നടുറോഡില്‍ സര്‍ജറി ഞെട്ടിച്ച് ഡോക്ടര്‍മാര്‍; ജീവന്‍രക്ഷാ ഉപകരണങ്ങളായി ബ്ലേഡും സ്‌ട്രോയും; സിനിമാ രംഗത്തെ വെല്ലുന്ന കാഴ്ച്ച യഥാര്‍ഥ ജീവിതത്തില്‍; മൂന്ന് യുവ ഡോക്ടര്‍മാരുടെ ഇടപെടലിലൂടെ ജീവന്‍ തിരിച്ചു കിട്ടിയത് പുന്നല സ്വദേശി ലിനു ഡെന്നിസിന്; ആ ജീവന്‍ രക്ഷിച്ചതിന് പിന്നിലെ ടീം വര്‍ക്കിന് എങ്ങും കയ്യടി

നടുറോഡില്‍ സര്‍ജറി ഞെട്ടിച്ച് ഡോക്ടര്‍മാര്‍

Update: 2025-12-23 05:23 GMT

കൊച്ചി: നടുറോഡില്‍ സര്‍ജറി ഒരു ജീവന്‍ തിരിച്ചു പിടിച്ചു ഞെട്ടിച്ച് മൂന്ന് യുവഡോക്ടര്‍മാര്‍. എറണാകുളം ഉദയംപേരൂരില്‍ റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിന് നടുറോഡില്‍ എമര്‍ജന്‍സി സര്‍ജറി ചെയ്ത് വഴിയാത്രക്കാരായ ഡോക്ടര്‍മാര്‍ രക്ഷകരായത് വാര്‍ത്തകളില്‍ നിറയുകയാണ്. പത്തുപതിനഞ്ച് മൊബൈല്‍ ലൈറ്റുകളുടെ വെളിച്ചത്തില്‍ തിരക്കേറിയ റോഡിന്റെ ഓരത്ത് നടത്തിയ ഓപ്പറേഷന്‍ ജീവിതത്തിലെ വലിയൊരു അനുഭവമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

തെക്കന്‍ പറവൂരിലെ സെയ്ന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് പള്ളിയിലേക്ക് യാത്ര ചെയ്യുന്ന വേളിലാണ് ഡോക്ടര്‍ ദമ്പതിമാരായ തോമസും ദിനിയും വഴിയിലെ ബ്ലോക്ക് കണ്ട് കാര്‍ നിര്‍ത്ിയത്. ഉദയംപേരൂര്‍ വലിയകുളത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ ലിനീഷിനാണ് അടിയന്തര ചികിത്സ നല്‍കിയത്. സാധാരണയായി ആശുപത്രികളിലെ എമര്‍ജന്‍സി റൂമുകളില്‍ ചെയ്യുന്ന സര്‍ജറി ആണ് റോഡരികില്‍ ചെയ്തത്. എറണാകുളം ഇന്ദിരാഗാന്ധി ഹോസ്പിറ്റലിലെ ഡോ തോമസ് പീറ്റര്‍, ഭാര്യ ഡോ ദിദിയ, കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോവാസ്‌കുലര്‍ തൊറാസിക് സര്‍ജന്‍ ഡോ മനൂപ് എന്നിവരാണ് ജീവന്‍ രക്ഷിക്കാന്‍ കാരണക്കാരായത്.

അപകടത്തില്‍ യുവാവിന്റെ മൂക്കും പല്ലും തകര്‍ന്നിരുന്നു. ഇവിടെ നിന്നുള്ള രക്തമിറങ്ങി കട്ടപിടിച്ച് ശ്വാസനാളം അടഞ്ഞ നിലയിലായിരുന്നു. ശ്വാസം എടുക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. അപ്പോഴേക്ക് അബോധാവസ്ഥയില്‍ ആയിരുന്നു. ആശുപത്രിയില്‍ എത്തിക്കാനുള്ള സമയവും ഉണ്ടായിരുന്നില്ല. ഈ അവസ്ഥയിലാണ് കൈയില്‍ കിട്ടിയ റേസര്‍ ബ്ലേഡ് ഉപയോഗിച്ച് ശ്വാസനാളം തുറന്നത്. തുടര്‍ന്ന് സ്‌ട്രോ ഇറക്കി അതിലൂടെ ശ്വാസം നല്‍കി. പിന്നീട് യുവാവിനെ വൈറ്റിലയിലെ വെല്‍കെയര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഒരാളുടെ നില ഗുരുതരമായിരുന്നില്ല. മറ്റൊരാള്‍ക്ക് തലയിലായിരുന്നു പരിക്ക്. പക്ഷെ സംസാരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ മൂന്നാമത്തെ ആള്‍ക്ക് അതീവ ഗുരുതരമായിരുന്നു. അയാളുടെ കഴുത്തു മറ്റൊരാള്‍ പിടിച്ചിരുന്നു. പിടിച്ച രീതി കണ്ടപ്പോള്‍ ഒരു മെഡിക്കല്‍ പ്രഫഷണല്‍ ആണെന്ന് മനസിലായി. ചോദിച്ചപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോവാസ്‌കുലര്‍ തൊറാസിക് സര്‍ജന്‍ ആണെന്ന് പറഞ്ഞു.

ഗുരുതരാവസ്ഥ കണ്ടാണ് സര്‍ജറി ചെയ്യാന്‍ തീരുമാനിച്ചത്. ഡോക്ടര്‍മാര്‍ മാത്രമല്ല അവിടെ കൂടിയിരുന്ന ആളുകളും പോലീസും ഉള്‍പ്പടെ എല്ലാവരും കൈകോര്‍ത്തത് കൊണ്ടാണ് ആ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്. ''സാഹചര്യം മനസിലാക്കി ആളുകള്‍ എത്തിച്ചുതന്ന ബ്ലേഡും സ്‌ട്രോയും ഉപയോഗിച്ച് സര്‍ജറിക്ക് ചെയ്യേണ്ടിവന്നത് ജീവിതത്തിലെ വല്ലാത്തൊരു അനുഭവമായി. ഒരു ഡിഗ്രിക്കും അവാര്‍ഡിനും നല്‍കാന്‍ കഴിയാത്ത എക്‌സ്പീരിയന്‍സ് ആയിരുന്നു അത്''; ഡോ തോമസ് പീറ്റര്‍ വിശദീകരിച്ചു.

തെക്കന്‍ പറവൂരിലെ സെയ്ന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് പള്ളിയിലേക്ക് എത്തുന്നതിന് കുറച്ചുമുന്‍പ് റോഡില്‍ വാഹനക്കുരുക്കില്‍പ്പെട്ടപ്പോഴാണ് അവര്‍ ആ ദൃശ്യം കണ്ടതെന്നാണ് തോമസ് പീറ്റര്‍ പറയുന്നു. റോഡില്‍ ഒരാള്‍ രക്തം വാര്‍ന്ന് കിടക്കുന്നു, സമീപത്ത് തകര്‍ന്ന ഒരു ബൈക്കും. അതിവേഗം കാറില്‍ നിന്നിറങ്ങിയപ്പോഴാണ് റോഡിന്റെ മറുവശത്ത് മറ്റൊരാള്‍ അതിനെക്കാള്‍ ഗുരുതരമായ അവസ്ഥയില്‍ രക്തംവാര്‍ന്ന് കിടക്കുന്നതു കണ്ടത്. പരിക്കേറ്റയാളുടെ കഴുത്ത് പ്രത്യേക രീതിയില്‍ പിടിച്ച് ഒരാള്‍ പരിചരിക്കുന്നത് കണ്ടപ്പോള്‍ മനസ്സിലായി അയാളും ഒരു ഡോക്ടറാണെന്ന്. പിന്നെ റോഡില്‍ വെച്ചുതന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് സമാനമായ കാര്യങ്ങള്‍ ചെയ്ത് ആ ഡോക്ടര്‍മാര്‍ അയാളുടെ ജീവന്‍ രക്ഷിച്ചു.

എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാരായ തോമസ് പീറ്ററും ദിദിയ തോമസും കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം അസി. പ്രൊഫസര്‍ ഡോ. ബി. മനൂപിനൊപ്പം ചേര്‍ന്ന് രക്ഷിച്ചത് കൊല്ലം പുന്നല സ്വദേശി ലിനു ഡെന്നിസി (40) ന്റെ ജീവനാണ്.

ഒരു ജീവന്‍ രക്ഷിക്കാന്‍ മൂന്നു ഡോക്ടര്‍മാര്‍ ചെയ്തത് സിനിമയെ വെല്ലുന്ന കാര്യങ്ങള്‍. ഹോളിവുഡ് സിനിമയായ നോബഡി, തമിഴ് സിനിമയായ മെര്‍സല്‍, വെബ് സീരീസായ ഗുഡ് ഡോക്ടര്‍ തുടങ്ങിയവയിലൊക്കെ കണ്ട രംഗങ്ങളാണ് ഇപ്പോള്‍ യഥാര്‍ഥ ജീവിതത്തിലും സംഭവിച്ചത്. മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍, റോഡില്‍വെച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് അവര്‍ വിലപ്പെട്ട ഒരു ജീവന്‍ രക്ഷിച്ചത്.

'ഗുരുതരമായ പരിക്കില്ലാത്ത ഒരാള്‍ റോഡില്‍നിന്ന് പതുക്കെ എഴുന്നേറ്റു പോകുന്നത് കണ്ടു. മറ്റൊരാള്‍ റോഡിനു നടുവില്‍ മലര്‍ന്ന് കിടപ്പുണ്ടായിരുന്നു. വായില്‍നിന്ന് രക്തം വാര്‍ന്നു കിടക്കുമ്പോഴും അയാള്‍ സംസാരിക്കുന്നുണ്ടായിരുന്നു. അതോടെ അയാള്‍ക്ക് ശ്വാസതടസ്സങ്ങളില്ലെന്ന് മനസ്സിലായി' - ഡോ. തോമസും ദിദിയയും പറഞ്ഞു.

ആംബുലന്‍സ് വന്നപ്പോള്‍ സ്‌പൈനല്‍ ബോര്‍ഡ് കൊണ്ടുവന്ന് രണ്ടാമത്തെയാളെ നട്ടെല്ലിന് ക്ഷതമേല്‍ക്കാതെ അതില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍, റോഡില്‍ കിടന്നിരുന്ന മൂന്നാമത്തെ ആള്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. അയാളുടെ ശ്വാസകോശത്തില്‍ മണ്ണും രക്തവും കലര്‍ന്ന് ശ്വസനം തടസ്സപ്പെട്ടിരുന്നു. ഗാസ്പിങ് എന്ന് മെഡിക്കല്‍ ഭാഷയില്‍ പറയുന്ന ഈ അവസ്ഥയിലുള്ളയാള്‍ക്ക് എത്രയും പെട്ടെന്ന് ശ്വസിക്കാന്‍ അവസരമൊരുക്കലാണ് ജീവന്‍ രക്ഷിക്കാനുള്ള മാര്‍ഗം.


കൃത്രിമമായ ഒരു ശ്വസനരീതി ഉണ്ടാക്കലാണ് അവിടെ വേണ്ടിയിരുന്നത്. ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ ചെയ്യേണ്ട ഈ കാര്യം റോഡില്‍വെച്ചുതന്നെ ചെയ്യാന്‍ മൂന്നു ഡോക്ടര്‍മാരും ചേര്‍ന്ന് തീരുമാനമെടുത്തു. കഴുത്തില്‍ ആഡംസ് ആപ്പിള്‍ എന്ന ഭാഗത്തിന് തൊട്ടുതാഴെ ക്രിക്കോയ്ഡ് എന്ന ഭാഗത്തുകൂടി ശ്വാസം നല്‍കാനായിരുന്നു ഞങ്ങളുടെ ശ്രമം. അതിനായി ക്രിക്കോയ്ഡിന്റെ ഭാഗത്തെ തൊലിയിലും അതിനുതാഴെയുള്ള കാര്‍ട്ട്ലേജിലും അതിനും താഴെയുള്ള മെംബ്രെയ്നിലും ദ്വാരമുണ്ടാക്കി.

''ചുറ്റും കൂടിനിന്നവരോട് ബ്ലേഡും ഗ്ലൗസും സ്ട്രോയുമാണ് ഞങ്ങള്‍ ചോദിച്ചത്. ഗ്ലൗസ് കിട്ടിയില്ലെങ്കിലും ആരോ തന്ന ബ്ലേഡ് ഉപയോഗിച്ച് ഞങ്ങള്‍ കഴുത്തില്‍ ദ്വാരമിട്ടു. അതിനുശേഷം സ്ട്രോ തിരുകിയപ്പോഴേക്കും അയാള്‍ക്ക് തടസ്സപ്പെട്ട ശ്വാസം പതുക്കെ എടുക്കാനായി. എന്നാല്‍ ആ പേപ്പര്‍ സ്ട്രോ രക്തത്തില്‍ കുതിര്‍ന്ന് അലിയാന്‍ തുടങ്ങി. അതോടെ അതുമാറ്റി ജ്യൂസ് പാക്കറ്റിലെ പ്ലാസ്റ്റിക് സ്ട്രോ ഇട്ടു. ശ്വാസതടസ്സം നീക്കിയപ്പോഴേക്കും ആംബുലന്‍സ് വന്നിരുന്നു. -അവര്‍ പറഞ്ഞു.

Tags:    

Similar News