ടാറ്റ മോട്ടോഴ്സിന്റെ അംഗീകൃത സര്‍വീസ് സെന്റര്‍ നടത്തി വെട്ടിലായി; നഷ്ടമായത് 1.25 കോടി രൂപ; സാമ്പത്തിക നഷ്ടവും മനോവേദനയുമെന്ന് ഉടമയുടെ പരാതി ശരിവച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍: മുംബൈ ടാറ്റ മോട്ടോഴ്സ് കമ്പനി മാനേജിങ് ഡയറക്ടര്‍ അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണം

മുംബൈ ടാറ്റ മോട്ടോഴ്സ് കമ്പനി മാനേജിങ് ഡയറക്ടര്‍ അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണം

Update: 2025-10-24 16:19 GMT

പത്തനംതിട്ട: അംഗീകൃത സര്‍വീസ് സെന്റര്‍ തുടങ്ങുന്നതിന് വേണ്ടി വന്‍ തുക ചെലവഴിച്ചതിന് ശേഷം മാന്യമായ രീതിയില്‍ ബിസിനസ് ഇടപാട് നടത്തിയില്ലെന്ന പരാതിയില്‍ മുംബൈയിലെ ടാറ്റ മോട്ടോഴ്സ് കമ്പനി മാനേജിങ് ഡയറക്ടര്‍ അരക്കോടി രൂപ നഷ്ടപരിഹാരവും കോടതി ചെലവുകളും നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവിട്ടു. അടൂര്‍ പെരിങ്ങനാട് മുണ്ടപ്പള്ളി വൈകുണ്ഡം വീട്ടില്‍ അനിത കുമാരി കമ്മിഷനില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഉത്തരവ്.

അനിതകുമാരി 2018 ഓഗസ്റ്റ് 16 ന് ടാറ്റ മോട്ടോഴ്സിന്റെ അംഗീകൃത സര്‍വീസ് സെന്റര്‍ കരുനാഗപ്പള്ളിയില്‍ തുടങ്ങിയിരുന്നു. ടാറ്റ മോട്ടോഴ്സിന്റെ അഭ്യര്‍ഥന മാനിച്ചാണ് സെന്റര്‍ തുറന്നത്. കമ്പനിയുടെ കൊച്ചി ഏരിയ മാനേജരാണ് സര്‍വീസ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്. കമ്പനി പറഞ്ഞ രീതിയില്‍, ആവശ്യമുള്ള എല്ലാ ഉപകരണങ്ങളും വാങ്ങിയിരുന്നു. കമ്പനി പറഞ്ഞ് നിബന്ധനകള്‍ എല്ലാം അനുസരിച്ച് തുടങ്ങിയ സര്‍വീസ് സെന്ററിന് യഥാസമയം ബിസിനസ് തുടങ്ങാനുള്ള കത്ത് (സി.ഓ.ബി) നല്‍കിയിരുന്നില്ല. ബാങ്കുകളില്‍ നിന്ന് 20 ലക്ഷം രൂപയുടെ വായ്പ എടുത്താണ് സര്‍വീസ് സെന്റര്‍ തുടങ്ങിയത്.

സി.ഓ.ബി താമസിച്ചത് മൂലം ലോണിന്റെ പലിശ അടക്കം ഒരു പാട് രൂപ അനിതയ്ക്ക് നഷ്ടം വന്നു. നിയമ സാധുതയുള്ള ഒരു കരാറില്‍ കമ്പനി ഒപ്പിടണമെന്ന ആവശ്യം അനിത മുന്നോട്ടു വച്ചപ്പോള്‍ ധൃതിയില്ലല്ലോ പിന്നീടാകാം എന്ന മറുപടിയാണ് കമ്പനിയുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. ഇതിനിടെ ധാരണകള്‍ക്ക് വിരുദ്ധമായി ഒരു 25 ലക്ഷം രൂപ കൂടി ഹര്‍ജിക്കാരി മുടക്കാന്‍ കമ്പനി ആവശ്യപ്പെട്ടു. കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് വേണ്ടിയാണെന്നാണ് പറഞ്ഞത്.

അങ്ങനെയിരിക്കേ 2020 മേയ് 26 ന് ഹര്‍ജി കക്ഷിയുടെ ഓപ്പറേറ്റിങ് കോഡ് കമ്പനി ബ്ലോക്ക് ചെയ്തു. ഈ വിവരം ചൂണ്ടിക്കാട്ടി നിരവധി തവണ ഇ-മെയിലുകള്‍ കമ്പനിക്ക് അയച്ചെങ്കിലും ബ്ലോക്ക് നീക്കുന്നതിന് തയാറായില്ല. അതിനോടകം ഒന്നേകാല്‍ കോടി രൂപ അനിത വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി ചെലവാക്കിയിരുന്നു. ഇതോടെ കമ്പനിയുമായുള്ള ബിസിനസ് നിര്‍ത്തി വയ്ക്കേണ്ടി വന്നു. ബിസിനസ് ബന്ധം അവസാനിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കമ്പനിക്ക് കത്തും നല്‍കി.

എന്നാല്‍, പിന്നീട് കമ്പനി ബന്ധപ്പെടുകയും ബിസിനസ് വീണ്ടും തുടങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങുകയും കൂടുതല്‍ സാങ്കേതിക വൈദഗ്ധ്യം ഉള്ള ജോലിക്കാരെ നിയമിക്കുകയും ചെയ്തു. പക്ഷേ, കമ്പനി സി.ഓ.ബി ലെറ്റര്‍ നല്‍കിയില്ല. ഇതിനെതിരേയാണ് ഉപഭോക്തൃ കമ്മിഷനില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

കമ്മിഷന്‍ ഇരുകൂട്ടര്‍ക്കും നോട്ടീസ് അയച്ചു. കമ്പനിയുടെ ഭാഗത്ത് നിന്നും ആശാസ്യമല്ലാത്ത വ്യാപാര തന്ത്രമാണ് നടപ്പാക്കിയതെന്ന് കമ്മിഷന്‍ കണ്ടെത്തി. ഇത്രയൊക്കെ ചെയ്തിട്ടും ഇരുകൂട്ടരും തമ്മില്‍ ഒരു കരാര്‍ ഉണ്ടാക്കാതിരുന്നത് ആശാസ്യമല്ലാത്ത വ്യാപാര രീതിയാണെന്ന് കമ്മിഷന്‍ വിലയിരുത്തി. സെന്റര്‍ തുടങ്ങിയപ്പോള്‍ ബി 4 വാഹനങ്ങള്‍ സര്‍വീസ് ചെയ്യാനുള്ള ഉപകരണങ്ങളാണ് വാങ്ങിയത്. എന്നാല്‍, പിന്നീട് 25 ലക്ഷം രൂപ കൂടി മുടക്കി ബി 6 ഉപകരണങ്ങള്‍ വാങ്ങണമെന്ന് ടാറ്റ മോട്ടോഴ്സ് ആവശ്യപ്പെട്ടതും നല്ല വിപണന രീതിയല്ല.

നോട്ടീസോ സമയമോ കൊടുക്കാതെ ഓപ്പറേറ്റിങ് കോഡ് ബ്ലോക്ക് ചെയ്തതും മോശം വ്യാപാര രീതിയാണ്. ഹര്‍ജി കക്ഷിക്ക് വലിയ സാമ്പത്തിക നഷ്ടവും സമയനഷ്ടവും മനോവിഷമവും ഉണ്ടായതായി കമ്മിഷന്‍ വിലയിരുത്തി. ഈ സാഹചര്യത്തില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതി ചെലവും ഹര്‍ജി കക്ഷിക്ക് നല്‍കാന്‍ ബേബിച്ചന്‍ വെച്ചൂച്ചിറ പ്രസിഡന്റും നിഷാദ് തങ്കപ്പന്‍ അംഗവുമായ കമ്മിഷന്‍ വിധിക്കുകയായിരുന്നു.

Tags:    

Similar News