ചക്കപ്പഴവും അരിഷ്ടവും കഴിച്ചാല്‍ ഫിറ്റാകുമോ? രണ്ടും കഴിച്ചതിന്റെ പേരില്‍ ഡ്യൂട്ടിക്ക് വരുമ്പോള്‍ ബ്രെത്ത് അനലൈസര്‍ ആപ്പിലാക്കുമെന്ന പേടി വേണ്ട! ഞാന്‍ മദ്യപിച്ചിട്ടില്ല എന്ന് കരഞ്ഞ് കെഞ്ചുകയും അരുത്; എല്ലാറ്റിനും പ്രതിവിധി കണ്ടെത്തി ഹൈക്കോടതി
ചക്കപ്പഴവും അരിഷ്ടവും കഴിച്ചാല്‍ ഫിറ്റാകുമോ?
തിരുവനന്തപുരം : ചക്കപ്പഴം കഴിച്ചാല്‍ ഫിറ്റാകുമോ ? ഏതാനും ദിവസം മുന്‍പ് ചക്ക ഒരു കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് പണി കൊടുത്ത സംഭവം മിക്കവരും അറിഞ്ഞുകാണും. പന്തളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാര്‍ക്കാണ് പണി കിട്ടിയത്. ചക്ക കഴിച്ചവരെയെല്ലാം ബ്രെത്ത് അനലൈസര്‍ ആപ്പിലാക്കി. രാവിലെ ഡ്യൂട്ടിക്കെത്തിയ ഡ്രൈവര്‍ കൊണ്ടുവന്ന ചക്കപ്പഴം എല്ലാവരും ആസ്വദിച്ച് കഴിച്ചു. എന്നാല്‍, പണി കിട്ടിയത് വെറും വയറ്റിലാണെന്ന് പോലും ഓര്‍ക്കാതെ മൂന്ന്, നാല് ചക്കച്ചുള കഴിച്ച ഒരു ഡ്രൈവര്‍ക്കായിരുന്നു. ഡിപ്പോയില്‍ പതിവായി നടക്കുന്ന ഊതിക്കല്‍ പരിപാടിയില്‍ ബ്രത്തലൈസര്‍ പൂജ്യത്തില്‍ നിന്ന് പത്തിലേക്ക് കുതിച്ചു. എന്നാല്‍ അപ്പോഴും ചക്കയെ ഒന്ന് സംശയിക്കുക പോലും ചെയ്യാതെ ഡ്രൈവര്‍ പറഞ്ഞു, 'ഞാന്‍ മദ്യപിച്ചിട്ടില്ല സര്‍'. പിന്നീട് പലരും ചക്കച്ചുള കഴിച്ച് ഊതിയപ്പോള്‍ ബ്രത്തലൈസര്‍ അവരെല്ലാം ഫിറ്റാണെന്ന് വിധിയെഴുതി. ചക്കപ്പഴം പോലെ തന്നെ അരിഷ്ടവും പ്രശ്‌നക്കാരനാണ്. എന്തായാലും ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടിരിക്കുകയാണ് ഹൈക്കോടതി.
വാഹനപരിശോധനയില്‍ ബ്രെത്തലൈസര്‍ ഉപയോഗിക്കുന്നതിന് മുന്‍പ് എയര്‍ ബ്ലാങ്ക് ടെസ്റ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സ്വദേശി ശരണ്‍കുമാര്‍ എസിനെതിരായ കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി. അരുണ്‍ ഉത്തരവ് പുറപ്പെടുവിച്ചത്.മദ്യപിച്ച് വാഹനമോടിച്ചെന്ന സംശയത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത ശരണിനെ ബ്രെത്തലൈസര്‍ പരിശോധനയ്ക്ക് ശേഷം സ്വന്തം ജാമ്യത്തില്‍ വിട്ടിരുന്നു.
എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ ഹര്‍ജിക്കാരന്റെ ശ്വസന സാമ്പിള്‍ എടുക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ ബ്ലാങ്ക് ടെസ്റ്റില്‍ റീഡിംഗ് 412 mg/100 ml ആയിരുന്നു കാണിച്ചത്. മറ്റ് വൈദ്യപരിശോധനകളൊന്നും നടത്താത്തതിനാല്‍ മദ്യത്തിലെ അളവ് കണ്ടെത്താനും കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കല്‍ പ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.
പരിശോധന നടത്തുമ്പോള്‍ ഉപകരണത്തില്‍ '0.000' റീഡീംഗ് കാണിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതിനാവശ്യമായ നിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്നും ഡിജിപിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. മുന്‍പരിശോധനകില്‍ നിന്നുള്ള ആല്‍ക്കഹോളിന്റെ അംശം ബ്രെത്തലൈസറില്‍ കലര്‍ന്നിട്ടില്ലെന്ന് ഉറപ്പാാക്കുകയാണ് ബ്ലാങ്ക് ടെസ്റ്റിന്റെ പ്രാഥമിക ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി. ബ്ലാങ്ക് ടെസ്റ്റ് റീഡിംഗ് 0.000 എന്നതിനെ ആശ്രയിച്ചാണ് ബ്രെത്തലൈസര്‍ പരിശോധനയുടെ ആധികാരികത വിലയിരുത്തുന്നതെന്നും കോടതി പറഞ്ഞു.