ഹൈക്കോടതി ഉത്തരവിനെ ഭയന്ന് സി പി എം നേതാക്കള്‍ ഉള്‍പ്പെടെ 10,012 പേര്‍ക്കെതിരെ ഗത്യന്തരമില്ലാതെ കേസെടുത്ത് കണ്ണൂര്‍ ടൗണ്‍ പൊലിസ്; പൊലിസിന്റെ അതിരുകടക്കലില്‍ അമര്‍ഷത്തോടെ സി പി എം നേതൃത്വം; പാര്‍ട്ടിയെ വെല്ലുവിളിച്ച ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ തെറിച്ചേക്കും
പൊലിസിന്റെ അതിരുകടക്കലില്‍ അമര്‍ഷത്തോടെ സി പി എം നേതൃത്വം
കണ്ണൂര്‍: ഹൈക്കോടതി ഉത്തരവിനെ ഭയന്ന് കണ്ണൂരിലെ പൊലിസ് സി.പി.എം നേതാക്കള്‍ക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും കൂട്ടത്തോടെ കേസെടുത്തത് വിവാദമാകുന്നു. കണ്ണൂര്‍ നഗരത്തിന്റെ ഹൃദയഭാഗമായ ഹെഡ്പോസ്റ്റ് ഓഫീസിന് മുന്‍പില്‍ വാഹനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും മാര്‍ഗതടസവും ശല്യവും സൃഷ്ടിച്ചതിനാണ് സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ 10,012 പേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് രണ്ടു ഘട്ടമായി കേസെടുത്തത്.
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍, എം.സുരേന്ദ്രന്‍, കെ.പി.സഹദേവന്‍, എം.കെ.മുരളി, ഷഹറാസ്, എന്‍.ചന്ദ്രന്‍, ടി.വി.രാജേഷ്, കെ.വി.സുമേഷ് എം.എല്‍എ, പി.വി.ഗോപിനാഥ്, എന്‍.സുകന്യ, കെ.കെ.രത്നകുമാരി തുടങ്ങിയ നേതാക്കള്‍ക്കെതിരെയും
കണ്ടാലറിയാവുന്ന പതിനായിരം പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനക്കെതി
രെ കേരളമെന്താ ഇന്ത്യയിലല്ലേയെന്ന മുദ്രാവാക്യമുയര്‍ത്തി നടന്നപ്രതിഷേധ സമരത്തിന്റെ ഭാഗമായിട്ടാണ് ചൊവ്വാഴ്ച്ച രാവിലെ ഒന്‍പതു മണിക്ക് കണ്ണൂര്‍ ഹെഡ്പോസ്റ്റ് ഓഫീസ് ഉപരോധിച്ചത്. ഇതേ തുടര്‍ന്ന് വാഹന ഗതാഗതം മുടങ്ങി കണ്ണൂര്‍ നഗരം മണിക്കൂറുകളോളം സ്തംഭിച്ചിരുന്നു.
രണ്ടു ദിവസം മുന്‍പ് പാതയോരം തടസപ്പെടുത്തി കൂറ്റന്‍ സമര പന്തല്‍ കെട്ടുന്നതിനെതിരെയും പൊതുജനങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന രീതിയില്‍ ഉപരോധ സമരം നടത്തുന്നതിനെതിരെയും മുന്നറിയിപ്പുമായി കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടെരി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന് നോട്ടിസ് നല്‍കിയിരുന്നു.
എന്നാല്‍ താനത് ചുരുട്ടി പോക്കറ്റിലിട്ടിട്ടുണ്ടെന്നായിരുന്നു ജയരാജന്റെ പരിഹാസത്തോടെയുള്ള പ്രതികരണം. സമരം ചെയ്തതിന് ജയിലില്‍ പോയി കിടക്കേണ്ടി വന്നാല്‍ അതില്‍ പ്രശ്‌നമില്ലെന്നും ജയരാജന്‍ തുറന്നടിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗമായി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തരവകുപ്പിന് കീഴില്‍ വരുന്ന പൊലിസ് കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തിയ ഉപരോധ സമരത്തില്‍ പങ്കെടുത്ത പതിനായിരത്തോളം പേര്‍ക്കെതിരെ കേസെടുത്തത് പാര്‍ട്ടിക്ക് ക്ഷീണം ചെയ്തിട്ടുണ്ട്.
മൂന്ന് മാസം മുന്‍പ് ഇതേ സ്ഥലത്ത് എല്‍.ഡി.എഫ് ഉപരോധ സമരത്തിനായി പന്തല്‍ കെട്ടിയിരുന്നു. അന്ന് പന്തല്‍ കെട്ടുന്നതിനിടെ മയ്യില്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു കെ.എസ്.ആര്‍.ടി.സി ബസിടിച്ചു പന്തല്‍ തകര്‍ന്നിരുന്നു. പന്തല്‍ പണിയിലേര്‍പ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേര്‍ക്ക് താഴേക്ക് വീണു പരുക്കേറ്റിരുന്നുവെങ്കിലും അന്ന് പൊലിസ് കണ്ടില്ലെന്നു നടിച്ചു കേസെടുത്തിരുന്നില്ല.