കെ ശ്രീധരന്റെ ബദല്‍ അടക്കം പരിഗണിച്ചേക്കും; മെട്രോ മാനെ മുന്നില്‍ നിര്‍ത്തിയാല്‍ പ്രതിഷേധം കുറയ്ക്കാമെന്നും വിലയിരുത്തല്‍; കെ റെയിലിന് തുണയായത് വന്ദേഭാരതിന് മലയാളി നല്‍കിയ സ്വീകരണം; അതിവേഗ തീവണ്ടിയില്‍ കയറാന്‍ കേരളത്തില്‍ ആളുണ്ടെന്ന് റെയില്‍വേ തിരിച്ചറിഞ്ഞു; സില്‍വര്‍ ലൈന്‍ നടക്കുമോ?
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയിലേക്ക് ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കുന്നത് വന്ദേഭാരത് തീവണ്ടിക്ക് മലയാളി നല്‍കിയ സ്വീകരണം. മറ്റു തീവണ്ടികളെക്കാള്‍ നിരക്ക് കൂടുതലാണെങ്കിലും വന്ദേഭാരതിന് കേരളത്തില്‍ ആവശ്യക്കാര്‍ കൂടുതലുള്ളത് അതിവേഗ പൊതുഗതാഗത സംവിധാനത്തിന്റെ അവശ്യകതയ്ക്ക് തെളിവായി. റെയില്‍വേ ബോര്‍ഡ് കണക്കുകളും വന്ദേഭാരതിനുള്ള താല്‍പ്പര്യം വ്യക്തമാക്കി. നിലവിലെ പാതയില്‍ കൂടുതല്‍ തീവണ്ടികള്‍ക്ക് പരിമിതിയുള്ളതും കെ-റെയിലിന് പ്രസക്തി കൂട്ടുന്നുവെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. എന്നാല്‍ കെ റെയിലിനെതിരെ രംഗത്തുള്ളവര്‍ കേന്ദ്ര റെയില്‍ മന്ത്രി അശ്വനി വൈഷ്ണവിനെ കണ്ട് പരാതിയും പറഞ്ഞിട്ടുണ്ട്. ബിജെപി സംസ്ഥാന ഘടകത്തിന്റെ നിലപാടും നിര്‍ണ്ണായകമാകും.
പുതിയ സാഹചര്യത്തില്‍ പദ്ധതി മാറ്റങ്ങളോടെ വീണ്ടും കേന്ദ്രത്തിനു കൈമാറും. സര്‍വ കക്ഷിയോഗം അടക്കം വിളിച്ച് പദ്ധതിയില്‍ വ്യക്തത വരുത്തുന്നത് അടക്കം പരിഗണനയിലുണ്ട്. മെട്രോമാന്‍ ഇ. ശ്രീധരന്റെ ബദല്‍ നിര്‍ദേശവും പരിഗണിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശവും കണക്കിലെടുക്കും. നിര്‍ദിഷ്ട കെറെയില്‍ പാത 1.435 മീറ്റര്‍ വീതിയിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ് നിര്‍മിക്കാനുദ്ദേശിക്കുന്നത്. 1.676 മീറ്റര്‍ വീതിയുള്ള നിലവിലുള്ള ബ്രോഡ്ഗേജ് പാതകളുമായി ബന്ധിപ്പിക്കാന്‍ കഴിയാത്തതു കാരണം ദീര്‍ഘദൂരയാത്രക്കാര്‍ക്ക് തുടര്‍ യാത്രക്ക് പ്രയോജനപ്പെടില്ല. ഈ സാങ്കേതിക പ്രശ്നം അടക്കം പരിഹരിക്കേണ്ടതുണ്ട്. പ്രദേശങ്ങളെ രണ്ടായി വിഭജിക്കപ്പെടാതിരിക്കാനുള്ള കരുതലും എടുക്കും. മെട്രോ മാന്‍ ശ്രീധരനെ മുന്നില്‍ നിര്‍ത്തി എതിര്‍പ്പു കുറയ്ക്കാനും കേരളം ശ്രമിച്ചേക്കും.
കേരളത്തിലെ അര്‍ധാതിവേഗ തീവണ്ടി പദ്ധതിയെക്കുറിച്ച് വിശദമായ അവലോകനം റെയില്‍വേ മന്ത്രാലയം നടത്തിയിട്ടുണ്ട്. സാങ്കേതിക, പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ കെ-റെയിലില്‍ തുടര്‍നടപടിക്ക് സന്നദ്ധമെന്ന കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ പരാമര്‍ശം ഇതിന്റെ തുടര്‍ച്ചയാണ്. അതുകൊണ്ട് തന്നെ അതിവേഗ നടപടികളിലേക്ക് കേരളം കടക്കും. പരാതികള്‍ ഒഴിവാക്കി പദ്ധതിയുമായി മുമ്പോട്ട് പോകും. 2020 ജൂണ്‍ 17-നാണ് സില്‍വര്‍ലൈനിന്റെ വിശദ പദ്ധതിരേഖ സമര്‍പ്പിച്ചത്. ഇതിലെ പല കാര്യത്തിലും റെയില്‍വേ ബോര്‍ഡ് വിശദീകരണം ചോദിച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നതിന്റെ ചുമതലയുള്ള കെ-റെയില്‍ മറുപടിയും നല്‍കി. ഭൂമി ഏറ്റെടുക്കല്‍ പരമാവധി കുറയ്ക്കുന്ന പുതിയ മോഡലും ആലോചിക്കും. ശ്രീധരനെ മുന്നില്‍ നിര്‍ത്തി മുമ്പോട്ടു പോയാല്‍ പ്രതിപക്ഷ എതിര്‍പ്പ് കുറയുമെന്ന വിലയിരുത്തല്‍ സര്‍ക്കാരിനുണ്ട്. കെ റെയിലിലെ പ്രതിഷേധം കുറഞ്ഞാല്‍ മാത്രമേ പദ്ധതി നടക്കൂവെന്ന് കേരളാ സര്‍ക്കാരിനും നന്നായി അറിയാം.
റെയില്‍വേ ഭൂമി കൈമാറുന്നതിലെ ചര്‍ച്ചകളാണ് അടുത്തിടെ നടന്നത്. ഭാവി വികസനപദ്ധതികള്‍ക്ക് ഭൂമി ആവശ്യമുണ്ടെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചിരുന്നു. ഇതിന് റെയില്‍വേ ഉദ്യോഗസ്ഥരുമായി സംയുക്ത പരിശോധന നടത്തി കെ-റെയില്‍ മറുപടിയും നല്‍കി. ഡി.പി.ആറില്‍ കാതലായ മാറ്റം ഇതുവരെ നിര്‍ദേശിച്ചിട്ടില്ല. പക്ഷേ കെ റെയില്‍ വിരുദ്ധ സമരം ശക്തമാണ്. അതുകൊണ്ട് തന്നെ സമ്പൂര്‍ണ്ണ മാങ്ങള്‍ വേണ്ടിവരും. ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ കെ- റെയിലിന്റെ ചെയര്‍മാനും ഡയറക്ടറുമായി നിയമിച്ചത് പദ്ധതി നിലയ്ക്കാതിരിക്കാനുള്ള കരുതലിന്റെ ഭാഗമാണ്. അഡി. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ ഡയറക്ടര്‍ ബോര്‍ഡംഗമാക്കിയിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന രബീന്ദ്രകുമാര്‍ അഗര്‍വാളിന് പകരമായിരുന്നു ആ നിയമനം. സീനിയര്‍ ഉദ്യോഗസ്ഥരെ തലപ്പത്ത് എത്തിച്ചതു തന്നെ കെ-റെയിലുമായി മുമ്പോട്ട് പോകുകയെന്ന ലക്ഷ്യത്തോടെയാണ്.
കെ റെയില്‍ വായ്പകള്‍ക്കു കേന്ദ്രത്തിന്റെ ഗ്യാരന്റി ഉണ്ടാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലമേറ്റെടുക്കലും ജനകീയപ്രതിരോധവുമാണ് കെ-റെയില്‍ നേരിടുന്നു ഏറ്റവും വലിയ വെല്ലുവിളി. വിശദമായ ഭൂസര്‍വെയും പരിസ്ഥിതി ആഘാത പഠനവും നടത്താതെ സ്ഥലം ഏറ്റെടുക്കാന്‍ നടത്തിയ നീക്കങ്ങള്‍ വിവാദമായിരുന്നു. പുതിസ സാഹചര്യത്തില്‍ അലൈന്‍മെന്റില്‍ അടക്കം മാറ്റം വരുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കും. പ്രതിഷേധങ്ങള്‍ കുറച്ച് ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതിയുമായി മുമ്പോട്ട് പോകേണ്ടത് അനിവാര്യതയാണെന്നു പിണറായി സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. ഇതിനിടെയാണ് സാങ്കേതിക പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ കെ-റെയിലില്‍ തുടര്‍ നടപടികള്‍ക്കു സന്നദ്ധമെന്നാണു കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നത്.