ കെട്ടുകഥയെന്നാണ് ദിലീപ് നിലപാടെടുത്തത്. ആകെ പത്ത് പ്രതികളുളള കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. മുഖ്യമന്ത്രിക്ക് അയച്ച സന്ദേശം എങ്ങനെയാണ് പോലീസിന് കിട്ടിയതെന്ന് വ്യക്തമല്ല. ഏതായാലും ദിപീലിന്റെ ഫോണില്‍ നിന്നാണ് കിട്ടിയതെങ്കിലും അത് മുഖ്യമന്ത്രിയോട് ചോദിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്.

വിചാരണയില്‍ മറുനാടന്‍ മലയാളിയെ അടക്കം മുന്നില്‍ നിര്‍ത്തിയായിരുന്നു ദിലീപിന്റെ പ്രതിരോധം. ജയിലിനുള്ളില്‍ പള്‍സര്‍ സുനി നടത്തിയ നീക്കവും ദീലീപിനെതിരെ പരാതി കൊടുത്തതുമെല്ലാം ആദ്യം വാര്‍ത്തയായി നല്‍കിയത് മറുനാടനായിരുന്നു. ഇതിന് ശേഷമാണ് പള്‍സര്‍ സുനിക്കെതിരെ പരാതി നല്‍കിയെന്ന് വെളിപ്പെടുത്തലുമായി ദിലീപ് എത്തിയത്. ഈ ഘട്ടത്തിലാണ് മറ്റു മാധ്യമങ്ങളും വിഷയം ഏറ്റെടുത്തത്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നടത്തിയ പ്രതികരണമാണ് തന്നെ കേസില്‍ കുടുക്കിയത് എന്ന തരത്തിലാണ് ദിലീപിന്റെ പ്രതിരോധം വിചാരണയിലും എത്തിയത്.

കേരളം കാത്തിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ തിങ്കളാഴ്ച വരാനിരിക്കുന്ന വിധി കേള്‍ക്കാന്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്നാണ് കേസ്. നടന്‍ ദിലീപ് ഉള്‍പ്പെടെ 9 പ്രതികളാണ് വിചാരണ നേരിട്ടത്. പള്‍സര്‍ സുനി എന്ന എന്‍.എസ്.സുനില്‍ കുമാര്‍ ഒന്നാംപ്രതിയായ കേസില്‍ ദിലീപ് എട്ടാംപ്രതിയാണ്. സുനിയെക്കാള്‍ ദിലീപിന്റെ കാര്യത്തില്‍ കോടതി എന്തുപറയുമെന്നാണ് ദിലീപിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പൊതുജനങ്ങളുമെല്ലാം കാത്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ദിലീപിനെതിരെയുള്ളത്.

കാവ്യ-ദിലീപ് ബന്ധം പുറത്തറിയിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രോസിക്യൂഷന്‍ വാദം. താരങ്ങളുടെ ബന്ധത്തെക്കുറിച്ച് ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജുവാര്യരെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടിയാണെന്നും ഇതേ തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണ് നടിക്കെതിരെ ക്വട്ടേഷന്‍ കൊടുക്കാന്‍ ദിലീപിനെ പ്രേരിപ്പിച്ചതെന്നുമാണ് പ്രൊസിക്യൂഷന്‍ വാദിച്ചത്.ദിലീപിന്റെ ഫോണില്‍ പല പേരുകളിലാണ് കാവ്യയുടെ നമ്പരുകള്‍ സേവ് ചെയ്തിരുന്നത്. രാമന്‍, ആര്‍യുകെ അണ്ണന്‍, മീന്‍, വ്യാസന്‍ എന്നീ പേരുകളിലാണ് നമ്പരുകള്‍ സേവ് ചെയ്തിരുന്നത്. ഡ്രൈവര്‍ അപ്പുണ്ണിയുടെ ഫോണില്‍ 'ദില്‍ കാ' എന്ന പേരിലാണ് കാവ്യയുടെ നമ്പര്‍ സേവ് ചെയ്തിരുന്നത്. കാവ്യയുമായുള്ള ബന്ധം മഞ്ജുവാര്യരില്‍ നിന്ന് മറച്ചുപിടിക്കാനാണ് ഇത്തരത്തില്‍ കള്ളപ്പേരുകള്‍ ഉപയോഗിച്ചതെന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്.

2012ല്‍ തന്നെ താരങ്ങളുടെ ബന്ധത്തെക്കുറിച്ച് മഞ്ജുവാര്യര്‍ തിരിച്ചറിഞ്ഞെന്നും പ്രോസിക്യൂഷന്‍ വാദത്തില്‍ പറയുന്നുണ്ട്. ദിലീപിന്റെ ഫോണില്‍ തുടര്‍ച്ചയായി പല നമ്പരുകളില്‍ നിന്ന് മെസേജ് വരുന്നത് മഞ്ജുവാര്യരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതില്‍ സംശയം തോന്നിയതോടെ ഗീതു മോഹന്‍ദാസിനും സംയുക്ത വര്‍മ്മയ്ക്കുമൊപ്പം മഞ്ജുവാര്യര്‍ നടിയെ പോയി കാണുകയായിരുന്നു. ഇക്കാര്യം മുന്നേ അറിയുന്ന നടി താരങ്ങളുടെ ബന്ധത്തെക്കുറിച്ച് മഞ്ജുവാര്യരോട് തുറഞ്ഞ് പറഞ്ഞുവെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇതില്‍ നടിയോട് ദിലീപിന് തോന്നിയ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചത്.അതേസമയം, പ്രോസിക്യൂഷന്‍ വാദങ്ങളെ ദിലീപ് തള്ളിക്കളഞ്ഞു. പ്രോസിക്യൂഷന്റേത് വെറും ആരോപണങ്ങളാണെന്നും അതിന് തെളിവില്ലെന്നും ദിലീപ് കോടതിയില്‍ വാദിച്ചു.

പൊലിസിന്റെ കെട്ടുകഥകളാണിതെന്നാണ് ദിലീപ് കോടതിയില്‍ വാദിച്ചത്. ആക്രമിക്കപ്പെട്ട നടിയോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നില്ലെന്നും മഞ്ജുവുമായുള്ള വിവാഹമോചനത്തിന് നടി ഒരു കാരണമായിരുന്നില്ലെന്നും ദിലീപ് കോടതിയില്‍ വാദിച്ചു.

Tags:    

Similar News