'കന്യാസ്ത്രീകള്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു; അതിന്റെ എല്ലാ തെളിവും ഞങ്ങളുടെ കൈയിലുണ്ട്; മതം മാറ്റാന്‍ ശ്രമിച്ചാല്‍ ഇനിയും തല്ലും; സ്റ്റേഷനില്‍ വച്ച് ഞാന്‍ ആരെയും മര്‍ദിച്ചിട്ടില്ല; സ്റ്റേഷനില്‍ ഹലെലൂയ വിളിച്ച് അവരും പ്രതിഷേധിച്ചു'; ഭീഷണിയുമായി ജ്യോതി ശര്‍മ

'കന്യാസ്ത്രീകള്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു

Update: 2025-07-29 06:03 GMT

ന്യൂഡല്‍ഹി: മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധം ഇരമ്പവേ ബജ്‌റംഗദള്‍ നേതാവ് ജ്യോതി ശര്‍മ്മ നിലപാടില്‍ ഉറച്ച് രംഗത്ത്. ഹിന്ദുക്കളെ മതം മാറ്റുന്നവരെ മര്‍ദിക്കുന്നത് തുടരുമെന്ന ഭീഷണിയും അവര്‍ മുഴക്കി. ഛത്തീസ്ഗഡിലെ ബജ്രംഗ് ദള്‍ നേതാവ് ജ്യോതി ശര്‍മ പറഞ്ഞു. താന്‍ എല്ലാവരെയും മര്‍ദിച്ചിട്ടില്ലെന്നും മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചവരെയാണ് ഉപദ്രവിച്ചതെന്നും അവരെ ഇനിയും തല്ലുമെന്നും ജ്യോതി ശര്‍മ വ്യക്തമാക്കി. ആധാര്‍ കാര്‍ഡിലെ പേര്, നെറ്റിയില്‍ സിന്ദൂരം ഇവയൊക്കെ കണ്ടാണ് മതപരിവര്‍ത്തനം നടന്നതായി ഉറപ്പിച്ചതെന്നും അവര്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു.

കന്യാസ്ത്രീകളുടെ അറസ്റ്റിലായിരുന്നു ജ്യോതി ശര്‍മയുടെ പ്രതികരണം. 'ഇവരെ തടയുകയെന്നത് പൊലീസിന്റെ മാത്രമല്ല ഹിന്ദു ധര്‍മ പ്രവര്‍ത്തകരുടെ കൂടെ ഉത്തരവാദിത്വമാണ്. കന്യാസ്ത്രീകള്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. അതിന്റെ എല്ലാ തെളിവും ഞങ്ങളുടെ കൈയിലുണ്ട്. ഹിന്ദുക്കളെ തട്ടിക്കൊണ്ട് പോയി മതം മാറ്റുന്നവരെ ഇനിയും മര്‍ദിക്കും. ഞാനും പ്രവര്‍ത്തകരുമാണ് പരാതി നല്‍കിയത്. സ്റ്റേഷനില്‍വച്ച് ഞാന്‍ ആരെയും മര്‍ദിച്ചിട്ടില്ല. സ്റ്റേഷനില്‍ ഹലെലൂയ വിളിച്ച് അവരും പ്രതിഷേധിച്ചു. ഇത്തരക്കാരെ തടയുന്നത് തുടരും. ഞാന്‍ ഒരു പാര്‍ട്ടിയുടെയും ഭാഗമല്ല'- ജ്യോതി ശര്‍മ പറഞ്ഞു.

ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. തലശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ പ്രീതി മേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ഒരു സംഘം ആളുകളുടെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്. കന്യാസ്ത്രീകള്‍ മനുഷ്യക്കടത്ത് നടത്തുകയാണെന്ന് ആരോപിച്ച് ആളുകള്‍ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു.

ആഗ്രയിലെ ഫാത്തിമ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഇവര്‍ സഹായത്തിനായി മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു. ഇവിടെ പെണ്‍കുട്ടികള്‍ കന്യാസ്ത്രീകളെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഇതിനിടെ ടിടിഇ എത്തി ടിക്കറ്റ് ചോദിച്ചെങ്കിലും പെണ്‍കുട്ടികളുടെ കൈവശം പ്ലാറ്റ്‌ഫോം ടിക്കറ്റില്ലായിരുന്നു.തുടര്‍ന്ന് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് തങ്ങളെ കൂട്ടാന്‍ കന്യാസ്ത്രീകള്‍ എത്തുന്നുണ്ടെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞത്. എന്നാല്‍ ഇത് ടിടിഇ വിശ്വാസത്തിലെടുത്തില്ല. തുടര്‍ന്ന് പ്രാദേശിക പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു.

മനുഷ്യക്കടത്താണ് നടക്കുന്നതെന്നും പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനായി കൊണ്ടുപോവുകയാണെന്നും ആളുകള്‍ ആരോപിക്കുകയായിരുന്നു. ഇതോടെ റെയില്‍വേ സ്റ്റേഷനില്‍ വലിയ പ്രതിഷേധം ഉണ്ടായി. പിന്നാലെ കന്യാസ്ത്രീകളെയും പെണ്‍കുട്ടികളെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.

Tags:    

Similar News