'കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാള്‍'; ജയിലിനുള്ളില്‍ നിന്നും സഹായം ലഭിച്ചെന്ന് ഗോവിന്ദച്ചാമി; സഹതടവുകാരനും ജയില്‍ ചാടാന്‍ പദ്ധതിയിട്ടു; കമ്പിക്കുള്ളിലൂടെ പുറത്തു കടക്കാനായില്ലെന്ന് തമിഴ്‌നാട് സ്വദേശി; ആസൂത്രണം തുടങ്ങിയിട്ട് ആഴ്ചകളായെന്നും വെളിപ്പെടുത്തല്‍; കണ്ണൂര്‍ സെട്രല്‍ ജയില്‍ നിന്ന് ചാടിയ കൊടുംകുറ്റവാളിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയേക്കും
ജയിലിനുള്ളില്‍ നിന്നും സഹായം ലഭിച്ചെന്ന് ഗോവിന്ദച്ചാമി
കണ്ണൂര്‍: ജയില്‍ ചാടാനായി ഗോവിന്ദച്ചാമി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആസൂത്രണം നടത്തിയതായി പോലീസ്. കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാളെന്നാണ് ഗോവിന്ദച്ചാമി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. ജയിലിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി കൊണ്ടുവന്ന ബ്ലേഡാണ് കമ്പി മുറിക്കാനുപയോഗിച്ചത്. ആയുധം നല്‍കിയ ആളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. അതേ സമയം ജയില്‍ ചാടാനായി ഉപയോഗിച്ചെന്ന് കരുതുന്ന ടൂളുകള്‍ പിടികൂടിയപ്പോള്‍ ഗോവിന്ദച്ചാമിയില്‍നിന്ന് കണ്ടെത്തിയിരുന്നു. അതേസമയം, ജയില്‍ ചാടിയതിന് പിന്നാലെ പിടിയിലായ ഗോവിന്ദച്ചാമിയെ ജയില്‍മാറ്റും.വിയ്യൂര്‍ ജയിലിലേക്ക് മാറ്റാനാണ് ആലോചന. ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായതിന് പിന്നാലെയാണ് നടപടി.
അതിനിടെ ഗോവിന്ദച്ചാമിയുടെ സഹതടവുകാരന്റെ മൊഴി പുറത്തുവന്നു. ഗോവിന്ദച്ചാമി തടവ് ചാടാന്‍ തീരുമാനിച്ച വിവരം അറിയാമായിരുന്നെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ തനിക്ക് ഒന്നും അറിയില്ലെന്നും ഉറങ്ങിപ്പോയെന്നുമായിരുന്നു നേരത്തെ ഇയാള്‍ മൊഴി നല്‍കിയിരുന്നത്.കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ സത്യം സമ്മതിച്ചത്. ജയില്‍ ചാട്ടത്തിനുള്ള ആസൂത്രണം തുടങ്ങിയിട്ട് ആഴ്ചകളായെന്നും താനും ജയില്‍ ചാടാന്‍ പദ്ധിയിട്ടിരുന്നെന്നും എന്നാല്‍ കമ്പിക്കുള്ളിലൂടെ പുറത്ത് ചാടാന്‍ കഴിഞ്ഞില്ലെന്നും തടവുകാരന്റെ മൊഴി. തമിഴ്‌നാട് സ്വദേശിയാണ് സഹതടവുകാരന്‍.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോക്കിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്നത്. സെല്ലില്‍ ഒരു തടവുകാരന്‍ കൂടി ഉണ്ടായിരുന്നു. രണ്ട് കമ്പികള്‍ മുറിച്ചാണ് ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെ ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്ന 10-ാം ബ്ലോക്കിന്റെ ഒരുഭാഗത്ത് റിമാന്‍ഡ് തടവുകാരുണ്ട്. തടവുകാര്‍ ഉണക്കാന്‍ ഇട്ടിരുന്ന വസ്ത്രങ്ങളെടുത്താണ് രക്ഷപ്പെട്ടത്.
തളപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തെ കിണറ്റില്‍ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. പലരും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടിച്ചത്. ആദ്യം ഒളിച്ചിരുന്ന കെട്ടിടത്തില്‍ പൊലീസ് വളഞ്ഞിരുന്നു. നാട്ടുകാര്‍ തടിച്ചുകൂടാനുള്ള സാധ്യത കണക്കിലെടുത്ത് ഇയാളെ പിടിച്ചില്ലെന്നാണ് പിന്നീട് പൊലീസ് പറഞ്ഞത്. പക്ഷെ അപ്പോഴേക്കും സ്ഥലത്ത് ആള്‍ക്കാര്‍ എത്തി. ഇതിനിടെ കെട്ടിടത്തില്‍ നിന്ന് പുറത്തുചാടിയ ഗോവിന്ദചാമി അടുത്തുള്ള കിണറ്റിലേക്ക് ചാടി ഒളിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
കൃത്യമായ ആസൂത്രണം
ജയിലിന്റെ മതില്‍ ചാടുന്നതിന് 20ദിവസം മുന്‍പെങ്കിലും തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആ തയ്യാറെടുപ്പുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. മതില്‍ ചാടുന്നതിന് വേണ്ടി ഗോവിന്ദച്ചാമി ശരീരഭാരംകുറച്ചിരുന്നു.
ഒരുകൈമാത്രമുളള ഗോവിന്ദച്ചാമി ഏഴരമീറ്റര്‍ ഉയരമുള്ള മതില്‍ചാടുന്നതിന് വേണ്ട ഒരുക്കങ്ങളെല്ലാം നേരത്തെ നടത്തിയിരുന്നു. ശരീരഭാരം കുറക്കുന്നതിന് ചപ്പാത്തിമാത്രമായിരുന്നു കുറച്ച്ദിവസങ്ങളായുള്ള ഭക്ഷണം. അതീവ സുരക്ഷ ബ്ലോക്കിന്റെ ഗ്രില്‍ ആദ്യം കട്ടുചെയ്തു.ഇതിനായി ഗ്രില്‍ ഉപ്പ് വെച്ച് നേരത്തെ തുരുമ്പിപ്പിച്ചു. ഒരു കമ്പിമാത്രം മുറിച്ച് അതിനുള്ളിലൂടെയാണ് പുറത്ത് ചാടിയത്.പുലര്‍ച്ച 3.30ഓടെ ജയിലിനുള്ളില്‍ നിരീക്ഷണം നടത്തി. ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി കയറുണ്ടാക്കുകയും ചെയ്തു.ഇത് ഉപയോഗിച്ചാണ് ഏഴരമീറ്റര്‍ ഉയരമുള്ള മതില്‍ ചാടിയത്. അലക്ക് കല്ലില്‍ കയറി പുറത്തേക്ക് ചാടിയത്.പുറത്തിറങ്ങിയാല്‍ എങ്ങനെ നീങ്ങണമെന്നതും കൃത്യമായി ആസൂത്രണം ചെയ്തു.ഇതിനായി ജയില്‍ ഡ്രസ് മാറുകയും ചെയ്തിരുന്നു.
പോലീസിനൊപ്പം വളരെ കൃത്യമായി ജനങ്ങളും ജാഗ്രത പുലര്‍ത്തിയതാണ് പ്രതിയെ പിടികൂടാന്‍ നിര്‍ണായകമായത്. മൂന്ന് പേരാണ് വളരെ കൃത്യമായ വിവരം നല്‍കിയത്. അവരോടും ജനങ്ങളിലേക്ക് വിവരങ്ങളെത്തിച്ച മാധ്യമങ്ങളോടും നന്ദി പറയുന്നതായും കമ്മിഷണര്‍ പറഞ്ഞു. ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവരം പോലീസിന് ലഭിക്കുന്നത് ആറര കഴിഞ്ഞിട്ടാണ്. ഇതിന് ശേഷം മൂന്നര മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടാനായെന്നും കമ്മിഷണര്‍ പറഞ്ഞു.
'ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവരം പോലീസിന് ലഭിക്കുന്നത് ആറര കഴിഞ്ഞിട്ടാണ്. അപ്പോള്‍ മുതല്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം പോലീസ് നടത്തി വരികയായിരുന്നു. സംസ്ഥാനത്തുടനീളം സമയബന്ധിതമായി വിവരം കൈമാറി. ജനങ്ങളുടെ ഭാഗത്ത് നിന്നും ജാഗ്രതയുണ്ടാക്കാന്‍ മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും സഹായമുണ്ടായി. 4:15നും അഞ്ചു മണിക്കും ഇടയിലാണ് പ്രതി ജയില്‍ ചാടിയതെന്നാണ് മനസ്സിലാക്കുന്നത്. അതിന് ശേഷം സസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. വിവരം ലഭിച്ച് മൂന്നര മണിക്കൂര്‍ കൊണ്ട് പ്രതിയെ പിടികൂടാനായി. പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് നിരവധി വിവരങ്ങള്‍ ലഭിച്ചു. അതില്‍ ശരിയും തെറ്റുമുണ്ടായിരുന്നു. അതിന്റെ ഭാഗമായിട്ട് ലഭിച്ച വിവരമാണ് ആളൊഴിഞ്ഞ കെട്ടിടത്തിന്റെ പരിസരത്ത് ഇയാളെ കണ്ടെന്നായിരുന്നു വിവരം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അവിടുത്തെ കിണറ്റില്‍നിന്ന് ഇയാളെ കണ്ടെത്തുന്നത്' കമ്മിഷണര്‍ പറഞ്ഞു.
ദിവസവും ബിരിയാണി വേണമെന്ന് ആവശ്യം
യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 2011ലാണ് ഗോവിന്ദച്ചാമി അറസ്റ്റിലായത്. ജയിലിലെത്തിയെങ്കിലും ഇയാള്‍ക്ക് മാനസാന്തരമൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല അവിടെയും പല പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. 2017ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ച അന്നത്തെ ജയില്‍ ഡിജിപിയോട് രണ്ട് കാര്യങ്ങള്‍ പ്രതി അഭ്യര്‍ത്ഥിച്ചിരുന്നു. സര്‍ക്കാര്‍ തനിക്ക് കൃത്രിമക്കൈ വച്ചുതരണമെന്നായിരുന്നു ആദ്യത്തെ അഭ്യര്‍ത്ഥന. പരിഗണിക്കാമെന്നായി ഡിജിപി. ദിവസം അഞ്ച് കെട്ട് ബീഡി അനുവദിക്കണമെന്നായിരുന്നു അടുത്ത അഭ്യര്‍ത്ഥന. ജയിലില്‍ പുകവലി നിരോധിച്ചതിനാല്‍ ബീഡി അനുവദിക്കാനാകില്ലെന്ന് അദ്ദേഹം അറിയിച്ചു.
ജയില്‍ അധികൃതര്‍ക്ക് സ്ഥിരം തലവേദനയായിരുന്നു ഇയാള്‍. എല്ലാ ദിവസവും തനിക്ക് ബിരിയാണി വേണമെന്ന് ഗോവിന്ദച്ചാമി ആവശ്യപ്പെട്ടിരുന്നു. ബിരിയാണി കൊടുക്കാത്തതിനാല്‍ ജയില്‍ ഉപകരണങ്ങള്‍ നശിപ്പിച്ചു. ജയില്‍മാറ്റം ആവശ്യപ്പെട്ട് 2012ല്‍ ആത്മഹത്യാ നാടകം നടത്തി. കൂടാതെ സെല്ലിനുള്ളിലെ സിസിടിവി കേടാക്കി. അവിടം കൊണ്ടും തീര്‍ന്നില്ല. ജയില്‍ ജീവനക്കാര്‍ക്ക് നേരെ വിസര്‍ജ്ജ്യമെറിഞ്ഞു. ജയിലില്‍ അതിക്രമം നടത്തിയതിന് ഇയാള്‍ക്ക് പത്ത് മാസം ശിക്ഷ വിധിച്ചിരുന്നു.
അതേസമയം, ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട് ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ രജീഷ്, അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാരായ സഞ്ജയ്, അഖില്‍, നൈറ്റ് ഓഫിസര്‍ റിജോ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ജയിലുദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് ജയില്‍ മേധാവി എഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ പ്രതികരിച്ചു.