കനത്ത മഴയൊരുക്കിയ 'ചതിയില്‍' കാഴ്ച പരിധി കുറഞ്ഞു; അമിത വേഗതയ്ക്ക് അപ്പുറം മുന്‍ വശത്തുള്ളത് ദൂരെ നിന്ന് കാണാനാകാത്തത് പ്രതിസന്ധിയായി; ബസിനെ അടുത്തു കണ്ടതും ബ്രേക്കിട്ടെങ്കിലും ഫലമുണ്ടായില്ല; മുമ്പിലെ ദുരന്തം തിരിച്ചറിഞ്ഞ് കെ എസ് ആര്‍ ടി സി ഡ്രൈവര്‍ ഇടതു വശത്തേക്ക് നിര്‍ത്തി കരുതല്‍ എടുത്തിട്ടും കാര്‍ ബസിലേക്ക് ഇടിച്ചു കയറി; കളര്‍കോട്ടെ അപകടം മഴയൊരുക്കിയ കെണി
അമ്പലപ്പുഴ : കളര്‍കോട് അപകടമുണ്ടാക്കിയത് കനത്ത മഴയിലെ കാഴ്ച കുറവ്. കനത്ത മഴ കാരണം കാറിലെ ഡ്രൈവര്‍ക്ക് എതിര്‍വശത്ത് വരുന്ന വാഹനങ്ങളെ കാണാന്‍ കഴിഞ്ഞില്ല. ഇതാണ് അപകടമുണ്ടാക്കിയതെന്നാണ് സൂചന. കെ എസ് ആര്‍ ടി സി ബസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. എതിര്‍ദിശയിലെത്തിയ കാര്‍ ബസ്സിലിടിക്കുകയായിരുന്നെന്നാണ് കെ.എസ്.ആര്‍.ടി.സി. അധികൃതരുടെ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടും. കാര്‍ ബ്രേക്ക് ചെയ്തപ്പോള്‍ തെന്നി ബസിനുനേരേ വന്നു. ഇതുകണ്ട് ഡ്രൈവര്‍ ഇടതുവശം ചേര്‍ത്ത് നിര്‍ത്തിയെങ്കിലും ബസിന്റെ മുന്‍വശത്ത് കാര്‍ ഇടിച്ചുകയറുകയായിരുന്നു. കാറോടിച്ചയാളുടെ ശ്രദ്ധക്കുറവുമൂലമാണ് അപകടമുണ്ടായതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ ശ്രദ്ധക്കുറവിന് കാരണം മഴയാണെന്നാണ് നിഗമനം.
ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശ്ശേരിമുക്കിനു സമീപം കെ.എസ്.ആര്‍.ടി.സി. ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ച് എം.ബി.ബി.എസ്. വിദ്യാര്‍ഥികളാണ് മരിച്ചത്. ആറുപേര്‍ക്കു പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്.
പുതുക്കുറിച്ചി മരിയനാട് ഷൈന്‍ ലാന്‍ഡില്‍ ഡെന്റ്‌സണ്‍ പോസ്റ്റിന്റെ മകന്‍ ഷൈന്‍ ഡെന്റ്‌സണ്‍ (19), എടത്വാ സ്വദേശി കൊച്ചുമോന്‍ ജോര്‍ജിന്റെ മകന്‍ ആല്‍വിന്‍ ജോര്‍ജ് (19), ചേര്‍ത്തല മണപ്പുറം മണപ്പുറത്ത് വീട്ടില്‍ എം.കെ. ഉത്തമന്റെ മകന്‍ കൃഷ്ണദേവ് (19), എറണാകുളം കണ്ണന്‍കുളങ്ങര പാണ്ടിപ്പറമ്പ് ലക്ഷ്മിഭവനത്തില്‍ ആര്‍. ഹരിദാസിന്റെ മകന്‍ ഗൗരീശങ്കര്‍ (19), കൊല്ലം ചവറ പന്മന വെളുത്തേടത്ത് മക്കത്തില്‍ മുഹമ്മദ് കുഞ്ഞിന്റെ മകന്‍ മുഹസ്സിന്‍ മുഹമ്മദ് (19), കൊല്ലം പോരുവഴി മുത്തുപിളക്കാട് കാര്‍ത്തിക വീട്ടില്‍ കെ.എസ്. മനുവിന്റെ മകന്‍ ആനന്ദ് മനു (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഗൗരീശങ്കറിന്റെ നില ഗുരുതരമാണ്. കനത്ത മഴയില്‍ കാഴ്ച അവ്യക്തമായതും റോഡില്‍ വാഹനം തെന്നിയതുമാകാം അപകടത്തിനു കാരണമെന്നു കരുതുന്നതായി ആര്‍ടിഒ എ.കെ.ദിലു പറയുന്നു.
കാലാവസ്ഥ മൂലം കാഴ്ചപരിധി കുറഞ്ഞിട്ടുണ്ടാകാം. കാര്‍ അമിത വേഗത്തിലായിരുന്നില്ല എന്നാണ് നിഗമനമെന്നും ആര്‍ടിഓ പറഞ്ഞു. തിങ്കളാഴ്ച രാത്രി ഒന്‍പതിന് കനത്ത മഴയുള്ളപ്പോഴാണ് അപകടം. മെഡിക്കല്‍ കോളേജിലെ 11 വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. വൈറ്റിലയില്‍നിന്നു കായംകുളത്തേക്കു പോയ ബസ്സിലേക്ക് കാര്‍ നിയന്ത്രണംതെറ്റി ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പൂര്‍ണമായി തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ഥികളെ പുറത്തെടുത്തത്. ഇവരില്‍ മൂന്നുപേര്‍ മരിച്ചനിലയിലായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് രണ്ടുപേര്‍ മരിച്ചത്. ബസ്സിന്റെ മുന്‍സീറ്റിലിരുന്ന യാത്രക്കാരിക്കു പരിക്കേറ്റിട്ടുണ്ട്.
കനത്ത മഴയ്ക്കിടെ ഇന്നലെ രാത്രി 9.20ന് ആയിരുന്നു അപകടം. ഗുരുവായൂരില്‍നിന്നു കായംകുളത്തേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ആലപ്പുഴ ഭാഗത്തേക്കു പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. 3 പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കാര്‍ വെട്ടിപ്പൊളിച്ചാണു വിദ്യാര്‍ഥികളെ പുറത്തെടുത്തത്. വണ്ടാനത്തെ ഗവ.മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ താമസിക്കുന്നവരാണ് വിദ്യാര്‍ഥികള്‍. ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍ ആശുപത്രിയിലെത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കാന്‍ നിര്‍ദേശം നല്‍കി. അര മണിക്കൂറോളം സമയമെടുത്ത് കാര്‍ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ ആശുപത്രിയിലേക്ക് എത്തിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ചില്ല് പൊട്ടിയാണ് ബസ് യാത്രക്കാരിക്ക് പരിക്കേറ്റത്.