പള്‍സര്‍ സുനി അടക്കം ആറുപ്രതികളുടെ ശിക്ഷാവിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും; തെളിഞ്ഞത് 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍; കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍; ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ വിധിന്യായത്തിന്റെ പകര്‍പ്പും നാളെ പുറത്തുവരും

ആറു പ്രതികള്‍ക്കുമുള്ള ശിക്ഷ വിധി നാളെ പ്രഖ്യാപിക്കും

Update: 2025-12-11 17:39 GMT

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കുമുള്ള ശിക്ഷ വിധി നാളെ പ്രഖ്യാപിക്കും. ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍, മണികണ്ഠന്‍, സജീഷ്, സലിം, പ്രദീപ് എന്നിവരാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍. 20 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്.

നടപടിക്രമങ്ങള്‍ രാവിലെ 11ന് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം.വര്‍ഗീസാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുക. ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം (ഐപിസി) പ്രതികള്‍ ചെയ്തതായി കോടതി കണ്ടെത്തിയ കൂട്ടബലാത്സംഗക്കുറ്റം (വകുപ്പ് 376ഡി), ഗൂഢാലോചന കുറ്റം (120ബി) ഉള്‍പ്പെടെ 10 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

രാവിലെ 11ന് ജഡ്ജി കോടതി മുറിയിലെത്തിയാല്‍ ഒന്നു മുതല്‍ ആറു വരെ പ്രതികളായ എന്‍.എസ്.സുനില്‍ കുമാര്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി.മണികണ്ഠന്‍, വി.പി.വിജീഷ്, എച്ച്.സലിം (വടിവാള്‍ സലീം), പ്രദീപ് എന്നിവരോട് പ്രതിക്കൂട്ടില്‍ കയറി നില്‍ക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ഓരോ വകുപ്പുകളായി പ്രതികള്‍ക്കെതിരെയുള്ള കുറ്റവും അതിനുള്ള ശിക്ഷയും വ്യക്തമാക്കും. നടപടിക്രമങ്ങളുടെ ഭാഗമായി പ്രതികള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് കോടതി കേള്‍ക്കും. കുറ്റകൃത്യത്തിന് നല്‍കുന്ന ശിക്ഷയിന്‍മേല്‍ എന്താണ് പറയാനുള്ളതെന്ന് കോടതി കേള്‍ക്കും.

കേസില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ എല്ലാം തന്നെ പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചിട്ടുണ്ട്. ആറ് പ്രതികള്‍ ഈ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ളവരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഹാജരാക്കാനും പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. വിധി ന്യായത്തിന്റെ പകര്‍പ്പും നാളെ പുറത്തുവരും. ഇതോടെ, ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കാനുള്ള കാരണവും വ്യക്തമാകും.


Tags:    

Similar News