മണ്‍സൂണ്‍ ഇത്ര നേരത്തെ എത്തുന്നത് പതിനാറ് വര്‍ഷങ്ങള്‍ക്കുശേഷം; കേരളത്തില്‍ കാലവര്‍ഷം എത്തിയതായി സ്ഥിരീകരണം; ആദ്യ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തൊട്ടാകെ വ്യാപക നാശനഷ്ടങ്ങള്‍; മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ ജാഗ്രത നിര്‍ദേശം; കേരള തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പ്; പ്രളയഭീതിയില്‍ കേരളം

കേരളത്തില്‍ കാലവര്‍ഷം എത്തിയതായി സ്ഥിരീകരണം

Update: 2025-05-24 06:56 GMT

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്രകാലാവസ്ഥ വകുപ്പ്. കാലവര്‍ഷം ഇത്ര നേരത്തെ എത്തുന്നത് പതിനാറ് വര്‍ഷത്തിന് ശേഷമാണെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. 2009ല്‍ മേയ് 23നാണ് കാലവര്‍ഷം എത്തിയത്. സാധാരണ ജൂണ്‍ ഒന്നിനാണ് കാലാവര്‍ഷം കേരളത്തില്‍ എത്തുക. എന്നാല്‍ ഈ വര്‍ഷം ഒരാഴ്ച മുമ്പേ കാലവര്‍ഷം കേരളത്തില്‍ എത്തി. കാലവര്‍ഷത്തിന്റെ വരവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്ന് എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 26ന് റെഡ് അലര്‍ട്ട് ആയിരിക്കും.

24 മണിക്കൂറിനിടെ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് ആണ്. ശക്തമായ മഴ ലഭിക്കുന്ന മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കുകയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കുകയും വേണം.

അടുത്ത ഒരാഴ്ച പടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ കാറ്റ് കേരളത്തിനു മുകളില്‍ ശക്തമാകും. മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാടകഗോവ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്പെട്ടു. വടക്കോട്ടു നീങ്ങി 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിക്കും. 27 ന് മധ്യ പടിഞ്ഞാറന്‍ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടാനിടയുണ്ട്.

27 വരെ അതിശക്തമായ മഴയ്ക്കാണു സാധ്യത. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാവിലെ 8.30 വരെ 0.5 മുതല്‍ 1.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്തും ഉയര്‍ന്ന തിരയും തുടര്‍ന്നു കടലാക്രമണവും ഉണ്ടായേക്കും. 27 വരെ കേരള തീരത്തു മത്സ്യബന്ധനത്തിനു വിലക്കുണ്ട്.

കനത്ത നാശനഷ്ടങ്ങള്‍

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത കാറ്റിലും മഴയിലും സംസ്ഥാനത്തൊട്ടാകെ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മരം കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ശക്തമായ കാറ്റില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. തിരുവന്തപുരത്ത് മണിക്കൂറില്‍ 59 കിലോമീറ്റര്‍ വേഗതയിലുളള കാറ്റാണ് ഇന്നലെ രാത്രി വീശിയത്.

കോട്ടയത്ത് മരം കടപുഴകി വീണ് വെളളാനി ഗവ. എല്‍ പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു. കൊല്ലം പുനലൂര്‍ ഐക്കരക്കോണത്ത് വീടിന് മുകളില്‍ മരം വീണു. കോഴിക്കോട് കൊടിയത്തൂരിലും ചെറുവാടിയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. അട്ടപ്പാടിയില്‍ കഴിഞ്ഞ 24 മണിക്കൂറായി വൈദ്യുതി തടസപ്പെട്ടിരിക്കുകയാണ്. കനത്ത മഴയിലും കാറ്റിലും 33 കെവി ലൈനില്‍ മരം വീണതാണ് കാരണം.

ഇന്നലെ വൈകുന്നേരം ആരംഭിച്ച ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട് മലയോര മേഖലകളിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. വൈദ്യുതി പോസ്റ്റുകള്‍ക്ക് മുകളില്‍ മരം വീണ് നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലായിരിക്കുകയാണ്.അതേസമയം, തൃശൂര്‍ കാഞ്ഞിരപ്പുഴയില്‍ മണല്‍ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായിട്ടുണ്ട്.

പടന്ന സ്വദേശികളായ തൊഴിലാളികളായ സന്തോഷ്, പ്രദീപന്‍ എന്നിവരെയാണ് കാണാതായത്. കോട്ടപ്പുറം കോട്ട കായല്‍ ഭാഗത്താണ് അപകടം. വഞ്ചിയില്‍ ഇവരോടൊപ്പം ഉണ്ടായിരുന്ന അജേഷ്, ബൈജു എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ശക്തമായ കാറ്റും മഴയും കാരണമാണ് വഞ്ചി മറിഞ്ഞതെന്നാണ് വിവരം.

കൊടുങ്ങല്ലൂര്‍ പൊലീസും അഴീക്കോട് തീരദേശ പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഉണ്ട്.

തിരുവനന്തപുരത്ത് കനത്ത മഴയിലും കാറ്റിലും വ്യാപകനാശമുണ്ടായി. നഗരത്തില്‍ താഴ്ന്ന ഇടങ്ങളില്‍ പലയിടത്തും വെള്ളക്കെട്ടാണ്. മെഡിക്കല്‍ കോളജിനു മുന്നില്‍ മരം ഒടിഞ്ഞു വീണ് കൊല്ലം സ്വദേശിക്കു പരുക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 12 വീടുകള്‍ പൂര്‍ണമായും മുപ്പതിലേറെ വീടുകള്‍ ഭാഗികമായും തകര്‍ന്നു.

നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ നൂറിലധികം സ്ഥലങ്ങളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതോടെ പലയിടങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി തടസപ്പെട്ടു. രാത്രി തടസപ്പെട്ട വൈദ്യുതി ബന്ധം പലയിടത്തും ഇതുവരെ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. പെരുമ്പഴതൂരില്‍ കുട്ടപ്പന്‍ എന്നയാളിന്റെ വീട്ടിലേക്ക് രണ്ടു മരങ്ങള്‍ ഒടിഞ്ഞുവീണു. കുട്ടികള്‍ ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചെമ്പഴന്തി, പാച്ചല്ലൂര്‍, ചാവടിനട, വെങ്ങാനൂര്‍, പനത്തുറ, കമലേശ്വരം എന്നിവിടങ്ങളിലും മരം വീണ് ഗതാഗതം തടസപ്പെട്ടു.

കാലവര്‍ഷത്തിന്റെ ആദ്യ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് വിലയിരുത്തല്‍. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. പത്തനംതിട്ട മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഉണ്ട്.തുടര്‍ച്ചായി മഴ ലഭിക്കുന്ന മേഖലകളില്‍ കനത്ത ജാഗ്രതാ പാലിക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പുമുണ്ട്

ക്വാറികള്‍ക്ക് താല്‍ക്കാലിക നിരോധനം

കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും മഴ ശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിനും മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മാണം, മണലെടുക്കല്‍ എന്നിവയ്ക്കും താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി കലക്ടര്‍ ഉത്തരവിട്ടു. ജില്ലയിലെ നദീതീരങ്ങള്‍, ബീച്ചുകള്‍, വെള്ളച്ചാട്ടം ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും താല്‍ക്കാലികമായി വിലക്കി. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മലയോര പ്രദേശങ്ങള്‍, ചുരം മേഖലകള്‍ എന്നിവിടങ്ങളിലേക്ക് രാത്രി 7 മുതല്‍ രാവിലെ 7 വരെ അടിയന്തര യാത്രകള്‍ അല്ലാത്തവ ഒഴിവാക്കണമെന്നും കലക്ടര്‍ അറിയിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങി. സഹായത്തിന് വിളിക്കാം: 1077, 1070.

Tags:    

Similar News