നിങ്ങളെയൊക്കെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത് ഓഫീസില്‍ വന്ന് ചോദിക്കുമെന്ന് തന്നെയാണ്; കള്ള വാര്‍ത്തകള്‍ കൊടുത്താല്‍ ആ പത്രത്തിന്റെ ഓഫീസില്‍ നേരെ വന്ന് ചോദിക്കും; അതിനുള്ള അവകാശം ഞങ്ങള്‍ക്കുണ്ടെന്ന് സുരേന്ദ്രന്‍; ക്രമസമാധാന പ്രശ്‌നമായി ബിജെപി അധ്യക്ഷന്റെ ഭീഷണി മാറുന്നു; കൊടകര കേസില്‍ അച്ഛനൊപ്പം മകനേയും ചോദ്യം ചെയ്‌തേയ്ക്കും
കൊച്ചി: മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ എത്തുമ്പോള്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമോ എന്ന ആശങ്കയില്‍ സര്‍ക്കാര്‍. കരുവന്നൂര്‍ കേസിലെ നടപടികളെ ഭയന്നാണ് സുരേന്ദ്രന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നാണ് ബിജെപിയിലെ സുരേന്ദ്രന്‍ വിരുദ്ധ പക്ഷത്തിന്റെ നിലപാട്. മാധ്യമങ്ങളെ പിണക്കുന്നതില്‍ മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ അടക്കം നിരാശയിലാണ്. ബിജെപിയ്ക്കുള്ള മുന്‍തൂക്കം ഇത് നഷ്ടമാക്കുമെന്ന വിലയിരുത്തല്‍ പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷത്തിനുമുണ്ട്.
കൊടകര കേസില്‍ സുരേന്ദ്രന്‍ വലിയ പ്രതിസന്ധിയിലാണ്. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ സുരേന്ദ്രന്റെ മകനെതിരേയും ആരോപണം ഉയര്‍ന്നിരുന്നു. കുഴല്‍പണ കേസില്‍ പരാതി കൊടുത്ത ധര്‍മ്മരാജന്റെ ഫോണ്‍ കോള്‍ ലിസ്റ്റില്‍ സുരേന്ദ്രന്റെ മകന്റെ നമ്പരുമുണ്ടായിരുന്നു. പിന്നീട് മകനെ രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയില്‍ ജോലിക്ക് കയറ്റുകയും ചെയ്തു. സുരേന്ദ്രനേയും സുരേന്ദ്രന്റെ മകനേയും ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് താമസിയാതെ പോലീസ് കടക്കും. ഇതിന്റെ പ്രതിസന്ധിയാണ് സുരേന്ദ്രനെ പ്രകോപിതനാക്കുന്നതെന്ന വാദവും ശക്തമാണ്.
ബിജെപിക്കെതിരെ വാര്‍ത്ത നല്‍കിയാല്‍ മാധ്യമങ്ങളുടെ ഓഫീസില്‍ എത്തി ചോദിക്കുമെന്നാണ് സുരേന്ദ്രന്റെ ഭീഷണി. ബിജെപിക്കെതിരെ വാര്‍ത്ത നല്‍കുകയാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാന നേതൃയോഗം നടന്നപ്പോള്‍ നിങ്ങളുടെ ഒക്കെ ഫോണിലേക്ക് ഒരു മെസേജ് വന്നത് അറിയാം. അത് ആരാണ് അയച്ചതെന്നും അറിയാം. നിങ്ങള്‍ക്കൊന്നും ഒരു നാണവുമില്ലേ? ആരെങ്കിലും എഴുതി അയക്കുന്ന സാധനം ചാനലുകളിലും പത്രതാളുകളിലും അടിച്ചുവിടുകയാണോ? എത്തിക്‌സിന്റെ ഒരു അംശം പോലുമില്ല. നിങ്ങളെ കാണുന്നത് തന്നെ കേരള സമൂഹത്തിന് അലര്‍ജിയാണെന്ന് സുരേന്ദ്രന്‍ പറയുന്നു. കേരളത്തിലെ ഒരു നേതാവും നടത്താത്ത തരത്തിലെ പരാമര്‍ശമാണ് സുരേന്ദ്രന്‍ ഉയര്‍ത്തുന്നത്.
നിങ്ങളെയൊക്കെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത് ഓഫീസില്‍ വന്ന് ചോദിക്കുമെന്ന് തന്നെയാണ്. കള്ള വാര്‍ത്തകള്‍ കൊടുത്താല്‍ ആ പത്രത്തിന്റെ ഓഫീസില്‍ നേരെ വന്ന് ചോദിക്കും. അതിനുള്ള അവകാശം ഞങ്ങള്‍ക്കുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. അങ്ങനെ ഏതെങ്കിലും മാധ്യമ സ്ഥാപനങ്ങളില്‍ ബിജെപിക്കാര്‍ എത്തി അക്രമം കാണിക്കുമോ എന്ന സംശയം പോലീസിനുമുണ്ട്. അതുകൊണ്ട് തന്നെ ശക്തമായ ഇന്റലിജന്‍സ് ഇക്കാര്യത്തിലുണ്ടാകും. ചില ഓണ്‍ ലൈന്‍ സ്ഥാപനങ്ങളെ ആക്രമിക്കാന്‍ സുരേന്ദ്രന്‍ പദ്ധതിയിയുന്നുണ്ടെന്ന വിലയിരുത്തല്‍ ബിജെപിക്കുള്ളിലും സജീവമാണ്. അത്തരം സംഭവങ്ങളുണ്ടായാല്‍ അത് ബിജെപിയുടെ പ്രതിച്ഛായയെ തകര്‍ക്കും.
നിലവില്‍ ആര്‍ എസ് എസ് ഈ വിഷയങ്ങളിലൊന്നും ഇടപെടില്ല. സുരേന്ദ്രന്‍ വിഷയത്തില്‍ നിശബ്ദത തുടരും. ബിജെപിയില്‍ സംഘടനാ ജനറല്‍ സെക്രട്ടറിയായി ആര്‍ എസ് എസ് പ്രചാരകന്‍ ഇല്ലാത്തു കൊണ്ടു തന്നെ ഈ വിവാദങ്ങളൊന്നും ഏറ്റു പിടിക്കേണ്ടതില്ലെന്നാണ് ആര്‍ എസ് എസ് നിലപാട്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ തനിക്കുണ്ടെന്ന സന്ദേശം നല്‍കാനാണ് സുരേന്ദ്രന്‍ ഇതെല്ലാം ചെയ്യുന്നതെന്നാണ് സൂചന. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ അടക്കം സുരേന്ദ്രനില്‍ നിന്നും അകലം പാലിക്കാന്‍ തുടങ്ങിയതായും സൂചനയുണ്ട്. പൊതു വിഷയങ്ങള്‍ മാധ്യമങ്ങളിലൂടെ ചര്‍ച്ചയാക്കേണ്ട സുരേന്ദ്രന്‍ മാധ്യമങ്ങളെ ചീത്ത വിളിച്ച് ആഹ്ലാദിക്കുന്നത് എന്തിനെന്ന് മനസ്സിലാക്കുന്നില്ലെന്നാണ് പ്രമുഖ ബിജെപി നേതാക്കള്‍ പറയുന്നത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ അപകീര്‍ത്തിപ്പെടുത്തിയ ഒരു മാദ്ധ്യമ പ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ഇതിനുമുന്‍പ് കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. നൂറുകണക്കിന് ബലിദാനികള്‍ ജീവന്‍ നല്‍കി പടുത്തുയര്‍ത്തിയ മഹാപ്രസ്ഥാനത്തെ പാലക്കാട് തിരഞ്ഞെടുപ്പിന്റെ മറവില്‍ കരിവാരിത്തേയ്ക്കാന്‍ മൂന്നുനാലു ദിവസങ്ങളായി ചില മാദ്ധ്യമങ്ങള്‍ നടത്തുന്ന ശ്രമം വിലപ്പോവില്ല. നെറികേട് കാട്ടിയ ഒരുത്തനെയും വെറുതേവിടില്ല. കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ ഏതു കൊമ്പത്തിരിക്കുന്ന ആളാണെങ്കിലും കൈകാര്യം ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.അന്തരിച്ച കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷം മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അന്ന് സുരേന്ദ്രന്‍. പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരുടെ പരസ്യ പ്രസ്താവനയെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു മറുപടി.