നിങ്ങള്‍ അടി മേടിക്കേണ്ട സമയം കഴിഞ്ഞിരിക്കുവാ... നിങ്ങള്‍ക്ക് പണി അറിയില്ലാഞ്ഞിട്ടാ.... പണി മനസ്സിലാക്കിത്തരാം... ; ആ ഭീഷണി രാഷ്ട്രീയ ഗുരുവിന്റെ വണ്‍... ടു... ത്രീ മോഡല്‍! മണിയാശന്റെ ശിഷ്യനെതിരെ കേസെടുക്കില്ല; കട്ടപ്പനയില്‍ ആത്മഹത്യാ പ്രേരണയ്ക്കും കേസില്ല; സാബുവിന്റെ മരണം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുമ്പോള്‍

Update: 2024-12-22 03:38 GMT

കട്ടപ്പന: സഹകരണ സൊസൈറ്റിക്ക് മുന്‍പില്‍ ജീവനൊടുക്കിയ നിക്ഷേപകനെ മുന്‍ കട്ടപ്പന ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തുന്ന ഫോണ്‍വിളി പുറത്തുവന്നിട്ടും ആത്മഹത്യാ പ്രേരണയ്ക്ക് കേസില്ല. കട്ടപ്പന റൂറല്‍ ഡിവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ നിക്ഷേപകനായ സാബുവും സൊസൈറ്റിയുെട മുന്‍ പ്രസിഡന്റും ഇപ്പോള്‍ സി.പി.എം. ജില്ലാ കമ്മിറ്റിയംഗവുമായ വി.ആര്‍. സജിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ഇതിനൊപ്പം ബാങ്ക് ജീവനക്കാരുടെ കൈയ്യേറ്റം അടക്കം പുറത്തു വന്നു. എന്നാല്‍ ഇതിലൊന്നും കേസില്ല. വെറും അസ്വാഭാവിക മരണമായി സാബുവിന്റെ ആത്മഹത്യ തുടരുകയാണ്. ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.

ഭാര്യയുടെ ചികിത്സക്കായി നിക്ഷേപത്തുക ആവശ്യപ്പെട്ട് സൊസൈറ്റിയിലെത്തിയ തന്നെ ജീവനക്കാരന്‍ പിടിച്ചു തള്ളിയെന്ന് സാബു ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. എന്നിട്ട് ജീവനക്കാരനെ താന്‍ മര്‍ദിച്ചുവെന്ന് വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും മുന്‍ ഏരിയാ സെക്രട്ടറിയോട് സാബു പരാതിയായി പറയുന്നു. 'ഈ മാസത്തില്‍ തരേണ്ട പകുതി പൈസ നല്‍കിയിട്ട് നിങ്ങളയാളെ ഉപദ്രവിക്കേണ്ട കാര്യമെന്താ? നിങ്ങള്‍ വിഷയം ഒന്നും മാറ്റണ്ടാ. നമ്മള്‍ ഇതറിഞ്ഞിട്ട് മിണ്ടാതിരിക്കുന്നതാ. നിങ്ങള്‍ അടി മേടിക്കേണ്ട സമയം കഴിഞ്ഞിരിക്കുവാ. നിങ്ങള്‍ക്ക് പണി അറിയില്ലാഞ്ഞിട്ടാ. പണി മനസ്സിലാക്കിത്തരാം. ഞങ്ങള്‍ ഭൂമിയോളം ക്ഷമിച്ചാണ് നില്‍ക്കുന്നത്'- എന്നായിരുന്നു സജിയുടെ മറുപടി. ഇതിന് ശേഷവും ചില സിപിഎം നേതാക്കള്‍ സാബുവിനെ ഭീഷണിപ്പെടുത്തിയെന്നും സൂചനയുണ്ട്. ഇതിലേക്കൊന്നും അന്വേഷണം പോകുന്നില്ല.

തനിക്കിങ്ങനത്തെ പണി അറിയില്ലെന്നും തന്നെ വേണമെങ്കില്‍ കൊന്നോ എന്നും സാബു വിഷമത്തോടെ സിപിഎം നേതാവിനോട് പറയുന്നതും റെക്കോര്‍ഡില്‍ കേള്‍ക്കാം. താന്‍ ആരേയും നുള്ളി നോവിച്ചിട്ടില്ല. മര്‍ദിച്ചെന്ന ആരോപണം വ്യാജമാണ്. പണം ചോദിച്ചപ്പോള്‍ മോശമായ പദപ്രയോഗത്തോടെ പിടിച്ചുതള്ളി. ക്യാമറ പരിശോധിച്ചാല്‍ അത് മനസ്സിലാകുമെന്നും സാബു പറയുന്നുണ്ട്. താനത് വിശ്വസിക്കുന്നില്ലെന്നായിരുന്നു സി.പി.എം. നേതാവിന്റെ നിലപാട്. സൈസൈറ്റി പ്രതിസന്ധിയിലാണെന്നും സാബുവിന് നല്‍കാനുള്ള പണം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും അത് ഉടന്‍ നല്‍കുമെന്നും സംഭാഷണത്തിനിടെ സജി പറയുന്നുണ്ട്. രണ്ടാമതൊരു ഫോണ്‍ റെക്കോഡും പ്രചരിക്കുന്നുണ്ട്. അതില്‍ അനുനയ സ്വരമാണെന്നതാണ് വസ്തുത. സിപിഎം കേന്ദ്രങ്ങളാണ് ഇത് പുറത്തു വിട്ടത്. എംഎം മണിയുടെ അടുപ്പക്കാരനായ നേതാവാണ് സജി. അതുകൊണ്ട് കൂടിയാണ് സജിക്കെതിരെ നടപടി എടുക്കാന്‍ പോലീസിന് കഴിയാത്തത്. ജില്ലാ നേതൃത്വവും സജിക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്നതാണ് കാണുന്നത്. മണിയുടെ വണ്‍ ടു ത്രീ പ്രസംഗം അടക്കം വീണ്ടും ചര്‍ച്ചകളില്‍ എത്തുന്നുണ്ട്. ഇതിനിടെയാണ് സജിയുടെ പുതിയ മോഡല്‍ ഭീഷണിയും.

സാബുവിന്റെ കുടുംബത്തിനൊപ്പമാണ് പാര്‍ട്ടിയെന്ന് സി.പി.എം. ഇടുക്കി ജില്ലാസെക്രട്ടറി സി.വി. വര്‍ഗീസ് ആവര്‍ത്തിച്ചു. ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞകാര്യങ്ങളില്‍ പോലീസ് കൃത്യമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണം. വി.ആര്‍.സജിയും സാബുവും തമ്മിലുള്ള സംഭാഷണത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് വിവാദമുണ്ടാക്കുകയാണ്. പണം ഉറപ്പായും നല്‍കുമെന്നാണ് സംഭാഷണത്തില്‍ സജി പറയുന്നത്. ജാഗ്രതക്കുറവ് ഉണ്ടായോ എന്ന് പാര്‍ട്ടി പരിശോധിക്കുമെന്നും സി.വി. വര്‍ഗീസ് പറഞ്ഞു. കോണ്‍ഗ്രസ് ഭരണകാലത്ത് 20 കോടി വായ്പ നല്‍കിയെന്നും ഈ പണം തിരികെ വരാത്തതാണ് സൊസൈറ്റിയിലെ പ്രതിസന്ധിക്ക് കാരണമെന്നും കട്ടപ്പന ഏരിയാസെക്രട്ടറി മാത്യു ജോര്‍ജ് പറഞ്ഞു.

സാബുവിന് സൊസൈറ്റി നല്‍കാനുള്ളത് 12 ലക്ഷമാണ്. അദ്ദേഹം സൊസൈറ്റിയില്‍ എത്തി തര്‍ക്കമുണ്ടാക്കി. വി.ആര്‍.സജി ഭരണസമിതി അംഗം എന്ന നിലയിലാണ് സംസാരിച്ചത്. പാര്‍ട്ടി സാബുവിന്റെ കുടുംബത്തോടൊപ്പമാണ് -മാത്യു ജോര്‍ജ് പറഞ്ഞു.

സാബുവിന്റെ ഭാര്യ പറയുന്നത്

കെണിയില്‍ പെട്ടുപോയെന്നും ബാങ്ക് ഭരണസമിതി എന്തെങ്കിലും ചെയ്യുമോയെന്ന് ഭീതിയുണ്ടെന്നും മരിക്കുന്നതിന്റെ തലേന്ന് സാബു പറഞ്ഞിരുന്നതായി ഭാര്യ മേരിക്കുട്ടി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. 2007 മുതല്‍ കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. സ്ഥലമിടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ പണം ആവശ്യം വന്നപ്പോഴാണ് ബാങ്കിനെ സമീപിച്ചത്. നിക്ഷേപിച്ച തുകയില്‍ നിന്ന് 10 ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ സെക്രട്ടറിയും ജീവനക്കാരും തടസവാദമുന്നയിച്ചു. നിരവധിത്തവണ കയറിയിറങ്ങിയപ്പോഴാണ് കുറച്ച് പണം ലഭിച്ചത്.

പലപ്പോഴും കരഞ്ഞുകൊണ്ട് തിരികെ മടങ്ങേണ്ടി വന്നു.ഓഫീസിലെത്തുമ്പോള്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ അപമര്യാദയായി പെരുമാറി. പിന്നീട് ഭരണസമിതി യോഗം ചേര്‍ന്ന് പ്രതിമാസം പലിശ ഉള്‍പ്പെടെ ഒന്നേകാല്‍ ലക്ഷം രൂപ വീതം നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ ഓഫീസിലെത്തുമ്പോള്‍ പിന്നീട് തരാമെന്നു പറഞ്ഞ് മടക്കി അയച്ചു. ക്രിസ്മസിന് സാബുവിന്റെ കടയിലേക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും പണം ആവശ്യപ്പെട്ടപ്പോള്‍ കുറച്ചു നല്‍കി. കഴിഞ്ഞ ദിവസം തന്റെ ശസ്ത്രക്രിയയ്ക്ക് പണം ആവശ്യപ്പെട്ടപ്പോഴും ജീവനക്കാര്‍ മോശമായി പെരുമാറി.

പിന്നീട് മകന്‍ ചെന്ന് സംസാരിച്ചപ്പോഴാണ് രണ്ട് തവണയായി 80,000 രൂപ നല്‍കിയത്.അടുത്തദിവസം സാബു അധികൃതരെ സമീപിച്ചപ്പോള്‍ ജീവനക്കാരിലൊരാളായ ബിനോയി അസഭ്യം പറഞ്ഞു. പലിശയടക്കം 15 ലക്ഷത്തോളം രൂപ ഇനിയും കിട്ടാനുണ്ട്. സാബുവിന്റെ മരണത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മേരിക്കുട്ടി പറഞ്ഞു.

Tags:    

Similar News