പാലക്കാട്ടുകാരന്‍ ഉദ്യോഗം തേടിയെത്തി; സാധ്യത തിരിച്ചറിഞ്ഞ് തട്ടിപ്പില്‍ പങ്കാളിയായി; മാള്‍ട്ടയിലുള്ള സുഹൃത്തിനെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോള്‍ സഹായം തേടും; തട്ടിപ്പില്‍ കാര്‍ത്തികാ പ്രദീപിന്റെ സഹോദരിയുടെ റോളും സംശയത്തില്‍; ആഡംബര വില്ലയ്ക്ക് പ്രതിമാസം നാല്‍പ്പത്തി അയ്യായിരം വാടക; ക്വട്ടേഷന്‍ ഭീഷണിയില്‍ ഏവരേയും വിറപ്പിച്ചു; 'ടേക്ക് ഓഫ്' കള്ളക്കളി പൊളിയുമ്പോള്‍

Update: 2025-05-12 02:30 GMT

കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തിയ കേസില്‍ ടേക്ക് ഓഫ് ഓവര്‍സീസ് എജുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ഉടമയായ കാര്‍ത്തിക പ്രദീപിന്റെ സുഹൃത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. പാലക്കാട് സ്വദേശിയായ ഇയാള്‍ ഇപ്പോള്‍ മാള്‍ട്ടയിലാണെന്നാണ് വിവരം. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇയാളെ നാട്ടിലെത്തിക്കാനാണ് നീക്കം. ഉദ്യോഗാര്‍ഥിയെന്ന നിലയിലാണ് പാലക്കാട്ടുള്ള യുവാവ് കാര്‍ത്തികയുടെ അടുത്തെത്തിയത്. തുടര്‍ന്ന് ഇരുവരും ഒന്നിച്ച് തട്ടിപ്പ് ആസൂത്രണം ചെയ്തു. പണം നല്‍കിയിട്ടും ജോലികിട്ടാതെ ചിലര്‍ തുക തിരികെ ചോദിച്ചപ്പോള്‍ ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും വിവരം ലഭിച്ചു. ഇതോടൊപ്പം ഉദ്യോഗാര്‍ഥികളെ വിളിച്ചുവരുത്തി കാര്‍ത്തിക അഭിമുഖം നടത്തുന്നതിന്റെ പുതിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു ഉദ്യോഗാര്‍ഥിയില്‍നിന്ന് കുറഞ്ഞത് രണ്ടുലക്ഷം രൂപവീതം കാര്‍ത്തിക കമ്മിഷന്‍ വാങ്ങിയിരുന്നു.

ഒരുകോടിയിലേറെ രൂപ കാര്‍ത്തിക തട്ടിയെടുത്തിട്ടുണ്ട്. കൊച്ചിയില്‍ നിന്നുമാത്രം 20 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി. കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയതിനേത്തുടര്‍ന്ന് കാര്‍ത്തികയെ തിരികെ കോടതിയില്‍ ഹാജരാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇവരെ വീണ്ടും കസ്റ്റഡിയിലെടുക്കും. ഇനിയും ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്ന് പോലീസ് തിരിച്ചറിയുന്നുണ്ട്. യുകെയില്‍ സോഷ്യല്‍ വര്‍ക്കറായി ജോലിനല്‍കാമെന്ന് പറഞ്ഞ് 5.23 ലക്ഷം രൂപ തട്ടിയെടുത്തെന്ന തൃശ്ശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് കാര്‍ത്തിക അറസ്റ്റിലായത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരേ പരാതിയുണ്ട്. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകാനുള്ള ലൈസന്‍സ് സ്ഥാപനത്തിനില്ലെന്ന് വിദേശമന്ത്രാലയത്തിനുകീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്റ്‌സ് സ്ഥിരീകരിച്ചിരുന്നു. തട്ടിപ്പില്‍ കാര്‍ത്തിക പ്രദീപിന്റെ സഹോദരിക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്

ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം കാര്‍ത്തിക പ്രദീപ് ആഡംബര ജീവിതത്തിനായാണ് ചെലവിട്ടതെന്നും പൊലീസ് കണ്ടെത്തി. ടേക്ക് ഓഫ് ഓവര്‍സീസ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു ഇന്‍സ്റ്റ താരവും കമ്പനി സിഇഒയുമായ പത്തനംതിട്ട സ്വദേശി കാര്‍ത്തിക പ്രദീപിന്റെ തട്ടിപ്പ്. ഈ സ്ഥാപനത്തിന്റെ പാര്‍ട്‌നര്‍ ആയിരുന്ന യുവാവിനെയാണ് പൊലീസ് തേടുന്നത്. തട്ടിപ്പിലൂടെ സമാഹരിച്ച പണം ആര്‍ഭാട ജീവിതത്തിനു വേണ്ടിയാണ് കാര്‍ത്തിക ചെലവിട്ടതെന്നാണ് പൊലീസ് അനുമാനം. കാര്‍ത്തിക താമസിച്ചിരുന്ന ആഡംബര വില്ലയ്ക്ക് പ്രതിമാസം നാല്‍പ്പത്തി അയ്യായിരം രൂപയായിരുന്നു വാടക. മോഡലിംഗിനു വേണ്ടിയും തട്ടിപ്പ് പണം ചെലവിട്ടു. തൊഴില്‍ കണ്‍സള്‍ട്ടന്‍സിയുടെ അക്കൗണ്ടിലെത്തുന്ന പണം കാര്‍ത്തികയുടെ അക്കൗണ്ടിലേക്ക് മാറ്റിയ ശേഷമായിരുന്നു ചെലവിട്ടത്.

ഉക്രൈനില്‍ നിന്ന് കാര്‍ത്തിക നേടിയ എംബിബിഎസ് ബിരുദത്തിന്റെ ആധികാരികത സ്ഥിരീകരിക്കാനും പൊലീസിന് കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ പരിശീലനം നടത്താനുളള ലൈസന്‍സ് ഉള്‍പ്പെടെയുളള രേഖകള്‍ പക്കലുണ്ടെന്നും ഇത് ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് കാര്‍ത്തിക പൊലീസിനോട് പറഞ്ഞത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് വിലയിരുത്തല്‍. ഒന്നരമാസം മുന്‍പ് കാക്കനാടുള്ള ടാറ്റൂ സ്റ്റുഡിയോയില്‍ കാര്‍ത്തികയും കൂട്ടരും നടത്തിയ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ടാറ്റൂ സ്റ്റുഡിയോ ഉടമ മൂവാറ്റുപുഴ സ്വദേശി ജിത്തുവാണ് അന്ന് ആക്രമണത്തിനിരയായത്. ജിത്തു കാര്‍ത്തികയ്ക്ക് അയച്ച സന്ദേശത്തെ തുടര്‍ന്നായിരുന്നു ഈ കയ്യാങ്കളി.

വിവാഹാലോചനയുമായി ബന്ധപ്പെട്ട് 2023ലാണ് കാര്‍ത്തികയെ ജിത്തു പരിചയപ്പെടുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഒപ്പം കണ്‍സള്‍ട്ടന്‍സി സ്ഥാപന ഉടമയെന്നാണ് കാര്‍ത്തിക പരിചയപ്പെടുത്തിയതെന്ന് ജിത്തു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തന്റെ സുഹൃത്തിനെയും ഭാര്യയെയും കാര്‍ത്തിക പറ്റിച്ചതോടെ ചിത്രം തെളിഞ്ഞു. ഇതോടെ ബന്ധത്തില്‍ നിന്ന് പിന്‍മാറിയെന്ന് ജിത്തു. ആ കാലയളവില്‍ ജിത്തുവിനോട് കാര്‍ത്തിക പങ്കുവെച്ച ചില വിവരങ്ങള്‍ കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായി. മുമ്പ് സീരിയില്‍ നടിയുടെ സഹോദരനുമായി കാര്‍ത്തികാ പ്രദീപിന്റെ വിവാഹ നിശ്ചയം വരെ കാര്യങ്ങളെത്തിയിരുന്നു. പിന്നീട് ഇത് മുടങ്ങി. അതിന് ശേഷമാണ് ജിത്തുവുമായി സൗഹൃദത്തിലായതെന്നും സൂചനയുണ്ട്.

Tags:    

Similar News