'ഒരു ബോംബ് വരുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വന്നു പറഞ്ഞു; ലൈംഗിക വൈകൃതമുള്ള എംഎല്‍എയെ രക്ഷിക്കാന്‍ ശ്രമം; കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ഗോപാലകൃഷ്ണന്‍ എന്നയാളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കഥ പ്രചരിച്ചത്'; പിന്നില്‍ പ്രതിപക്ഷ നേതാവെന്ന് കെ.ജെ.ഷൈന്‍

ഒരു ബോംബ് വരുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വന്നു പറഞ്ഞു

Update: 2025-09-19 02:54 GMT

പറവൂര്‍: തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും മറ്റുമായി ഉയര്‍ന്ന ലൈംഗിക അപവാദ പ്രചാരണങ്ങളില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി സിപിഎം നേതാവ് കെ ജെ ഷൈന്‍. ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട ഒരു എംഎല്‍എയെ രക്ഷിക്കാന്‍ യുഡിഎഫ് പലതരത്തില്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്നും ആ ദുര്‍ബലാവസ്ഥ പരിഹരിക്കുന്നതിനും ശ്രദ്ധതിരിക്കാനുമാണ് തനിക്കെതിരെയുള്ള പ്രചാരണങ്ങള്‍ നടന്നതെന്നും അവര്‍ ആരോപിച്ചു. പറവൂരിലെ വീട്ടില്‍ ഭര്‍ത്താവിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കവേയാണ് അവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്.

സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നറിയപ്പെടുന്ന കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യുന്ന ഗോപാലകൃഷ്ണന്‍ എന്നയാളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ കഥ പ്രചരിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അറിയാതെ ഇതൊന്നും നടക്കില്ലെന്ന ബോധ്യം തനിക്കുണ്ടെന്നും കെ.ജെ.ഷൈന്‍ പറഞ്ഞു.

അപവാദ പ്രചാരണം സംബന്ധിച്ച് രണ്ട് മൂന്ന് ദിവസം മുമ്പ് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. 'രണ്ട് മൂന്ന് ദിവസം മുമ്പ് കോണ്‍ഗ്രസിന്റെ ഒരു പ്രാദേശിക നേതാവ് എന്നോട് പറഞ്ഞു, ടീച്ചറേ ഒരു ബോംബ് വരുന്നുണ്ടെന്ന്. ധൈര്യമായിട്ട് ഇരുന്നോളണം, എന്തു കേട്ടാലും വിഷമിക്കരുതെന്നും പറഞ്ഞു.

ടീച്ചറേയും ഒരു എംഎല്‍എയേയും കൂട്ടി ഒരു സാധനം വരുന്നുണ്ടെന്നും അറിയിച്ചു. അതിനു ശേഷമാണ് ഈ പ്രചരണം വരുന്നത്. ആദ്യം തിരിച്ചറിയാന്‍ പറ്റാത്ത ഒരു പോസ്റ്ററാണ് വന്നത്. ഭര്‍ത്താവ് പരാതി കൊടുക്കാന്‍ പറഞ്ഞു, പേരും വിവരങ്ങളും ഒന്നുമില്ലാത്തത് കൊണ്ട് അന്ന് പരാതി നല്‍കിയില്ല' കെ.ജെ.ഷൈന്‍ പറഞ്ഞു. സ്ത്രീവിരുദ്ധമായ മൂല്യബോധവും സ്ത്രീകളെ കുറിച്ച് ലൈംഗികമായി അപവാദം പറഞ്ഞാല്‍ കിട്ടുന്ന ആത്മരതിയും കിട്ടുന്ന കുറച്ച് ആളുകളുണ്ടെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

മകന്റെ ഭാര്യയുടെ പ്രസവത്തെത്തുടര്‍ന്നുള്ള തിരക്കിലായിരുന്നു താന്‍ കുറച്ച് ദിവസമായിട്ട്. ഇതിനിടയിലാണ് തന്റെ ചിത്രംവെച്ചുള്ള പ്രചാരണങ്ങളും വരുന്നതെന്നും അവര്‍ പറഞ്ഞു. താന്‍ നല്‍കിയ പരാതിയില്‍ പോലീസ് വിവരങ്ങള്‍ തേടിയിരുന്നുവെന്നും ഷൈന്‍ പറഞ്ഞു.

'വലതുപക്ഷ രാഷ്ട്രീയത്തില്‍നിന്നാണ് ഈ പ്രചാരണം വന്നതെന്ന് ഉറപ്പാണ്. പരാതി നല്‍കിയിട്ടുണ്ട്. എസ്പി ഓഫീസില്‍നിന്ന് ഇന്നലെ വിളിച്ച് വിവരങ്ങള്‍ എടുത്തിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്. വെറുതെയിരിക്കില്ല. സ്ത്രീകള്‍ ഇനിയും പൊതുരംഗത്തേക്ക് വരണം. എന്തെങ്കിലും കേട്ടാല്‍ വീടിനകത്തേക്ക് തിരിച്ച് ഓടുന്നവരല്ല സ്ത്രീകളെന്ന് മനസ്സിലാക്കി നല്‍കണമെന്നും അവര്‍ പറഞ്ഞു.

അതേസമയം എറണാകുളത്തെ സിപിഎം നേതാക്കള്‍ക്കെതിരായി ഒരു പത്രത്തില്‍ വന്ന വാര്‍ത്തയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ ആരോപണം വിലകുറഞ്ഞതാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞിരുന്നു.

ജില്ലയിലെ സിപിഎമ്മിലെ വിഭാഗീയതയാണ് ഇതിന്റെ പിന്നില്‍. അധികാര രാഷ്ട്രീയത്തോടുള്ള അഭിനിവേശത്തില്‍ മുന്‍പും പാര്‍ട്ടി ഓഫീസില്‍ ക്യാമറ വെച്ച് ജില്ലാ സെക്രട്ടറിയെ കുടുക്കിയവര്‍ വീണ്ടും ഇത് ആവര്‍ത്തിക്കുകയാണ്. ഈ വിഴുപ്പ് കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കേണ്ട. എല്ലാകാലത്തും എല്ലാം ഒളിച്ചു വയ്ക്കാന്‍ കഴിയില്ലെന്ന് സിപിഎം നേതാക്കള്‍ ഓര്‍ത്താല്‍ നന്നെന്നും മുഹമ്മദ് ഷിയാസ് പ്രതികരിച്ചു.

Tags:    

Similar News