'രാഗയ്ക്ക് സമര്‍പ്പയാമി'; ബിഹാര്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കെ സുരേന്ദ്രന്റെ പോസ്റ്റില്‍ കണ്ട ആഹ്‌ളാദ പ്രകടനം; തകിലു പുകിലു പാട്ടിന്..നൃത്തം വയ്ക്കുന്ന ഗോപാല്‍ ജി; ഗോപാല്‍ജിയെ 'പാന്‍ ഇന്ത്യ'നാക്കിയ രാഹുല്‍ ഗാന്ധിയെ അതേനാണയത്തില്‍ തിരിച്ചു ട്രോളി ബിജെപി; സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി ഗോപാലകൃഷ്ണന്‍

Update: 2025-11-14 09:41 GMT

തിരുവനന്തപുരം: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഹുൽ ഗാന്ധി ഉയർത്തിയ സർക്കാർ വോട്ടു ചോർച്ച ആരോപണത്തെയാണ് സുരേന്ദ്രൻ ലക്ഷ്യമിടുന്നത്. ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്റെ നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സുരേന്ദ്രൻ രാഹുൽ ഗാന്ധിയെ ട്രോളിയത്.

"ശ്രീ. ബി. ഗോപാലകൃഷ്ണന്റെ അനുമതിയോടെ രാഗയ്ക്കു സമർപ്പയാമി...", എന്ന അടിക്കുറിപ്പോടെയാണ് കെ. സുരേന്ദ്രൻ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച ട്രോളുകളിൽ ഒന്നാണിതെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പലരും അഭിപ്രായപ്പെടുന്നത്.

കെ. സുരേന്ദ്രന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. "ഇന്ന് സോഷ്യൽ മീഡിയ ഗോപാലകൃഷ്ണേട്ടൻ ഭരിക്കും", "രാഷ്ട്രീയ വിയോജിപ്പോടുകൂടി ഡാൻസിന് ലൈക്ക്", "ഇത്ര എനർജി ഉള്ള കേരളത്തിലെ അപൂർവം ബി.ജെ.പി നേതാവ്", " എന്നിങ്ങനെ പോകുന്നു പല കമന്റുകളും.

രാഹുൽ ഗാന്ധി ബിഹാർ തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പരാമർശങ്ങളെയാണ് സുരേന്ദ്രൻ ഇവിടെ പരിഹസിക്കുന്നതായി വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് കച്ചവടങ്ങൾ നടക്കുന്നുണ്ടെന്നും, സർക്കാർ വോട്ടു ചോർത്താൻ ശ്രമിക്കുന്നുവെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ അന്നത്തെ ആരോപണം. ഈ പശ്ചാത്തലത്തിലാണ്, ബിഹാർ വിജയത്തിന്റെ സന്തോഷത്തിൽ ബി. ഗോപാലകൃഷ്ണൻ നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ച് സുരേന്ദ്രൻ രാഹുൽ ഗാന്ധിയെ വിമർശിച്ചത്.

അന്ന് രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി വെളിപ്പെടുത്തലിൽ തന്നെ പരാമർശിച്ചതിൽ 'നോ കമെന്റ്സ്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഹുൽ ഗാന്ധിയോട് സഹതാപം മാത്രമാണ് തോന്നുന്നത്. ബിഗ് സ്ക്രീനിലോ ഏത് സ്ക്രീനിലോ വേണമെങ്കിലും കാണിക്കട്ടെയെന്നും അന്ന് ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.


Full View


ഹരിയാനയിൽ നടന്ന വോട്ടുകൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ രാഹുൽ ഗാന്ധി പുറത്തുവിടുന്നതിനിടെയാണ് ഗോപാലകൃഷ്ണൻ്റെ വീഡിയോ രാഹുൽ പ്രദർശിപ്പിച്ചത്. ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ കശ്മീരിൽ നിന്ന് വരെ ആളെ കൊണ്ടുവന്ന്‌ താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന് ബി. ഗോപാലകൃഷ്ണൻ പറയുന്ന വീഡിയോ ആയിരുന്നു അത്.

Tags:    

Similar News