പോലീസിന് വ്യാജ പരാതി നല്‍കുന്നത് 6 മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം; വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയതിനേക്കാള്‍ ആന മണ്ടത്തരം ഗോപാലാകൃഷ്ണന്‍ ചെയ്ത് നവംബര്‍ നാലിന്; ട്വിസ്റ്റായി മാറിയത് അദിലാ അബ്ദുള്ളയുടെ പരാതിയും; മല്ലു ഹിന്ദു ഓഫും മല്ലു മുസ്ലീം ഓഫും കേസാകുമോ? കുടുക്കിയത് ആ ഫോണിലെ 'പ്ലേ സ്റ്റോര്‍'

Update: 2024-11-12 01:50 GMT

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയതില്‍, വ്യവസായ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് നിറയുന്നത് സത്യസന്ധതയുടെ പ്രശ്‌നം. പൊലീസിനു വ്യാജപരാതി നല്‍കുന്നത് 6 മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഗോപാലകൃഷ്ണന്‍ ഹാജരാക്കിയ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതു തെളിവുനശിപ്പിക്കലിന്റെ ഭാഗമായ കുറ്റകൃത്യമാണ്. കേസ് അന്വേഷണം ഈ ദിശയിലേക്ക് പോയാല്‍ ഗോപാലകൃഷ്ണന്‍ കുടുങ്ങും. ഏതെങ്കിലും പേരിലൊരു ഗ്രൂപ്പുണ്ടാക്കുന്നത് ക്രിമിനല്‍ കുറ്റമല്ല. മല്ലു ഹിന്ദു ഓഫ് എന്ന പേരിലുണ്ടാക്കുന്നതിനേയും ആര്‍ക്കും നിയമപരമായി ചോദ്യം ചെയ്യാന്‍ കഴിയില്ല. എന്നാല്‍ അതില്‍ അധിക്ഷേപ പരാമര്‍ശം വന്നാല്‍ അത് കുറ്റകൃത്യമായി മാറും. ഗോപാലകൃഷ്ണന്റെ ഗ്രൂപ്പില്‍ അതുണ്ടായിട്ടില്ല. അതിനാല്‍ വകുപ്പു തല അച്ചടക്ക നടപടിക്ക് അപ്പുറത്തേക്ക് ക്രിമിനല്‍ കുറ്റം ചുമത്താന്‍ കഴിയില്ലെന്നതായിരുന്നു വസ്തുത. വ്യാജപരാതി കൊടുത്തതോടെ വിഷയത്തിന്റെ സ്വഭാവം തന്നെ മാറുകയാണ്.

മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരിലുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് കെ.ഗോപാലകൃഷ്ണന്റെ ഫോണുകള്‍ ഹാക്ക് ചെയ്താണെന്ന് കണ്ടെത്താനായിട്ടില്ലെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. ഫോറന്‍സിക് പരിശോധനയില്‍ ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്‌തെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിവാദമായ ഗ്രൂപ്പുകള്‍ ഡിലീറ്റ് ചെയ്തതിനാല്‍ ഹാക്കിങ് സ്ഥിരീകരിക്കാനാവില്ലെന്ന് മെറ്റ നേരത്തേ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഗോപാലകൃഷ്ണന്റെ ഫോണില്‍ പ്ലേ സ്റ്റോറില്‍നിന്നല്ലാത്ത ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഗൂഗിള്‍ പോലീസിനെ അറിയിച്ചിരുന്നു. ഫോണ്‍ മറ്റിടങ്ങളില്‍നിന്ന് നിയന്ത്രിക്കപ്പെട്ടിട്ടില്ലെന്ന് ഇന്റര്‍നെറ്റ് സേവനദാതാവും മറുപടി നല്‍കിയിട്ടുണ്ട്. ഇതോടെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഫോണ്‍ ഹാക്ക് ചെയ്താണെന്ന ഗോപാലകൃഷ്ണന്റെ വാദം പൊളിഞ്ഞു. അതായത് തീര്‍ത്തും കള്ളപരാതിയാണ് നല്‍കിയതെന്ന് വ്യക്തം.

'മല്ലു ഹിന്ദു ഓഫീസേഴ്സ് ഗ്രൂപ്പ്' ആരംഭിച്ചതിനു പിന്നാലെയായിരുന്നു മല്ലു മുസ്ലിം ഓഫീസേഴ്സ് എന്ന ഗ്രൂപ്പ് തുടങ്ങിയത്. ആദ്യഗ്രൂപ്പില്‍ അംഗങ്ങളായവരില്‍ ചിലര്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും 11 വാട്സാപ്പ് ഗ്രൂപ്പുകള്‍ ആരംഭിച്ചതായി മനസ്സിലാക്കിയെന്നും ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് സന്ദേശമയച്ചത്. തുടര്‍ന്ന് ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയുമുണ്ടായി. ഇതിനുപിന്നാലെയാണ് 'മല്ലു മുസ്ലിം ഓഫീസേഴ്സ്' എന്ന ഗ്രൂപ്പുണ്ടായത്. അബദ്ധം മനസ്സിലാക്കിയശേഷം തന്റെ വാദം സാധൂകരിക്കാനായാണ് രണ്ടാമത്തെ ഗ്രൂപ്പ് തുടങ്ങിയതെന്നാണ് കരുതുന്നത്. ആദ്യഗ്രൂപ്പ് തുടങ്ങിയതിനുപിന്നാലെ ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ട് ഒരു കേന്ദ്ര ഉദ്യോഗസ്ഥന് അയച്ചെന്നും പോലീസിന് വിവരംലഭിച്ചിരുന്നു. സ്വകാര്യനേട്ടത്തിനുവേണ്ടിയായിരുന്നു ഇതെന്ന സംശയവുമുണ്ട്.

ഗോപാലകൃഷ്ണന്റെ ഫോണില്‍ ആരും നുഴഞ്ഞുകയറിയെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഗൂഗിളും മറുപടി നല്‍കിയത്. ഫോണ്‍ ഹാക്ക് ചെയ്ത് വാട്‌സാപ് ഉപയോഗിക്കണമെങ്കില്‍ ഫോണില്‍ ഇതിനുള്ള ആപ് ഡൗണ്‍ലോഡ് ചെയ്യേണ്ടിവരും. അത് ഏതെങ്കിലും ലിങ്കില്‍ ക്ലിക് ചെയ്താല്‍ സംഭവിക്കാം. പക്ഷേ അത്തരത്തില്‍ ഒരു ആപ്പും ഈ ഫോണില്‍ കണ്ടെത്താനായില്ല. ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡ് (ഐപിഡിആര്‍) പരിശോധനയിലും തെളിവൊന്നും കിട്ടിയില്ല. ഒക്ടോബര്‍ 31ന് മല്ലു ഹിന്ദു ഓഫിസേഴ്‌സ് എന്ന പേരില്‍ വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അഡ്മിന്‍ ആയ വാട്‌സാപ് ഗ്രൂപ്പ് പ്രത്യക്ഷപ്പെടുന്നു. ഗ്രൂപ്പിനെക്കുറിച്ച് ഉദ്യോഗസ്ഥരില്‍ പലരും ആശങ്കയറിയിക്കുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ഗ്രൂപ്പ് ഡിലീറ്റ് ചെയ്ത ഗോപാലകൃഷ്ണന്‍, ഫോണ്‍ ആരോ ഹാക്ക് ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ക്കു സന്ദേശമയയ്ക്കുന്നു.

നവംബര്‍ 3ന് ഹാക്ക് ചെയ്തവര്‍ മുസ്ലിം ഉദ്യോഗസ്ഥരുടെ പേരിലും ഗ്രൂപ്പുണ്ടാക്കിയെന്ന് ഗോപാലകൃഷ്ണന്‍. അതിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തുവിടുന്നു. ഇതോടെ അദിലാ അബ്ദുള്ള തന്നെ ആ ഗ്രൂപ്പില്‍ ചേര്‍ത്തത് ചോദ്യം ചെയ്യുന്നു. പരാതിയും സ്‌ക്രീന്‍ ഷോട്ടും ബന്ധപ്പെട്ടവര്‍ക്ക് നല്‍കുന്നു. അതോടെ വിവാദം പുതിയ തലത്തിലെത്തി. അടുത്ത ഗിവസം ഫോണ്‍ ഹാക്ക് ചെയ്തുവെന്നു കാട്ടി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്കു ഗോപാലകൃഷ്ണന്‍ പരാതി നല്‍കുന്നു. ഫോണ്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അതിലുള്ള തന്റെ സ്വകാര്യ ശേഖരം നീക്കേണ്ടതിനാല്‍ ഫോണ്‍ ഒരു ദിവസം കൂടി കയ്യില്‍ വയ്ക്കുകയാണെന്ന് അദ്ദേഹത്തിന്റെ മറുപടി. പ്‌ക്ഷേ ഫോണ്‍ ഫോര്‍മാറ്റ് ചെയ്താണ് നല്‍കിയത്. ഇതോടെ തെളിവെല്ലാം നശിപ്പിക്കപ്പെട്ടു. ഇതിനൊപ്പം പാരാതി കള്ളമെന്നും തെളിഞ്ഞു. നംവബര്‍ നാലിന് പരാതി നല്‍കിയിരുന്നില്ലെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല.

ഗോപാലകൃഷ്ണന്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് അതിലെ മുഴുവന്‍ വിവരങ്ങളും നീക്കിയതിനാല്‍ ഹാക്കിങ് സ്ഥിരീകരിക്കാനാവില്ലെന്ന് പൊലീസിനു ഫൊറന്‍സിക് സംഘത്തിന്റെ റിപ്പോര്‍ട്ട് തെളിവ് നശീകരണത്തിന് തെളിവായി. ഇതോടെ മറ്റ് വിവരങ്ങളും പുറത്തു വന്നു. ഗോപാലകൃഷ്ണന്റെ ഫോണില്‍ ഹാക്കിങ് നടന്നിട്ടില്ലെന്നും വിവാദ ഗ്രൂപ്പ് രൂപീകരിച്ച സമയത്ത് 2 ഫോണുകളും അദ്ദേഹത്തിന്റെ കൈവശം തന്നെയുണ്ടായിരുന്നുവെന്നും കാട്ടി ചീഫ് സെക്രട്ടറിക്ക് ഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടിയത് നിര്‍ണ്ണായകമായി. പിന്നാലെ ഗ്രൂപ്പുണ്ടാക്കിയതില്‍ ഗോപാലകൃഷ്ണന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും ഉചിത നടപടി സ്വീകരിക്കണമന്നുമുള്ള ശുപാര്‍ശയോടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു ചീഫ് സെക്രട്ടറി കൈമാറി. അടുത്ത ദിവസം സസ്‌പെന്‍ഷനും വന്നു. ഇനി ഗോപാലകൃഷ്ണനെ പ്രതിയാക്കി കേസെടുക്കുമോ എന്ന ചോദ്യമാണ് നിര്‍ണ്ണായകം.

Tags:    

Similar News