കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ കടന്നുകയറാന്‍ ബിജെപി ശ്രമിക്കുന്നത് അശാന്തി വളര്‍ത്തുന്നു; എ.കെ.ജി യുടെ ജന്മനാടായ പെരളശേരിയിലും പരിവാര്‍ ഇടപെടല്‍; പാര്‍ട്ടി ഗ്രാമങ്ങളിലെ മാറ്റം സംഘര്‍ഷമാകുമോ? പെരളശേരിയിലെ ബോംബേറില്‍ ജാഗ്രതയോടെ പൊലിസ്; കണ്ണൂരില്‍ വേണ്ടത് ശാന്തത
കണ്ണൂര്‍ : കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ അശാന്തി പുകയുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തു കൊണ്ടിരിക്കെ സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളില്‍ ബിജെ.പി വേരുറപ്പിക്കാന്‍ ശ്രമിക്കുന്നതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നത് എന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി കുടുംബങ്ങളില്‍ നിന്നു പോലും ഒരു കാലത്ത് അകറ്റി നിര്‍ത്തിയിരുന്ന പരിവാര്‍ രാഷ്ട്രീയത്തിലേക്ക് പുതുതലമുറക്കാര്‍ ചേക്കേറുന്നതാണ് ജില്ലയിലെ സി.പി.എമ്മിന് തലവേദനമായി മാറിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലവും സി.പി.എം പാര്‍ട്ടികോട്ടയുമായ ധര്‍മ്മടത്ത് പലയിടങ്ങളിലും ബി.ജെ പി പഞ്ചായത്ത് കമ്മിറ്റി ഓഫീസ് തുടങ്ങി കഴിഞ്ഞു. പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന എ.കെ.ജി യുടെ ജന്മനാടായ പെരളശേരിയില്‍ ഈ വരുന്ന 15 ന് ബി.ജെ.പി പഞ്ചായത്ത് തല കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടക്കും.
ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസാണ് ഉദ്ഘാടകന്‍. നേരത്തെ പാര്‍ട്ടി അനുഭാവികളായ ഒരു കുടുംബം വിട്ടു നല്‍കിയ കെട്ടിടത്തിലാണ് ബി.ജെ.പി ഓഫിസ് ഒരുക്കിയത്. ഇതിനെ തുടര്‍ന്ന് കെട്ടിട ഉടമയുടെ വീടിന് നേരെ ബോംബെ റുമുണ്ടായി. ഉദ്ഘാടനത്തിന് ശേഷം ബി.ജെ.പി ഓഫിസ് തകര്‍ക്കുമെന്ന ഭീഷണിയും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ജയരാജന്റെ വീടായ മാനവീയം സ്ഥിതി ചെയ്യുന്ന പത്താം വാര്‍ഡിലാണ് പുതിയ ബി.ജെ.പി ഓഫീസ് വരുന്നത്. പെരളശേരിയില്‍ ആദ്യമായാണ് ഇതര രാഷ്ട്രീയപാര്‍ട്ടിക്ക് ഓഫിസ് വരുന്നത്. പെരളശേരി പഞ്ചായത്തിലും തൊട്ടടുത്ത സ്ഥലങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പേരിനുണ്ടെങ്കിലും അവര്‍ക്ക് ഇതുവരെ ഓഫിസ് തുറക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇതിനിടെസി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്റെ നാടായ പാപ്പിനിശേരി യില്‍ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചത് പാര്‍ട്ടി നേത്യത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തിയില്‍ കല്യാശേരി മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ശോഭായാത്രകള്‍ നടന്നു. കാവിക്കൊടിയും അലങ്കാരങ്ങളും വ്യാപകമായിരുന്നു. പാര്‍ട്ടി കുടുംബങ്ങളിലുള്ളവരും പ്രാദേശിക നേതാക്കളുടെ അടുത്ത ബന്ധുക്കളും ശോഭായാത്രയില്‍ പങ്കെടുത്തത് സി.പി.എം. നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. പാര്‍ട്ടി ഭരിക്കുന്ന ഒരു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇതു കാരണം ആത്മഹത്യയ്ക്ക് ശ്രമിച്ചത് വാര്‍ത്തയായിരുന്നു. പാര്‍ട്ടി പ്രാദേശികനേതാവായ ഇവര്‍ വിലക്കിയിട്ടും കുടുംബാംഗങ്ങള്‍ ശോഭയാത്രയില്‍ പങ്കെടുത്തിരുന്നു ഇതോടെയാണ് ഇവര്‍ പുഴയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നത്. മത്സ്യബന്ധന തൊഴിലാളികളാണ് ഇവരെ കരയിലെത്തിച്ചത്. തലശേരി താലൂക്കില്‍ നിന്നും മാറി ബി.ജെ.പി മറ്റിടങ്ങളില്‍ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത് അക്രമ സാധ്യത വളര്‍ത്തിയിട്ടുണ്ട്. ഈ നീക്കത്തെ പല്ലും നഖവും ഉപയോഗിച്ചു എതിര്‍ക്കുകയാണ് സി.പി.എം. ഇതിന്റെ ഭാഗമായാണ് പെരളശേരിയില്‍ ബി.ജെ.പി ഓഫിസ് തുടങ്ങാന്‍ കെട്ടിടം നല്‍കിയ സ്ത്രീയുടെ വീടിന് നേരെ ബോംബേറ് നടന്നത്.
എന്നാല്‍ പെരളശേരിയില്‍ നടന്നത് ബോംബേറല്ലെന്നും സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും സി.പി.എം പെരളശേരി ലോക്കല്‍കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പത്തരയോടെ പെരളശേരി പള്ള്യത്ത് റോഡരികിലെ ഫുട്പാത്തില്‍ പടക്കം പൊട്ടിച്ച സംഭവത്തെ സി.പി.എം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞുവെന്ന നിലയില്‍ ബി.ജെ.പി വ്യാജ പ്രചാരണം നടത്തുകയാണ്. ഇതു സമാധാന കാംക്ഷികളായ ജനങ്ങള്‍ തള്ളിക്കളയണമെന്ന് സി.പി.എം. പെരളശേരി ലോക്കല്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.. വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും മാറിയാണ് പടക്കം പൊട്ടിയത്. ഇതിനെ ബി.ജെ.പിയുടെ ഓഫീസിന് കെട്ടിടം വാടകയ്ക്ക് നല്‍കിയ ഉടമസ്ഥയുടെ വീടിന് നേരെ ബോംബേറിഞ്ഞുവെന്ന നിലയിലാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. സംഭവം സ്ഥലം കാണുന്ന യാര്‍ക്കും ഇതിന്റെ യാഥാര്‍ത്ഥ്യം വ്യക്തമാകും.സംഭവം നടന്ന ഉടനെ ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചത് സംശയാസ്പദമാണ്. തികച്ചും സമാധാന അന്തരീക്ഷം പുലരുന്ന പെരളശേരിയില്‍ ജനങ്ങളുടെ സൈ്വര്യജീവിതത്തെ തകര്‍ക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. പൊലിസ് കൃത്യമായ അന്വേഷണം നടത്തി വസ്തുത പുറത്തു കൊണ്ടുവരണമെന്ന് സി.പി.എം പെരളശേരി ലോക്കല്‍ സെക്രട്ടറി ടി. സുനീഷ് ആവശ്യപ്പെട്ടു.
കെട്ടിട ഉടമയായ ആനന്ദനിലയത്തില്‍ ശ്യാമളയുടെ വീടിനു നേരെയാണ് ബോംബെന്ന് സംശയിക്കുന്ന സ്‌ഫോടക വസ്തുവിന്റെ ഏറുണ്ടായത്. സിപിഎം പ്രവര്‍ത്തകരാണ് ബോംബേറിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പെരളശ്ശേരിയില്‍ ബിജെപി ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസ് ആരംഭിച്ചിരുന്നു. ഈ വരുന്ന പതിനഞ്ചാം തീയതിയാണ് ഓഫീസിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ബിജെപി ദേശീയ നിര്‍വാഹക സമിതിയം?ഗം പി. കെ കൃഷ്ണദാസാണ് ഉദ്ഘാടകന്‍. ഓഫീസിന്റെ ഉദ്ഘാടനത്തിനുള്ള വിപുലമായ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് കെട്ടിട ഉടമയുടെ വീടിന് നേരെ ബൈക്കിലെത്തിയ സംഘം ബോംബ് എറിഞ്ഞത്. ബോംബ് വീടിനുള്ളില്‍ പതിക്കാത്തതിനാല്‍ വലിയ അപകടം ഒഴിവായി. ചക്കരക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് പൊലിസ് വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്.