അന്വേഷണം തുടങ്ങിയത് ഇതര സംസ്ഥാന മോഷ്ടാക്കളെ കേന്ദ്രീകരിച്ച്; ലിജീഷിന്റെ തലയിലും ശരീരത്തിലും പതിഞ്ഞ ചിലന്തി വല ശ്രദ്ധിച്ചു; സിസിടിവി ദൃശ്യം കുരുക്കായി; സംസ്ഥാനത്തെ ഏറ്റവും വലിയ മോഷണ കേസില്‍ പ്രതിയിലേക്ക് പൊലീസ് എത്തിയത് ഇങ്ങനെ

വെല്‍ഡിങ് തൊഴിലിലെ വൈദഗ്ധ്യം മോഷണത്തിലും

Update: 2024-12-02 10:56 GMT

കണ്ണൂര്‍: വളപട്ടണത്ത് വീട് കുത്തിത്തുറന്ന് 267 പവനും 1.21 കോടി രൂപയും മോഷ്ടിച്ച സംഭവത്തില്‍ അയല്‍വാസിയായ പ്രതി ലിജിഷിനെ പൊലീസ് കുടുക്കിയത് ശാസ്ത്രീയ അന്വേഷണത്തിന് ഒടുവില്‍. കഴിഞ്ഞമാസം 20 ന് രാത്രിയായിരുന്നുഅരി വ്യാപാരിയായ അഷ്‌റഫിന്റെ വീട്ടില്‍ മോഷണം നടന്നത്. ഇതര സംസ്ഥാന മോഷ്ടാക്കളെ കേന്ദ്രീകരിച്ചു പൊലിസ് ആരംഭിച്ച അന്വേഷണത്തില്‍ നിന്നും വഴിമാറി അതിവേഗം പ്രതിയിലേക്ക് എത്തിച്ചേരുകയായിരുന്നു. പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രദേശവാസികള്‍ ലിജീഷിനുള്ള സാമ്യം തിരിച്ചറിഞ്ഞതാണ് നിര്‍ണായകമായത്. ലിജീഷ് മോഷണത്തിന് എത്തിയപ്പോള്‍ ധരിച്ചിരുന്ന ടീഷര്‍ട്ടും നിര്‍ണായക തെളിവായി. ലിജീഷ് പിടിയിലായതോടെ 2023 ല്‍ കീച്ചേരിയില്‍ വീടു കുത്തി തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന സമാനമായ കേസും അന്വേഷണ സംഘത്തിന് തെളിയിക്കാനായി.

പൊലിസിന്റെ ശാസ്ത്രീയ അന്വേഷണത്തിനിടെയിലാണ് പ്രതി കുടുങ്ങിയത്.നേരത്തെ വീട്ടില്‍ നിന്നും ലഭിച്ച ഒരു സി.സി.ടി. വിദൃശ്യത്തില്‍ നിന്നാണ് കഷണ്ടിയുള്ള മാസ്‌ക് ധരിച്ചയാളാണ് മോഷ്ടാവെന്ന് പൊലിസ് തിരിച്ചറിഞ്ഞത്. ഇതില്‍ ഒരു സി.സി.ടി.വി പ്രതി കൈ കൊണ്ടു തിരിക്കാന്‍ ശ്രിച്ചെങ്കിലും ഇതില്‍ നിന്നുള്ള ദൃശ്യമാണ് വഴിത്തിരിവായത്. ലിജീഷ് മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു. മൂന്നു ദിവസം മുന്‍പെ പ്രതിയെ കസ്റ്റഡിയിലെടുത്തുവെങ്കിലും ഇന്നലെ വൈകുന്നേരം 6.30 നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത് കുമാര്‍ അറിയിച്ചു.

അറസ്റ്റിലായ ലിജീഷ് മുമ്പും മോഷണം നടത്തിയെന്ന് പൊലീസ് പറയുന്നുയ 2023 ല്‍ കണ്ണൂര്‍ കീച്ചേരിയില്‍ നടന്ന മോഷണത്തിലും ലിജീഷ് പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. അന്ന് പ്രതിയെ പൊലീസിന് പിടികൂടാനായില്ല. ഇത്തവണ മോഷണം നടത്തിയപ്പോള്‍ പതിഞ്ഞ വിരലടയാളമാണ് ലിജീഷിനെ കുടുക്കിയത്. കീച്ചേരിയില്‍ മോഷണം നടന്നപ്പോള്‍ പൊലീസിന് ലഭിച്ച വിരലടയാളവും വളപട്ടണത്ത് നിന്ന് ലഭിച്ച വിരലടയാളവും ഒരാളുടേതാണെന്ന് തെളിഞ്ഞതോടെയാണ് രണ്ടിനും പിന്നില്‍ ലീജിഷ് ആണെന്ന് വ്യക്തമായത്.

വളപട്ടണത്ത് മോഷണം നടന്ന വീടിന്റെ ഉടമസ്ഥനായ അഷ്‌റഫിന്റെ അയല്‍വാസിയാണ് പിടിയിലായ ലിജീഷ്. പണവും സ്വര്‍ണ്ണവും പ്രതിയുടെ വീട്ടില്‍ നിന്ന് തന്നെ കണ്ടെടുത്തു. വെല്‍ഡിങ് തൊഴിലാളിയാണ് ലിജീഷ്. കഴിഞ്ഞമാസം 20 ന് രാത്രിയായിരുന്നു അരി വ്യാപാരിയായ അഷ്‌റഫിന്റെ വീട്ടില്‍ മോഷണം നടന്നത്. ഒരു കോടി രൂപയും 267 പവന്‍ സ്വര്‍ണവുമാണ് കിടപ്പുമുറിയിലെ ലോക്കര്‍ തകര്‍ത്ത് മോഷ്ടിച്ചത്. മോഷണം നടന്നതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്

പരിശോധനയ്ക്കിടെ പൊലീസ് നായ മണം പിടിച്ചു പോയത് പ്രതിയുടെ വീടിന്റെ മുന്നിലൂടെയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി അഷ്‌റഫിന്റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അഷ്‌റഫിന്റെ വിവരങ്ങളെല്ലാം അറിയുന്ന വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് ആദ്യം മുതലെ സംശയിച്ചിരുന്നു.

മൂന്നുമാസം മുമ്പ് ഗള്‍ഫില്‍ പോയി തിരിച്ചുവന്ന ലിജീഷ് വളപട്ടണത്തെ വീട്ടിലെ ജനല്‍ ഇളക്കിയാണ് മോഷണം നടത്തിയത്. കഴിഞ്ഞ വര്‍ഷം കീച്ചേരിയില്‍ മോഷണം നടത്തിയതും ജനല്‍ ഗ്രില്‍ ഇളക്കിയായിരുന്നു. കീച്ചേരിയില്‍ നിന്ന് നാലര ലക്ഷം രൂപയും പതിനൊന്നര പവന്‍ സ്വര്‍ണവുമാണ് ലിജീഷ് കവര്‍ന്നത്. വളപട്ടണത്തെ മോഷണ കേസില്‍ ലിജീഷ് പിടിയിലായതിന്റെ ആശ്ചര്യത്തിലാണ് നാട്ടുകാര്‍. കണ്ടാല്‍ സാധുവായ ആരുമായും പ്രശ്‌നത്തിന് പോകാത്തയൊരാള്‍ ഇത്രവലിയ മോഷണ കേസില്‍ അറസ്റ്റിലായതിന്റെ ആശ്ചര്യമുണ്ടെന്നും അടുത്തറിയുന്നവര്‍ക്ക് ചിലപ്പോള്‍ അയാളുടെ യഥാര്‍ഥ സ്വഭാവം അറിയുമായിരിന്നിരിക്കാമെന്നും നാട്ടുകാര്‍ പറഞ്ഞു.

സിസിടിവി ദൃശ്യത്തിലൂടെയാണ് മോഷ്ടാവ് കഷണ്ടിയുള്ള ആളാണെന്ന് മനസ്സിലായത്. മോഷണത്തിന് എത്തിയപ്പോള്‍ തെളിവ് നശിപ്പിക്കാനായും ദൃശ്യങ്ങള്‍ പതിയാതിരിക്കാനും ഒരു ക്യാമറ ലിജീഷ് തിരിച്ചുവച്ചിരുന്നു. എന്നാല്‍, മുറിയൂടെ ഉള്ളിലേക്കായിരുന്നു അബദ്ധത്തില്‍ തിരിച്ചുവച്ചത്. മുറിയുടെ ഉള്ളിലേക്ക് തിരിച്ചുവച്ച ഈ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ വഴിത്തിരിവായതെന്നും കമ്മിഷണര്‍ വ്യക്തമാക്കി.

സഞ്ചികളിലാക്കിയാണ് ലിജീഷ് സ്വര്‍ണവും പണവും വീട്ടില്‍നിന്ന് കൊണ്ടുപോയത്. പണവും സ്വര്‍ണവും ഉണ്ടെന്ന് അറിഞ്ഞു തന്നെയാണ് അഷ്‌റഫിന്റെ വീട്ടില്‍ കയറിയതും. വീട്ടുകാരുമായി മോഷ്ടാവിനു വലിയ അടുപ്പമില്ല. 40 മിനിറ്റ് കൊണ്ട് മോഷണം നടത്തി. മാസ്‌ക് ധരിച്ചാണ് എത്തിയത്. മോഷണം നടന്നശേഷം വീട്ടിലെത്തി മാസ്‌കും വസ്ത്രവും കത്തിച്ചുകളഞ്ഞു.

മോഷ്ടിക്കാനായി വരുമ്പോള്‍ വീട്ടില്‍ ലോക്കര്‍ ഉണ്ടെന്ന് ലിജീഷിന് അറിയില്ലായിരുന്നു. അലമാര പരിശോധിച്ചപ്പോള്‍ ലോക്കറിന്റെ താക്കോല്‍ കണ്ടെത്തി. അങ്ങനെയാണു ലോക്കര്‍ തുറന്നുള്ള മോഷണം നടന്നത്. ലോക്കര്‍ സ്വന്തമായി ഉണ്ടാക്കാന്‍ കഴിവുള്ള ആളാണ് പ്രതി. പ്രത്യേക രീതിയില്‍ മാത്രം തുറക്കാവുന്ന ലോക്കര്‍ അതുകൊണ്ടുതന്നെ എളുപ്പത്തില്‍ തുറന്നു. രാത്രി ഭാര്യ ഉറങ്ങിയശേഷമാണ് മോഷണമുതലുമായി വീട്ടിലേക്ക് പോയതെന്നും ലിജീഷ് പൊലീസിനോട് പറഞ്ഞു.

വമ്പന്‍ മോഷണത്തിനു ശേഷം കവര്‍ച്ച നടത്താന്‍ ഉപയോഗിച്ച ഉളി തിരിച്ചെടുക്കാന്‍ വന്നിരുന്നെങ്കിലും കിട്ടിയില്ല. ഇത്തരത്തില്‍ തിരിച്ചുവരുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. ഉളി പിന്നീട് പൊലീസിനു സ്ഥലത്തുനിന്ന് കിട്ടി. അഷ്‌റഫിന്റെ വീടിനു പിന്നിലാണ് ലിജീഷിന്റെ വീട്.

സ്വന്തം വീടിനുള്ളിലെ കട്ടിലിന് അടിയില്‍ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിലാണ് ലിജീഷ് 300 പവനും പണവും സൂക്ഷിച്ചത്. വെല്‍ഡിങ് തൊഴിലാളിയായ ലിജീഷ് കട്ടിലിനടിയല്‍ ലോക്കറുണ്ടാക്കുകയായിരുന്നു.അഷ്‌റഫിന്റെ വീട്ടില്‍ മോഷണം നടത്തിയതിനുശേഷം രണ്ടാം ദിനം വീണ്ടും ലിജീഷ് എത്തിയത് സ്വര്‍ണ്ണവും ബാക്കിയുള്ള പണവും എടുക്കാനായിരുന്നുവെന്നും പൊലീസിന് മൊഴി നല്‍കി. ലിജീഷിനെ പിടികൂടിയതിന് പിന്നാലെ വളപട്ടണം പൊലീസ് സ്റ്റേഷനില്‍ ലഡ്ഡു വിതരണം ചെയ്താണ് പൊലീസുകാര്‍ ആഘോഷിച്ചത്.

ഇത്രയും വലിയ മോഷണ കേസിലെ പ്രതിയെ തൊണ്ടിമുതല്‍ സഹിതം പിടികൂടാനായതിന്റെ ആശ്വാസത്തിലാണ് പൊലീസും നാട്ടുകാരും. സംസ്ഥാനത്തെ ഏറ്റവും വലിയ മോഷണ കേസിനാണ് ലിജിഷിന്റെ അറസ്റ്റോടെ തുമ്പായത്. മോഷണം നടത്തവെ പ്രതി ഉപയോഗിച്ച ടീഷര്‍ട്ടും ഗ്‌ളാസും മന്നയിലെ വീടിന്റെ ഒന്നാം നിലയില്‍ കൊണ്ടുപോയി കത്തിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ വേളയില്‍

എന്തെങ്കിലും കണ്ടിരുന്നോയെന്ന് പോലീസ് ലിജീഷിനോട് അന്വേഷിച്ചിരുന്നു എന്നാല്‍ ഇല്ലെന്നായിരുന്നു ഇയാളുടെ മറുപടി.

ലിജീഷിന്റെ തലയിലും ശരീരത്തിലും ചിലന്തി വലകള്‍ ഉണ്ടായിരുന്നു. മോഷണം നടന്ന സ്ഥലത്തും ഈ ചിലന്തി വലകള്‍ ഉണ്ടായിരുന്നു. ശരീരത്തിലെ ചിലന്തി വലകള്‍ ശ്രദ്ധിച്ച പോലീസ് എന്തുപറ്റിയതാണെന്ന് അന്വേഷിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ ലിജീഷിനായില്ല.

ഞായറാഴ്ച രാവിലെയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ആറ് മണിക്ക് കസ്റ്റഡിയില്‍ എടുത്ത പ്രതിയെ വൈകിട്ട് ആറ് വരെ ചോദ്യം ചെയ്തു. ഈ സമയത്ത് കുറ്റം സമ്മതിക്കാന്‍ ഇയാള്‍ തയ്യാറായില്ല. ഇതിന് ശേഷമാണ് മോഷണം നടത്തിയത് താനാണെന്ന് സമ്മതിക്കുന്നത്.

ഇതിനുപിന്നാലെ പ്രതിയെ വീട്ടില്‍ എത്തിച്ച് തൊണ്ടി മുതല്‍ വീണ്ടെടുത്തു. കട്ടിലിന് ഉള്ളില്‍ പ്രത്യേക അറയുണ്ടാക്കി പണവും സ്വര്‍ണ്ണവും ഒളിപ്പിച്ച് വച്ചതായി കണ്ടെത്തി. 1.20 കോടി രൂപ പ്രതിയില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. 247പവനും കണ്ടെടുത്തു.

വെല്‍ഡിങ് തൊഴിലാളിയാണ് ലിജീഷ്. ഈ വൈദഗ്ധ്യം ഉപയോഗിച്ച് കമ്പി തകര്‍ത്ത് പ്രതി അകത്ത് കയറി ലോക്കറില്‍ നിന്ന് പണവും സ്വര്‍ണ്ണവും മോഷ്ടിച്ചത്.

നേരത്തെ കണ്ണൂര്‍ കീച്ചേരിയിലെ വീട്ടില്‍ നിന്ന് ലിജീഷ് 11 പവന്‍ മോഷ്ടിച്ചിരുന്നു. അന്ന് തൊണ്ടി മുതല്‍ കണ്ടെത്താനോ പ്രതിയെ പിടികൂടാനോ സാധിച്ചിരുന്നില്ല. കട്ടിലിന് അടിയിലുള്ള ഉള്ളിലെ അറ നേരത്തെ നിര്‍മിച്ചതാവാനാണ് സാധ്യതയെന്നാണ് പോലീസ് നിഗമനം. നേരത്തേ നടത്തിയ മോഷണങ്ങളിലെ പണവും സ്വര്‍ണവും സൂക്ഷിക്കാന്‍ വേണ്ടിയാവാം അറ നിര്‍മിച്ചതെന്നും പോലീസ് കരുതുന്നു.

Tags:    

Similar News