ജീവനക്കാര്‍ക്കും തടവുകാര്‍ക്കും വെവ്വേറെ സിപിഎം ഫ്രാക്ഷന്‍; കണ്ണൂരില്‍ ഒരു സിപിഎം തടവുകാരന്റെ വീടിന്റെ പാലുകാച്ചലിന് അസി പ്രിസണ്‍ ഓഫിസര്‍ പങ്കെടുത്തത് പുറത്തറിഞ്ഞത് വനിതാ നേതാവിന്റെ പോസ്റ്റില്‍; ജയിലിലെ അടുക്കള ഡിഐജി കണ്ടില്ല; ആകെ തിരിച്ചറിഞ്ഞത് കാലപ്പഴക്കം; ഗോവിന്ദചാമിയെ ആരും സഹായിച്ചില്ലെന്ന നിഗമനവും ആശ്ചര്യജനകം; ക്രിമിലുകളുടെ കൂട്ടനടത്തം ആരുടെ കുബുദ്ധി?

Update: 2025-07-29 04:13 GMT

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരെ പാര്‍പ്പിക്കുന്ന പഴയ ബ്ലോക്കുകള്‍ക്കെല്ലാം കാലപ്പഴക്കത്താല്‍ ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും സുരക്ഷാഭീഷണിയുണ്ടെന്നും കണ്ടെത്തി ജയില്‍ ഡിഐജി. ഈ കെട്ടിടങ്ങള്‍ ജയില്‍ച്ചാട്ടത്തിന് കാരണമാണെന്നാണ് വിലയിരുത്തല്‍. ഗോവിന്ദചാമിക്ക് പുറമേ ജയിലിലെ മറ്റൊരാള്‍കൂടി ജയില്‍ ചാടാന്‍ പദ്ധതിയിട്ടിരുന്നു. കഴിഞ്ഞവര്‍ഷം കനത്ത മഴയില്‍ ജയിലിന്റെ കിഴക്കുഭാഗത്തുള്ള മതില്‍ തകര്‍ന്നുവീണിരുന്നു. ഫെന്‍സിങ്ങിലൂടെയുള്ള വൈദ്യുതിവിതരണം അന്ന് നിര്‍ത്തിവെച്ചതാണ്. ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ യഥാസമയം പരിശോധിക്കുന്നുമില്ല. ജയില്‍ചട്ടങ്ങള്‍ ലംഘിച്ച് വ്യായാമത്തിന്റെ മറവില്‍ തടവുകാരുടെ കൂട്ടനടത്തം അവസാനിപ്പിക്കണം. ആവശ്യമുള്ളവര്‍ക്ക് പാര്‍പ്പിച്ച സെല്ലുകളില്‍ വ്യായാമം നടത്താനേ ജയില്‍ച്ചട്ടം അനുവദിക്കുന്നുള്ളൂ. ഈ നടത്തവും ചില കേന്ദ്രങ്ങളുടെ ഗൂഡാലോചനയാണ്. പുറത്തുള്ള ക്വട്ടേഷന്‍ പോലും ഈ നടത്തങ്ങളില്‍ ചര്‍ച്ചാ വിഷയം ആകാറുണ്ടത്രേ. പല തടവുകാരും പുറത്തെ ക്വട്ടേഷനെ നിയന്ത്രിക്കുന്നതും നടത്ത സമയത്തെ സംവാദത്തിലൂടെയാണ്.

10 പഴയ ബ്ലോക്കുകളും ഒരു പുതിയ ബ്ലോക്കുമാണുള്ളത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പഴയ ബ്ലോക്കുകളുടെ ഓടുമേഞ്ഞ മേല്‍ക്കൂരയില്‍ ചോര്‍ച്ച കാരണം പ്ലാസ്റ്റിക് ഷീറ്റുകള്‍ വലിച്ചുകെട്ടിയിട്ടുണ്ട്. കൊടും ക്രിമിനലുകളെയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയും പാര്‍പ്പിക്കുന്ന അതിസുരക്ഷയുള്ള 10-ാം നമ്പര്‍ ബ്ലോക്കും ജീര്‍ണാവസ്ഥയിലാണ്. പ്രധാന കവാടം കഴിഞ്ഞ് വലതുഭാഗത്ത് വാച്ച് ടവറിന് അടുത്തായി ചതുരാകൃതിയിലുള്ള കെട്ടിടമാണ് പത്താം ബ്ലോക്ക്. ഇതില്‍ എ, ബി, സി, ഡി എന്നീ സെല്ലുകളുമുണ്ട്. ഓടുമേഞ്ഞ കെട്ടിടമാണിത്. റിപ്പര്‍ ജയാനന്ദന്‍ ഇതേ പത്താംനമ്പര്‍ ബ്ലോക്കില്‍നിന്ന് തടവ് ചാടിയിരുന്നു. ജയിലില്‍ ഗൂഡാലോചന നടക്കുന്നത് പ്രഭാത സവാരി സമയത്താണ്. രാഷ്ട്രീയത്തടവുകാരുള്‍പ്പെടെ 50-ഓളം പേരാണ് പ്രഭാതസവാരി നടത്തുന്നത്. നടത്തത്തിനിടയിലുള്ള സംസാരത്തിലൂടെ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ ഗൂഢാലോചന നടക്കുന്നു. പ്രധാന മതിലിനോടുചേര്‍ന്ന റോഡിലൂടെയാണ് പ്രഭാതസവാരി. നടത്തത്തിനിടെ പച്ചക്കറിത്തോട്ടത്തില്‍നിന്ന് വാഴപ്പഴങ്ങളും പച്ചക്കറികളും മോഷ്ടിക്കുന്നുമുണ്ട്. ഗോവിന്ദച്ചാമി തടവുചാടിയതിന്റെ പശ്ചാത്തലത്തില്‍ സെന്‍ട്രല്‍ ജയിലില്‍ വ്യാപക പരിശോധന നടത്തി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് തുടങ്ങിയ പരിശോധന മണിക്കൂറുകള്‍ നീണ്ടു. എന്നാല്‍ തടവുകാരില്‍ നിന്ന് നിരോധിത സാധനങ്ങളാന്നും ലഭിച്ചിട്ടില്ലെന്ന് അറിയുന്നു. ജയില്‍ച്ചാട്ടത്തിനുശേഷം 10-ാം ബ്ലോക്കില്‍ പരിശോധന നടത്തിയെങ്കിലും മറ്റ് ബ്ലോക്കുകളിലൊന്നും കാര്യമായ പരിശോധന നടത്തിയില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പത്ത് പഴയ ബ്‌ളോക്കുകളും ഒരു പുതിയ ബ്‌ളോക്കുമാണുള്ളത്. പഴയ ബ്‌ളോക്കുകളിലെ ഓടുമേഞ്ഞ മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്ന് പ്‌ളാസ്റ്റിക് ഷീറ്റുകള്‍ വലിച്ചുകെട്ടിയിട്ടുണ്ട്. കൊടുംകുറ്റവാളികളെയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയും പാര്‍പ്പിക്കുന്ന പത്താം നമ്പര്‍ ബ്‌ളോക്കും ജീര്‍ണിച്ച അവസ്ഥയിലാണ്. കൊടുംകുറ്റവാളി ഗോവിന്ദച്ചാമിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തുകടക്കാന്‍ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ജയില്‍ച്ചാട്ടത്തിന് ജീവനക്കാരോ സഹതടവുകാരോ സഹായിച്ചതിന് തെളിവില്ല. സെല്ലില്‍ തുണിയെത്തിയതില്‍ ആശയക്കുഴപ്പമുണ്ട്. ഗോവിന്ദച്ചാമിയുടെ ഇടതുകൈക്ക് അസാമാന്യ കരുത്തുണ്ട്. അഴികള്‍ മുറിച്ചതില്‍ ശാസ്ത്രീയ പരിശോധന വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ ജയില്‍ ജീവനക്കാരുടെയും സഹതടവുകാരുടെയും മൊഴിയെടുത്തിരുന്നു. ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്ന പത്താം നമ്പര്‍ ബ്ലോക്കിലുള്ള തടവുകാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

ഗോവിന്ദച്ചാമി ജയില്‍ചാടി 3 ദിവസം പിന്നിട്ടിട്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മുഴുവന്‍ ബ്ലോക്കുകളിലും അധികൃതര്‍ സമഗ്ര പരിശോധന നടത്തിയിട്ടില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്ന പത്താം ബ്ലോക്കില്‍ മാത്രമാണു പരിശോധന നടത്തിയത്. മറ്റു ബ്ലോക്കുകളില്‍, 'തടവുകാരോടു ചോദിച്ചിട്ടു മതി പരിശോധന' എന്നാണ് ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദേശം. ഇത് വിവാദമായതോടെയാണ് തിങ്കളാഴ്ച സമഗ്ര പരിശോധന നടത്തിയത്. ഗോവിന്ദച്ചാമി ജയില്‍ചാടിയ സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ സ്വന്തക്കാരെ സംരക്ഷിക്കാനും മറ്റു ചിലരെ ബലിയാടാക്കാനും നീക്കം നടന്നതായി വിവരമുണ്ട്. സിസിടിവിയുടെ ചുമതലയുണ്ടായിരുന്ന അസി. പ്രിസണ്‍ ഓഫിസറാണു സസ്‌പെന്‍ഷനിലായവരിലൊരാള്‍. സംഭവദിവസം രാത്രി ആശുപത്രി ഡ്യൂട്ടിക്കു നിയോഗിച്ചതിനാലാണ് സിസിടിവി മേല്‍നോട്ടത്തിന് ഇദ്ദേഹം ഇല്ലാതിരുന്നത്. അസി. പ്രിസണ്‍ ഓഫിസര്‍മാരെ നിരീക്ഷിക്കേണ്ട ഇന്‍സൈഡ് ഗാര്‍ഡ് ഓഫിസര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത് 2 ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍മാരാണ്. ഇതിലൊരാളെ മാത്രമാണു സസ്‌പെന്‍ഡ് ചെയ്തത്.

സിപിഎം തടവുകാര്‍ക്കായുള്ള രഹസ്യ അടുക്കളകള്‍ ജയിലില്‍ സജീവമാണ്. സിപിഎം തടവുകാര്‍ കൂടുതലുള്ള 2, 4 ബ്ലോക്കുകളില്‍ വാട്ടര്‍ടാങ്കുകളുടെ അടിയിലായാണ് അടുക്കളകള്‍. മാംസഭക്ഷണം കഴിക്കാത്ത നൂറ്റന്‍പതോളം തടവുകാരുണ്ടെങ്കിലും മുഴുവനാളുകളുടെയും പേരില്‍ ഇറച്ചി വാങ്ങുകയും അധികം വരുന്നത് സിപിഎം തടവുകാര്‍ക്കു നല്‍കുകയും ചെയ്യുന്നുണ്ട്. ഇതും പുറത്തുനിന്നെത്തിക്കുന്ന ഇറച്ചിയും മറ്റും സിപിഎം തടവുകാര്‍ പാചകം ചെയ്യുന്നതും ജയിലില്‍ ലഭിക്കുന്ന ഭക്ഷണസാധനങ്ങള്‍ ചൂടാക്കുന്നതും രഹസ്യ അടുക്കളകളിലെ വിറകടുപ്പിലാണ്. ഇതൊന്നും ജയില്‍ ഡിഐജിയുെ അന്വേഷണ റിപ്പോര്‍ട്ടുണ്ട്. സെല്ലില്‍ കൊതുകുവലയ്ക്കു മീതെ മുണ്ട് വിരിച്ചശേഷം അതിനകത്തിരുന്നാണു ചിലര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നതും പകല്‍ പോലെ വ്യക്തമാണ്. ജീവനക്കാര്‍ക്കും തടവുകാര്‍ക്കും വെവ്വേറെ സിപിഎം ഫ്രാക്ഷന്‍ ജയിലിലുണ്ട്.

കണ്ണൂരില്‍ ഒരു സിപിഎം തടവുകാരന്റെ വീടിന്റെ പാലുകാച്ചലിന് അസി. പ്രിസണ്‍ ഓഫിസര്‍ പങ്കെടുത്തിരുന്നു. വനിതാ നേതാവിന്റെ സമൂഹമാധ്യമ പോസ്റ്റില്‍നിന്നാണു വിവരം പുറത്തായത്. തുടര്‍ന്ന് ഇയാള്‍ക്കു മെമ്മോ നല്‍കി. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം വേണമെന്നാണ് ഉയരുന്ന ആവശ്യം.

Tags:    

Similar News