ആല്‍ത്തറയില്‍ ആദ്യ വനിതാ ഗുണ്ടയെ വിലങ്ങണിയിച്ചു; ഇന്ദുവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതു കൊലയെന്നും തെളിയിച്ചു; ആറ്റുകാല്‍ അമ്മയ്ക്ക് ഭക്തിഗാനമൊരുക്കിയ കലാകാരന്‍; കേഡലിന്റെ 'ആസ്ട്രല്‍ പ്രൊജക്ഷന്‍' തകര്‍ത്തത് കോവളത്തെ വിദേശ വനിതയെ കൊന്നവര്‍ക്ക് ശിക്ഷ വാങ്ങി നല്‍കിയ അതേ അന്വേഷണ മികവ്; നന്ദന്‍കോട്ടും നേര് തെളിയിച്ച് എ സി ജെ കെ ദിനില്‍
നന്ദന്‍കോട്ടും നേര് തെളിയിച്ച് എ സി ജെ കെ ദിനില്‍
തിരുവനന്തപുരം: വെറുമൊരു കാണാതാകല്‍ കേസായി മാറുമായിരുന്നു ലാത്വിയന്‍ യുവതിയുടെ കൊലപാതകം. പോത്തന്‍കോട്ടെ ആശ്രമത്തില്‍ നിന്നും ഇറങ്ങിയ വിദേശ വനിത കോവളത്ത് എത്തിയതിന് മാത്രമായിരുന്നു തെളിവ്. തുമ്പൊന്നുമില്ലാത്ത കേസില്‍ സിസിടിവി സഹായത്തോടെ പൊലീസ് നടന്നു നീങ്ങി. അങ്ങനെ കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞു. ആരും എത്താത്ത തുരുത്തില്‍ നിന്നും മൃതദേഹം കണ്ടെത്തി. പിന്നീട് കൊലയാളിയേയും.
ദൃക്‌സാക്ഷിയില്ലാത്ത കേസില്‍ തുമ്പുണ്ടാക്കിയത് അന്വേഷകനായ ജെകെ ദിനിലാണ്. കേരളാ പൊലീസിലെ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറായിരിക്കെ ദിനില്‍ നടത്തിയ അന്വേഷണമാണ് കോവളം കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം നല്‍കിയത്. ആ കേസില്‍ പ്രതികള്‍ നിഷ്പ്രയാസം ഊരിപ്പോകുമെന്ന് കരുതിയവരെ ഞെട്ടിച്ച വിധി. അതിന് അപ്പുറത്തായിരുന്നു കേഡല്‍ ജിന്‍സണ്‍ രാജ കേസ്. അന്ധവിശ്വാസത്തിന്റെ മനാസിക രോഗിയുടെ മേലങ്കിയില്‍ ഒളിച്ച് രക്ഷപ്പെടാനുള്ള കേഡല്‍ ജിന്‍സണ്‍ രാജയുടെ അതിബുദ്ധിയെ ദിനില്‍ പൊളിച്ചു. അതാണ് കേഡല്‍ കേസില്‍ നിര്‍ണ്ണായകമായത്.
തിരുവനന്തപുരം പിരപ്പന്‍കോട് സ്വദേശിയായ ജെ. കെ. ദിനില്‍ 2003ല്‍ സബ് ഇന്‍സ്പെക്ടര്‍ ആയാണ് സര്‍വീസ്സില്‍ പ്രവേശിക്കുന്നത്. മികച്ച ട്രാക്ക് റിക്കോര്‍ഡ് ഉള്ള ഉദ്യോഗസ്ഥനാണ് ദിനില്‍. ഫോര്‍ട്ട് അസിറ്റന്റ് കമ്മീഷണറായി ജോലി നോക്കവേ ആറ്റുകാല്‍ ക്ഷേത്രത്തിന്റെ ചുമതല ദിനിലിനായിരുന്നു. ഫോര്‍ട്ട് സ്റ്റേഷനിലെ ചുമതല ഒഴിയും മുമ്പ് ആറ്റുകാല്‍ അമ്മയ്ക്ക് അര്‍ച്ചനയായി ഭക്തിഗാനവും രചിച്ചു. സുജാതയാണ് ഈ ഗാനം ആലപിച്ചത്. അതിന് ശേഷം തിരുവനന്തപുരം കമ്മീഷണര്‍ക്ക് കീഴിലായി ഉത്തരവാദിത്തം.
ഇതിനിടെ എകെജി സെന്റര്‍ ആക്രമണ കേസ് അന്വേഷണത്തിനുള്ള പ്രത്യേക സംഘത്തേയും നയിച്ചു. നിലവില്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറാണ് ജെ. ദിനില്‍. തിരുവനന്തപുരം നന്തന്‍കോട് ഒരു കുടുംബത്തിലെ നാലുപേരെ കൊലപെടുത്തിയ കേസിന്റെ പ്രാഥമിക അന്വേഷണ ഉദ്യോഗസ്ഥന്‍ അന്ന് മ്യൂസിയം സി. ഐ. ആയിരുന്ന ദിനിലായിരുന്നു. ഈ കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയാണ് ഇപ്പോള്‍ ശിക്ഷക്കപ്പെടുന്നത്.
നന്തന്‍കോട് കൂട്ടക്കൊലപാതകത്തില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ 30 വര്‍ഷമെങ്കിലും ജയിലില്‍ കഴിയേണ്ടി വരും. 12 വര്‍ഷം തുടര്‍ച്ചയായിട്ട് കേഡല്‍ ശിക്ഷ അനുഭവിക്കണം. അതിനുശേഷം മാത്രമേ ജീവപര്യന്തം ശിക്ഷ ആരംഭിക്കുകയുള്ളു. തെളിവ് നശിപ്പിച്ചതിനും വീട് തീവെച്ചതിനുമാണ് ആദ്യത്തെ 12 വര്‍ഷത്തെ ശിക്ഷ. വധശിക്ഷയെക്കാളും 30 വര്‍ഷത്തിലധികം എങ്കിലും ജയിലില്‍ കിടക്കേണ്ടി വരുന്ന വിധിയാണ് ഇത്. അതുകൊണ്ട് തന്നെ ദിനിലിന് ഏറെ അഭിമാനം നല്‍കുന്ന വിധിയായി ഇത് മാറുന്നു.
അഞ്ചുതവണ പ്രതിക്ക് സൈക്യാട്രിക് ട്രീറ്റ്മെന്റ് നടത്തി. വിചാരണയ്ക്കിടെ മാനസിക വിഭ്രാന്തി കാണിച്ചിരുന്നു. കൃത്യം നടന്ന സമയത്ത് പ്രതിക്ക് ഒരു മാനസിക പ്രശ്നവുമില്ല. എന്നാല്‍ വിചാരണയ്ക്കിടെ മാനസിക പ്രശ്നങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ നിലവില്‍ അത്തരം പ്രശ്നമൊന്നുമില്ല. കേസില്‍ വധശിക്ഷക്ക് വേണ്ടിയായിരുന്നു ശ്രമിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി റാങ്കിലുള്ള ജെ.കെ ദിനില്‍ പറഞ്ഞു. പ്രതിയുടെ പ്രായം അടക്കം കോടതി പരിഗണിച്ചു. തുടര്‍നടപടികള്‍ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോളിളക്കം സൃഷ്ടിച്ച ആല്‍ത്തറ വിനീഷ് കൊല കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതും മ്യൂസിയം സി. ഐ. ആയിരിക്കെ ദിനിലാണ്. കേരളത്തിലെ ആദ്യത്തെ വനിതാ ഗുണ്ട ശോഭാ ജോണ്‍ പ്രതി ആയ കേസ് ആയിരുന്നു ഇത്. ആദ്യ വനിതാ ഗുണ്ടയ്ക്ക് കൈയാമം വച്ചതും ദിനിലാണ്. കോഴിക്കോട് എന്‍. ഐ. ടി. വിദ്യാര്‍ത്ഥിനി ആയിരുന്ന ഇന്ദുവിനെ ട്രെയിനില്‍ നിന്നും തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണ സംഘത്തില്‍ ക്രൈം ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ആയിരിക്കെ ദിനില്‍ ഉണ്ടായിരുന്നു.
2016 ലെ പേട്ട വിഷ്ണു കൊലകേസ് പുനര്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. നേമം കാരക്കമണ്ഡപത്തുള്ള റെഫീഖിനെ കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി നിര്‍ദ്ദേശം അനുസരിച്ചു പുനര്‌ന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും ഇദ്ദേഹം തന്നെ. തുടര്‍ന്ന് നേമം കാരക്കമണ്ഡപം കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ വാങ്ങി നല്‍കാന്‍ കഴിഞ്ഞു.
സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടര്‍ ആയിരിക്കെ മാധ്യമ പ്രവര്‍ത്തകയുടെ ഫോട്ടോ വ്യാജമായി ഉണ്ടാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ലൈംഗിക അധിക്ഷേപം ഉണ്ടാക്കിയ കേസിന്റെ അന്വേഷണ മികവിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചിട്ടുണ്ട്. മികച്ച പൊലീസ് ഉദ്യോഗസ്ഥനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ലഭിച്ചു. ഫോര്‍ട്ട് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ആയിരിക്കെ ആണ് 2018 ല്‍ ലാത്വിയന്‍ യുവതിയുടെ കൊലപാതക കേസ് അന്വേഷിച്ചത്.
ആദ്യം വുമണ്‍ മിസ്സിങ് ആയി അന്വേഷിച്ച കേസ് പിന്നീട് ബലാത്സംഗ കൊലപാതക കേസ് ആയി മാറുകയായിരുന്നു. ലഭ്യമായ ശാസ്ത്രീയ തെളിവുകളുടെയും, സാഹചര്യതെളിവുകളുടെയും പിന്‍ബലത്തിലാണ് പ്രതികളിലേക്കെത്തിയത്. ദൃക്‌സാക്ഷികളില്ലാത്ത ഈ കേസ് തെളിയിക്കുക ഏറെ ദുഷ്‌കരമായിരുന്നു. ഈ കേസിന്റെ അന്വേഷണത്തിന് സത് സേവനരേഖ ലഭിച്ചിരുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കിയ പ്രത്യേക അന്വേഷണ സംഘത്തിന് ഡി.ജി.പി അനുമോദന പത്രവും കിട്ടി.
2017 ഏപ്രില്‍ എട്ടിനാണ് ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോമ്പൗണ്ടിലെ 117ാം നമ്പര്‍ വീട്ടില്‍ പ്രൊഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധം ഉപയോഗിച്ചു പരുക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നിവയ്‌ക്കെതിരായ വകുപ്പുകളാണ് കേഡലിനെതിരെ ചുമത്തിയത്.
ഏപ്രില്‍ അഞ്ചിനായിരുന്നു കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം. കൊലയ്ക്കുശേഷം മൃതദേഹം പ്ലാസ്റ്റിക് ഷീറ്റില്‍വച്ച് വെട്ടിനുറുക്കി കത്തിച്ചു. ഇതിനിടെ പ്രതിക്കും പൊള്ളലേറ്റു. തുടര്‍ന്ന് മൃതദേഹങ്ങള്‍ വീടിനുള്ളിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് രക്ഷപ്പെട്ടു. തിരികെവരുംവഴിയാണ് പിടിയിലായത്. ആത്മാവിനെ ശരീരത്തില്‍നിന്ന് വേര്‍പെടുത്തുന്ന പരീക്ഷണമായ ആസ്ട്രല്‍ പ്രൊജക്ഷന്‍ നടത്തുന്നതിനിടെയാണ് കൊല നടത്തിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
പ്രോസിക്യൂഷന് വേണ്ടി ദിലീപ് സത്യന്‍ ഹാജരായി. അഡ്വ. റിയ, അഡ്വ. നിധിന്‍ എന്നിവര്‍ സഹായികളായി. 2024 നവംബര്‍ 13നാണ് വിചാരണ ആരംഭിച്ചത്. 65 ദിവസത്തെ വിചാരണയ്ക്കിടെ 42 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ തെളിവ് ഉള്‍പ്പെടെ 120 രേഖയും 90 തൊണ്ടിമുതലും ഹാജരാക്കി. ആളുകളെ വെട്ടിക്കൊല്ലുന്നത് യൂട്യൂബില്‍ കണ്ടതും മഴു ഓണ്‍ലൈനില്‍ വാങ്ങിയതും പ്രധാന തെളിവായി. മ്യൂസിയം സിഐയും ഇപ്പോള്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുമായ ജെ കെ ദിനിലിനായിരുന്നു അന്വേഷണച്ചുമതല. തുടരന്വേഷണം അന്നത്തെ കന്റോണ്‍മെന്റ് എസിയും ഇപ്പോള്‍ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിയുമായ കെ ഇ ബൈജുവിന് നല്‍കി. അദ്ദേഹമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.