കിട്ടാനുള്ള 158 കോടി രൂപ നല്‍കിയില്ലെങ്കില്‍ നിലവില്‍ വിതരണം ചെയ്ത ഉപകരണങ്ങള്‍ തിരിച്ചെടുക്കുമെന്ന് അന്ത്യശാസനം; ശസ്ത്രക്രിയയ്ക്ക് ആവശ്യമായ കൊറോണറി സ്റ്റെന്റും ഗൈഡ് വയറും ഗൈഡ് കത്തീറ്ററും പിടിസിഎ ബലൂണും ഇല്ല; ഡോ ഹാരീസ് ചിറയ്ക്കല്‍ പറഞ്ഞതെല്ലാം വീണ്ടും സത്യമാകുന്നു; കേരളത്തിന്റെ 'ആരോഗ്യം' വെന്റിലേറ്ററില്‍

Update: 2025-09-23 02:44 GMT

തിരുവനന്തപുരം: ആരോഗ്യത്തിന്റെ 'കേരളാ മോഡല്‍' പ്രതിസന്ധിയില്‍ തന്നെ. എന്നാല്‍ സര്‍ക്കാരിന് ഇടപെടാന്‍ സാമ്പത്തിക പ്രതിസന്ധി തടസ്സമാകുകയാണ്. മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളിലെ ഉപകരണക്ഷാമം കടുത്ത പ്രതിസന്ധിയിലേക്ക് കടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡോ ഹാരീസ് ചിറയ്ക്കല്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ ഇതോടെ പുതിയ തലത്തിലെത്തുകയാണ്.

ഉപകരണങ്ങള്‍ വിതരണം ചെയ്ത ഇനത്തില്‍ കിട്ടാനുള്ള 158 കോടി രൂപ നല്‍കിയില്ലെങ്കില്‍ നിലവില്‍ വിതരണം ചെയ്ത ഉപകരണങ്ങള്‍ തിരിച്ചെടുക്കുമെന്ന് അന്ത്യശാസനം നല്‍കി മെഡിക്കല്‍ ഉപകരണ വിതരണക്കാരുടെ സംഘടന (സിഡിഎംഐഡി). ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന മെഡിക്കല്‍ കോളജ് സൂപ്രണ്ടുമാര്‍ക്കും കാര്‍ഡിയോളജി വിഭാഗം മേധാവിമാര്‍ക്കും കത്തു നല്‍കി. ഈ വിഷയം വാര്‍ത്തകളില്‍ എത്തിയിട്ടും സര്‍ക്കാര്‍ ഇടപെടലിന് ശ്രമിക്കുന്നില്ലെന്ന പരാതിയുണ്ട്. ഹാരീസ് ചിറയ്ക്ക്ല്‍ ഉയര്‍ത്തിയ ഉപകരണ ക്ഷാമത്തേക്കാള്‍ ഗുരുതര അവസ്ഥയിലേക്ക് കാര്യങ്ങളെത്തുമെന്നാണ് സൂചനകള്‍. അതിവേഗം വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.

കുടിശിക ലഭിക്കാത്തതിനാല്‍, ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന കമ്പനികള്‍ക്കു നല്‍കാന്‍ പണമില്ലെന്നും കൂടുതല്‍ സ്റ്റോക്ക് എടുക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും വിതരണക്കാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ കൊറോണറി സ്റ്റെന്റ്, ഗൈഡ് വയര്‍, ഗൈഡ് കത്തീറ്റര്‍, പിടിസിഎ ബലൂണ്‍ എന്നിവയുടെ സ്റ്റോക്ക് തീര്‍ന്നു. ആശുപത്രികളിലേക്ക് പുതിയ സ്റ്റോക്ക് അയയ്ക്കാനാവില്ല. പുതിയ പര്‍ച്ചേസ് ഓര്‍ഡറുകളും സ്വീകരിക്കാനാവില്ല. മാര്‍ച്ച് 31 വരെയുള്ള കുടിശികയായ 100 കോടി രൂപ അടിയന്തരമായി നല്‍കിയാല്‍ അതു കമ്പനികള്‍ക്കു കൈമാറി സ്റ്റോക്ക് എടുക്കാമെന്നാണ് വിതരണക്കാരുടെ സംഘടന പറയുന്നത്. മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള 21 ആശുപത്രികളില്‍നിന്ന് 158.68 കോടി ലഭിക്കാനുണ്ടെന്നു കാട്ടി മുന്‍പ് മന്ത്രി വീണാ ജോര്‍ജിനു കത്തയച്ചിരുന്നെന്നും മന്ത്രി കെ.എന്‍.ബാലഗോപാലിനെ കണ്ടിരുന്നെന്നും ഓഗസ്റ്റില്‍ ഒരു വിഹിതം അനുവദിക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നുവെന്നും സംഘടനാ ഭാരവാഹികള്‍ പറയുന്നു.

ഒക്ടോബര്‍ അഞ്ചിനുള്ളില്‍ കുടിശിക ലഭിച്ചില്ലെങ്കില്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലുള്ള ഉപകരണങ്ങളുടെ സ്റ്റോക്ക് തിരിച്ചെടുക്കാന്‍ നിര്‍ബന്ധിതരാകുമെന്നാണ് സംഘടന ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നിലനില്‍പ്പിനു വേണ്ടിയാണ് നടപടി സ്വീകരിക്കുന്നതെന്നും കത്തില്‍ പറയുന്നു. കുടിശിക തുക ലഭ്യമാക്കാമെന്ന ഉറപ്പു സര്‍ക്കാര്‍ ലംഘിച്ചതിനു പിന്നാലെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ ഉള്‍പ്പെടെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തിവച്ചിരുന്നു. ഇത് വലിയ പ്രതിസന്ധിയായി തുടരുന്നു. ഇതിനിടെയാണ് എല്ലാ ഉപകരണങ്ങളേയും ബാധിക്കുന്ന തരത്തില്‍ വിവാദം എത്തുന്നത്. കുറച്ച് തുക മാത്രമാണ് ലഭിച്ചതെന്നും അതിനാല്‍ കടുത്ത നടപടിയിലേക്കു നീങ്ങുകയാണെന്നുമാണ് വിതരണക്കാരുടെ സംഘടന അറിയിച്ചത്.

2025 മാര്‍ച്ച് 31 വരെയുള്ള കുടിശിക ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. ചില മെഡിക്കല്‍ കോളജ് സൂപ്രണ്ടുമാരും കാര്‍ഡിയോളജി വിഭാഗം മേധാവിമാരും ഇവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഉപകരണങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ മിക്കയിടത്തും ശസ്ത്രക്രിയകളുടെ എണ്ണം ചുരുക്കിയെന്നും പറയുന്നു. സ്വകാര്യ ആശുപത്രി ലോബിയ്ക്ക് വേണ്ടിയാണ് ഇതെന്ന വാദവും ശക്തമാണ്.

Tags:    

Similar News