കലൂര്‍ സ്റ്റേഡിയം ടര്‍ഫ് ലോക നിലവാരത്തിലേക്ക്; ചുരുങ്ങിയ സമയത്തിനുള്ളില്‍ ഫിഫ നിലവാരത്തിലെ നിര്‍മാണം; കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കൊച്ചിയിലേക്ക് എത്തട്ടെ, നമ്മുടെ നാടിനെ ലോകമറിയട്ടെ; വിശദീകരണ പോസ്റ്റുമായി ജിസിഡിഎ

കലൂര്‍ സ്റ്റേഡിയം ടര്‍ഫ് ലോക നിലവാരത്തിലേക്ക്

Update: 2025-10-29 11:01 GMT

കൊച്ചി: മെസ്സിയും സംഘവും നവംബറില്‍ കേരളത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ചുവെങ്കിലും ലോകോത്തര നിലവാരത്തിലെ ടര്‍ഫ് നിര്‍മാണവുമായി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയ മുന്നോട്ടു പോകുകയാണെന്ന് വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ). നവംബര്‍ 17ന് അര്‍ജന്റീനയുടെ മത്സരം നടക്കുമെന്ന നിശ്ചയപ്രകാരം സെപ്റ്റംബര്‍ 24ന് കലൂര്‍ സ്റ്റേഡിയത്തിലെ ടര്‍ഫ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും, കഴിഞ്ഞ 34 ദിവസംകൊണ്ട് മികച്ച കളിമുറ്റം തയ്യാറാക്കിയതായും സ്റ്റേഡിയം ഉടമകളായ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.

രാവിലെയും വൈകീട്ടും 27 തൊഴിലാളികള്‍ ഓവര്‍ടൈം ജോലിയെടുത്താണ് സ്റ്റേഡിയത്തിലെ ടര്‍ഫിന്റെ നിര്‍മാണം പുരോഗമിക്കുന്നതെന്നും ചെയര്‍മാന്‍ ചന്ദ്രന്‍പിള്ളയെ ടാഗ് ചെയ്തുള്ള കുറിപ്പില്‍ വിശദീകരിച്ചു. സ്റ്റേഡിയം ടര്‍ഫിന്റെ പുതിയ ചിത്രങ്ങളും പങ്കുവെച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം സൗഹൃദമത്സരം കളിക്കാനായി നവംബര്‍ മാസത്തില്‍ കേരളത്തിലേക്ക് വരുന്നു എന്ന പ്രഖ്യാപനം വന്നതിനു ശേഷം 'സമയ'മാണ് പ്രധാന വില്ലനായി പ്രതിരോധം തീര്‍ത്തത്. കേരളത്തില്‍ ഫിഫ നിലവാരത്തിലുള്ള അന്താരാഷ്ട്ര മത്സരം കളിക്കുന്നതിന് പര്യാപ്തമായ സ്റ്റേഡിയവും സൗകര്യങ്ങളും കൊച്ചിയിലാണെന്ന് വിലയിരുത്തിയ ശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ ധാരാളം ജോലികള്‍ നിര്‍വഹിച്ചു കൊണ്ട് സ്റ്റേഡിയത്തിന് ഫിഫ സര്‍ട്ടിഫിക്കേഷന്‍ നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കവാടം ഒരുക്കല്‍, പാര്‍ക്കിംഗ് ഏരിയ സജ്ജീകരണം, ബൗണ്ടറി വാള്‍ നിര്‍മാണം, സീറ്റിങ്, സ്ട്രക്ചറല്‍ റിപ്പയര്‍ തുടങ്ങി ടര്‍ഫ് അന്താരാഷ്ട്ര നിലവാരത്തിലാക്കുന്നത് വരെയുള്ള പ്രവൃത്തികള്‍ ഉള്‍പ്പെടുന്നു.

നവംബര്‍ 17 ന് മത്സരം നടക്കും എന്ന വിലയിരുത്തലോടെ സെപ്റ്റംബര്‍ 24 നാണ് ടര്‍ഫ് ലോകനിലവാരത്തിലാക്കുന്നതിനുള്ള ജോലികള്‍ ആരംഭിച്ചത്. നവംബര്‍ 10 ന് ടര്‍ഫ് ഫിഫ സ്റ്റാന്‍ഡേര്‍ഡിലേക്ക് സജ്ജമാക്കുന്നതിനായി 45 ദിവസങ്ങളാണ് മുന്നിലുണ്ടായിരുന്നത്. ഇന്ന് 34 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ടര്‍ഫിന്റെ മാറ്റം പ്രകടമാണ്. 27 തൊഴിലാളികള്‍ രാവിലെയും വൈകീട്ടും ഓവര്‍ ടൈം ജോലി ചെയ്തത് കൊണ്ടാണ് ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് ഗുണനിലവാരത്തോടെ ടര്‍ഫിന്റെ മാറ്റം സാധ്യമായത്. 10 ദിവസം കൂടി കഴിഞ്ഞാല്‍ ടര്‍ഫ് അന്താരാഷ്ട്ര നിലവാരത്തില്‍ പൂര്‍ണ്ണ സജ്ജമാകും.

ടര്‍ഫ് മെയിന്റനന്‍സ് വളരെ ചിലവേറിയ പ്രവൃത്തിയായതിനാല്‍ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് മാത്രമാണ് ബ്ലാസ്റ്റേഴ്സ് ടര്‍ഫ് സജ്ജീകരണം നിര്‍വഹിക്കാറുള്ളത്. മാര്‍ച്ചില്‍ ഐ.എസ്.എല്‍ മത്സരങ്ങള്‍ കഴിഞ്ഞതിനു ശേഷം ഏകദേശം ആറ് മാസങ്ങള്‍ക്കപ്പുറമാണ് മെസ്സിയുടെ മത്സരത്തിനായി ടര്‍ഫ് സജ്ജമാക്കുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിക്കുന്നത്. ഫിഫ സ്റ്റാന്‍ഡേര്‍ഡില്‍ ടര്‍ഫ് സജ്ജീകരിക്കുന്നതിനും മെയിന്റനന്‍സ് ചെയ്യുന്നതിനും ചിലവ് പതിര്‍മടങ്ങാണ്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ടര്‍ഫ് സജ്ജമാക്കുന്നതിനായി ധാരാളം വെല്ലുവിളികള്‍ ഉണ്ടായിരുന്നെന്ന് ടര്‍ഫ് കോണ്‍ട്രാക്ടര്‍ രാഹുല്‍ പരാശര്‍ പറയുന്നു.

ചുരുങ്ങിയ സമയത്തിനുള്ളില്‍ ധാരാളം ജോലികള്‍ ചെയ്യേണ്ടതായി വന്നു. ടര്‍ഫില്‍ നിലവിലുണ്ടായിരുന്ന ഗ്രാസ് ലെയര്‍ നീക്കം ചെയ്ത് ഡ്രൈ ഗ്രാസ് പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതിന് മാത്രമായി മുഴുവന്‍ തൊഴിലാളികളും 4 ദിവസത്തോളം പൂര്‍ണ്ണമായും ജോലി ചെയ്യേണ്ടതായി വന്നു. ടര്‍ഫിലുണ്ടായിരുന്ന ധാരാളം മണ്ണിരകളെയും കീടനാശിനി പ്രയോഗിച്ച് നീക്കം ചെയ്തു.

ശേഷം മുംബൈയില്‍ നിന്ന് പ്രത്യേകം എത്തിച്ച വിലയേറിയതും ഗുണനിലവാരത്തിലുള്ളതുമായ പിങ്ക് സാന്‍ഡ് ടോപ്പ് ഉപയോഗിച്ചാണ് ടര്‍ഫിനായി സജ്ജമാക്കിയത്. ഫീല്‍ഡ് ഓഫ് പ്ലെയിലും ഡഗ് ഔട്ട് ഏരിയയിലും പുതിയ ഗ്രാസ് നിരത്തി സജ്ജമാക്കി ആദ്യ ലെയര്‍ വെട്ടി ശരിയാക്കി. ബര്‍മുഡ ഗ്രാസ് ആണ് ഉപയോഗിച്ചിട്ടുള്ളത്. ശേഷം ഇടതൂര്‍ന്ന ഭാഗങ്ങളിലെല്ലാം വീണ്ടും ഗ്രാസ് വളര്‍ത്തി സജ്ജമാക്കി. ഉയര്‍ച്ചതാഴ്ച്ചകള്‍ ഒഴിവാക്കി ലെവല്‍ കൃത്യമാക്കുന്നതിനുള്ള പ്രവൃത്തികളും ചെയ്തു.

ഇനിയുള്ള 10 ദിവസങ്ങളിലായി ചെയ്യുന്ന പാറ്റേണ്‍ കട്ടിങ്ങും ലൈന്‍ മാര്‍ക്കിങ്ങും കൂടി കഴിഞ്ഞാല്‍ മികച്ച ഗുണനിലവാരത്തോടു കൂടി ഫിഫ സ്റ്റാന്‍ഡേര്‍ഡില്‍ അന്താരാഷ്ട്ര ടര്‍ഫ് പൂര്‍ണ്ണമായി സജ്ജമാകും. 34 ദിവസങ്ങളിലായി 27 ഓളം തൊഴിലാളികളുടെ കഠിനപ്രയത്‌നത്തിലൂടെയാണ് ടര്‍ഫ് ഫിഫ സ്റ്റാന്‍ഡേര്‍ഡില്‍ സജ്ജമാക്കിയത്. ഈ ചുരുങ്ങിയ സമയത്തിനുള്ളിലുള്ള പ്രവര്‍ത്തനങ്ങളില്‍ മഴയും പ്രതിസന്ധികള്‍ സൃഷ്ടിച്ചു.

ദിവസങ്ങള്‍ക്കിപ്പുറം മികച്ച ഗുണനിലവാരത്തോടെയുള്ള അന്താരാഷ്ട്ര ടര്‍ഫ് ഒരുങ്ങുന്നതായി ചിത്രങ്ങളില്‍ കാണാനാകും. കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നമ്മുടെ കൊച്ചിയിലേക്ക് എത്തട്ടെ. നമ്മുടെ നാടിനെ ലോകമറിയട്ടെ.'

Tags:    

Similar News