'മറ്റുള്ളവരെ മുന്നില്‍ തള്ളിയിട്ടു ഞാന്‍ ജീവനും കൊണ്ടു രക്ഷപ്പെട്ടുപോരില്ല; ഞാന്‍ രക്ഷപ്പെട്ടുവന്ന്, മറ്റുള്ളവര്‍ക്കു ജീവന്‍ നഷ്ടമായിട്ടെന്തു ഫലം?': ധീരനായ മകന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഓര്‍മ്മയില്‍ ജീവിക്കുന്ന അച്ഛന്‍ പറയുന്നു തഹാവൂര്‍ റാണയുടെ മടക്കം ഇന്ത്യന്‍ ജനതയുടെ പകവീട്ടല്‍; സന്ദീപ് ഇരയല്ല, നിര്‍വ്വഹിച്ചത് സ്വന്തം കടമയെന്നും കെ ഉണ്ണികൃഷ്ണന്‍
തഹാവൂര്‍ റാണയുടെ മടക്കം ഇന്ത്യന്‍ ജനതയുടെ പകവീട്ടല്‍
മുംബൈ: 'സ്വന്തം ജീവന്‍ നോക്കാതെ മറ്റുള്ളവരുടെ ജീവന്‍ അവന്‍ രക്ഷിച്ചു, ഏഴു ജന്മമുണ്ടോ? അറിയില്ല. ഉണ്ടെങ്കില്‍ ഏഴിലും അവന്‍ ഞങ്ങളുടെ മകനായി പിറക്കട്ടെ'- സന്ദീപ് ഉണ്ണികൃഷ്ണനെ കുറിച്ച് ഒരിക്കല്‍ അമ്മ ധനലക്ഷ്മി പറഞ്ഞു. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ തഹാവൂര്‍ ഹുസൈന്‍ റാണയെ ഇന്ത്യയില്‍ എത്തിക്കുമ്പോള്‍ സന്ദീപിനെ ഓര്‍ക്കാതെ വയ്യ. താജ് മഹല്‍ ഹോട്ടല്‍ ആക്രമിച്ച ഭീകരരെ തുരത്താന്‍ നിയോഗിക്കപ്പെട്ട 10 അംഗ കമാന്‍ഡോ ടീമിനെ നയിച്ചത് സന്ദീപ് ഉണ്ണികൃഷ്ണനായിരുന്നു. ദേശീയ സുരക്ഷാ സേന 51 എന്‍എസ്ജി വിങ്ങിന്റെ നായകനായിരുന്ന മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍.
ഹോട്ടലില്‍ ഒളിച്ചിരുന്ന ഭീകരരില്‍ നിന്ന് കനത്ത വെടിവയ്പ്പാണ് നേരിടേണ്ടി വന്നത്. പരിക്കേറ്റ സഹപ്രവര്‍ത്തകരെ ഒഴിപ്പിച്ച സന്ദീപ് ഭീകരരെ ഒറ്റയ്ക്ക് നേരിടുകയായിരുന്നു. ഹോട്ടലിന്റെ വടക്കന്‍ ഭാഗത്തേക്ക് തുരത്തിയ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ സന്ദീപ് വീരമൃത്യു വരിക്കയായിരുന്നു. ' ആരും ഇങ്ങോട്ട് വരരുത്, അവരെ ഞാന്‍ കൈകാര്യം ചെയ്യാം'-അതായിരുന്നു സന്ദീപിന്റെ അവസാന വാക്കുകളെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു.
ഒരിക്കല്‍ അമ്മ ധനലക്ഷ്മിയോടു സന്ദീപ് പറഞ്ഞു: ''മമ്മീ, ഏതെങ്കിലുമൊരു സാഹചര്യം വന്നാല്‍ ഒരിക്കലും മറ്റുള്ളവരെ മുന്നില്‍ തള്ളിയിട്ടു ഞാന്‍ ജീവനും കൊണ്ടു രക്ഷപ്പെട്ടുപോരില്ല. മറ്റുള്ളവരെ രക്ഷിക്കാനേ നോക്കൂ. കഴിയുന്നത്ര പേരെ രക്ഷിക്കും. ഞാന്‍ മരിച്ചാലും മറ്റുള്ളവര്‍ മരിച്ചാലും എനിക്ക് ഒരു പോലെയാണ്. ഞാന്‍ രക്ഷപ്പെട്ടുവന്ന്, മറ്റുള്ളവര്‍ക്കു ജീവന്‍ നഷ്ടമായിട്ടെന്തു ഫലം?''
പൊതുജനങ്ങളുടെ പകവീട്ടല്‍
തഹാവൂര്‍ റാണയെ ഇന്ത്യയില്‍ എത്തിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയം മാത്രമല്ല, പൊതുജനങ്ങളുടെ പ്രതികാരമാണ് എന്നാണ് സന്ദീപിന്റെ അച്ഛന്‍ കെ ഉണ്ണികൃഷ്ണന്‍ എന്‍ഡി ടിവിയോട് പറഞ്ഞത്. റാണയെ ഇന്ത്യയില്‍ എത്തിച്ചത് കൊണ്ട് കാര്യങ്ങള്‍ തീര്‍ന്നില്ല, 2008 ലെ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ കൂടി ഇന്ത്യയിലേക്ക് കൊണ്ടുവരണം, അദ്ദേഹം പറഞ്ഞു.
സമാധാനകാലത്തെ ഏറ്റവും വലിയ സൈനിക ബഹുമതിയായ അശോകചക്ര സമ്മാനിച്ച് സന്ദീപിനെ ആദരിച്ചിരുന്നു. മുന്‍രാഷ്ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്ന് അത് ഏറ്റുവാങ്ങിയത് അമ്മ ധനലക്ഷ്മിയായിരുന്നു. 16 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, തന്റെ ധീരനായ മകനെ കുറിച്ച് അച്ഛന്‍ കെ ഉണ്ണികൃഷ്ണന്‍ പറയുന്നത് ഇങ്ങനെ:' 26/11 ഭീകരാക്രമണത്തിന്റെ ഇരയല്ല സന്ദീപ്. മരണത്തെ മുഖാമുഖം കാണുമ്പോഴും തന്റെ കര്‍ത്തവ്യം ധീരമായി നിര്‍വ്വഹിച്ച സുരക്ഷാ സൈനികനായിരുന്നു അവന്‍. താന്‍ തിരിച്ചുവരില്ലെന്ന് അവന് ഉറപ്പായിരുന്നു. മുംബൈയില്‍ അല്ലെങ്കില്‍ മറ്റൊരിടത്ത് അവന്‍ രാജ്യത്തിനായി ജീവന്‍ വെടിയുമായിരുന്നു. ഇത്തരത്തിലുള്ള ഭീകരാക്രമണങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കുക എന്നതാണ് വേണ്ടത്. മുന്‍കരുതലെടുത്താല്‍, ഇത്തരക്കാര്‍ വരുത്തി വയ്ക്കുന്ന നാശനഷ്ടങ്ങളുടെ തോത് കുറയ്ക്കാനാകും', സന്ദീപിന്റെ അച്ഛന്‍ പറഞ്ഞു.
സെവന്‍ ബിഹാര്‍ റജിമെന്റില്‍ നിന്നാണു സന്ദീപ് ഡപ്യൂട്ടേഷനില്‍ ദേശീയ സുരക്ഷാ സേനയിലേക്കു (എന്‍എസ്ജി) മാറിയത്. എന്‍എസ്ജി 51 വിങ്ങിലായിരുന്നു സന്ദീപ്. മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍ മെമ്മോറിയല്‍ ട്രസ്റ്റ് എന്ന പേരില്‍ ഒരു ട്രസ്റ്റ് ധനലക്ഷ്മിയും ഐഎസ്ആര്‍ഒയിലെ റിട്ട. ഉദ്യോഗസ്ഥനായ കെ. ഉണ്ണിക്കൃഷ്ണനും ചേര്‍ന്ന് സ്ഥാപിച്ചു. ബെംഗളൂരുവിലെ വീടുതന്നെയാണ് ട്രസ്റ്റ് ആസ്ഥാനം. സന്ദീപിന്റെ ഛായാചിത്രവും സ്‌കൂള്‍തലം മുതല്‍ ലഭിച്ച മെഡലുകളും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ചിത്രങ്ങളുമെല്ലാം ഉള്‍പ്പെടുത്തി ഒരു ഗാലറിയും തയാറാക്കിയിട്ടുണ്ട്.
ഇതോടെ എല്ലാം അവസാനിക്കുന്നില്ല
തഹാവൂര്‍ ഹുസൈന്‍ റാണ ഇന്ത്യയുടെ കസ്റ്റഡിയില്‍ ആയെങ്കിലും ആക്രമണത്തില്‍ കൊല്ലപ്പെട്ട 166 പേരുടെ കുടുംബങ്ങള്‍ക്ക് ഇതൊരു അവസാനമല്ലെന്ന് കെ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ' ഇതോടെ എല്ലാം അവസാനിക്കുന്നില്ല. നമുക്ക് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ കൂടി കയ്യില്‍ കിട്ടണം. അവരെല്ലാം പണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളാണ്. നമ്മുടെ അയല്‍പ്പക്കത്തുള്ള ചില ഏജന്‍സികള്‍ക്ക് വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിച്ചത്. അതിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങളെ നമ്മള്‍ ഇതുവരെ തൊട്ടിട്ടില്ല. എന്നിരുന്നാലും ഇത് വലിയൊരു നേട്ടമാണ്, വൈകിയെങ്കിലും. എല്ലാവരും ശിക്ഷിക്കപ്പെടുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു', അദ്ദേഹം പറഞ്ഞു.
റാണയ്ക്ക് എല്ലാ വിവരവും അറിയാം. എന്‍ഐഎയുടെ പക്കല്‍ എല്ലാ വിവരവുമുണ്ട്. അവര്‍ റാണയ്ക്കായി കാത്തിരിക്കുകയായിരുന്നു. എന്താണ് സംഭവിക്കുക എന്ന് കാത്തിരുന്നു കാണാം' - സന്ദീപ് ഉണ്ണികൃഷ്ണന്റെ അച്ഛന്‍ പറഞ്ഞു.
' സന്ദുമോന്‍ നല്‍കിയ പ്രചോദനങ്ങള്‍ ഏറെയാണ്. അവന്‍ നല്‍കിയ വിശ്വാസങ്ങളും കരുത്തും ഞങ്ങളെ മുന്നോട്ടു നയിക്കുന്നു. അവന്‍ ആഗ്രഹിച്ച വിധത്തിലാണു ഞങ്ങളിന്നു ജീവിക്കുന്നത്. അത് അവനെ സന്തോഷിപ്പിക്കുന്നുണ്ടാകാം'-അമ്മ ധനലക്ഷ്മിയുടെ മുന്‍ വാക്കുകളാണ് ഇപ്പോള്‍ അന്തരീക്ഷത്തില്‍ നിറയുന്നത്.