വര്‍ക്കല മുതല്‍ അമ്പലപ്പുഴവരെ പരന്നുകിടക്കുന്ന കൊല്ലം പരപ്പ്; കടല്‍ മണല്‍ നിക്ഷേപത്തിന്റെ മുകളില്‍ ഒന്നര മീറ്റര്‍ കനത്തിലുള്ള ചെളിയും അവശിഷ്ടങ്ങളെയും മാറ്റി ഖനനം; കേരളത്തിന്റെ ജൈവ സമ്പത്തിന്റെയും മത്സ്യ കേന്ദ്രീകരണത്തിന്റേയും ഉറവിടം ഈ മേല്‍മണ്ണും; ആഴക്കടല്‍ ഖനന പ്രക്രിയ തുടരാന്‍ കേന്ദ്രം; എന്തു കൊണ്ട് നീക്കം ആശങ്കയാകുന്നു?

Update: 2025-07-24 01:14 GMT

കൊച്ചി: കേരളത്തിന്റെ ആഴക്കടലില്‍ കടല്‍ മണല്‍ ഖനനം നടത്തുന്നതിനായുള്ള ലേലത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ തുടരും. ആഴക്കടല്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്കെതിരേ രാഷ്ട്രീയപാര്‍ട്ടികളും മത്സ്യമേഖലയിലെ സംഘടനകളും ഉയര്‍ത്തിയ എതിര്‍പ്പ് അവഗണിച്ച് മുമ്പോട്ട് പോകും. മണല്‍ ഖനന ബ്ലോക്കുകള്‍ കണ്ടെത്തി ടെന്‍ഡര്‍ ചെയ്യുന്നതിനുമുമ്പ് സ്വതന്ത്രവും നിഷ്പക്ഷവുമായ പരിസ്ഥിതി ആഘാത വിലയിരുത്തലുകള്‍ നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതൊന്നും അംഗീകരിക്കാതെ മുമ്പോട്ട് പോകാനാണ് കേന്ദ്ര തീരുമാനം. ടെന്‍ഡര്‍ വിളിക്കുന്നതിനുമുന്പു കേരളത്തിലെ തീരദേശ സമൂഹങ്ങളുമായും മത്സ്യത്തൊഴിലാളികളുമായും കൂടിയാലോചന നടത്തിയിട്ടില്ല. അത്തരം കൂടിയാലോചന നടക്കുന്നതുവരെ നിലവില്‍ നടന്നുവരുന്ന ടെന്‍ഡര്‍ പ്രക്രിയ റദ്ദാക്കാനോ പരിഷ്‌കരിക്കാനോ ഉള്ള ആലോചനയില്ലെന്നു കേന്ദ്ര ഖനന വകുപ്പ് മന്ത്രി കിഷന്‍ റെഡ്ഢി ലോക്‌സഭയില്‍ വ്യക്തമാക്കിയതോടെയാണ് ഖനന പ്രക്രിയ തുടരുമെന്ന് വ്യക്തമായത്.

വിവാദമുയര്‍ത്തിയ കടല്‍മണല്‍ ഖനനത്തിനുള്ള ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടുപോയ കേന്ദ്രസര്‍ക്കാരിന് കേരളത്തില്‍ തിരിച്ചടി ഉണ്ടായെന്ന റിപ്പോര്‍ട്ട് നേരത്തെ ചര്‍ച്ചയായിരുന്നു. ഈ മാസം 15-നകം ടെന്‍ഡര്‍രേഖകള്‍ വാങ്ങാന്‍ നിര്‍ദേശിച്ച് കേന്ദ്ര ഖനനമന്ത്രാലയം വിജ്ഞാപനമിറക്കിയെങ്കിലും കേരളത്തിലേക്ക് ഒരു കമ്പനിപോലുമെത്തിയില്ല. കടല്‍മണല്‍ ഖനനത്തിനെതിരേ എതിര്‍പ്പുകളുയര്‍ന്നതാണ് ഖനനകമ്പനികളെ പിന്തിരിപ്പിച്ചത്. ഇതോടെ വിദേശകമ്പനികള്‍ക്കും ഉപകമ്പനികള്‍ക്കും ലേലത്തില്‍ പങ്കെടുക്കാമെന്നറിയിച്ച് കേന്ദ്രം വ്യവസ്ഥകളില്‍ ഭേദഗതിവരുത്തി. ടെന്‍ഡര്‍ തീയതി ഈ മാസം 28 വരെ നീട്ടുകയും ചെയ്തു. യോഗ്യരായ കമ്പനികളെ ഓഗസ്റ്റ് 21-നും സെപ്റ്റംബര്‍ രണ്ടിനുമിടയ്ക്ക് തിരഞ്ഞെടുക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. തിരഞ്ഞെടുത്ത കമ്പനിയെ സെപ്റ്റംബര്‍ എട്ടിനകം പ്രഖ്യാപിക്കും.

ലേലത്തിനുള്ള ബ്ലോക്കുകള്‍ പ്രഖ്യാപിക്കുന്നതിനുമുമ്പ് കേന്ദ്രസര്‍ക്കാരിന്റെ ഖനി മന്ത്രാലയം ഫിഷറീസ് വകുപ്പ്, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ചിരുന്നു. വിജ്ഞാപനത്തിനുമുമ്പ് ഒരു വകുപ്പും ലേലത്തിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. ഓഫ്ഷോര്‍ ഏരിയാസ് മിനറല്‍ (ഡെവലപ്മെന്റ് ആന്‍ഡ് റഗുലേഷന്‍) ആക്ടിനു കീഴിലുള്ള ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വ്യവസ്ഥകള്‍ പ്രകാരമാണ് ഇതുസംബന്ധിച്ച് ആശങ്കകളുണ്ടെങ്കില്‍ പരിഹരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

ഗുരുതര പാരിസ്ഥിതികാഘാതം വരുത്തുന്നതാണ് കടല്‍മണല്‍ ഖനനനീക്കമെന്നാണ് ആശങ്ക. ഇതിനെതിരേ വീണ്ടും കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനാണ് കേരളത്തിന്റെ തീരുമാനം. ടെന്‍ഡര്‍ നിര്‍ത്തിവെക്കാനാവശ്യപ്പെട്ട് കേരളം വീണ്ടും കത്തുനല്‍കിയേക്കും. ഗുജറാത്തിലെ പോര്‍ബന്തര്‍, അന്തമാന്‍-നിക്കോബാര്‍ ദ്വീപ് സമൂഹം എന്നിവിടങ്ങളിലാണ് കേരളത്തിനുപുറമേ കടല്‍മണല്‍ ഖനനത്തിനായി കേന്ദ്രം ടെന്‍ഡര്‍ ക്ഷണിച്ചത്. പോര്‍ബന്തറിലെ ദ്വാരകയിലേക്കും അന്തമാനിലേക്കും ഒട്ടേറെ കമ്പനികള്‍ താത്പര്യമറിയിച്ച് മുന്നോട്ടുവന്നതായാണ് കേന്ദ്ര ഖനനമന്ത്രാലയ വൃത്തങ്ങളില്‍നിന്നുള്ള സൂചന.

കൊല്ലം പരപ്പിലെ 242 ചതുരശ്ര കി.മീ പ്രദേശത്താണ് ആദ്യഘട്ട ഖനനം. വിദേശകമ്പനികള്‍ക്കും ലേലത്തില്‍ പങ്കെടുക്കാം. കേരളത്തിന് സമീപം കടലില്‍ 74.5 കോടി ടണ്‍ മണല്‍ശേഖരമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന്റെ കടലില്‍ നിന്നും മണല്‍ ഖനനം ചെയ്യാനുള്ള നീക്കത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ കടുത്ത ആശങ്കയിലാണ്. കേരളത്തില്‍ കണ്ടെത്തിയിരിക്കുന്ന പത്ത് ബ്ലോക്കുകളില്‍ കൊല്ലം കടലിലെ മൂന്ന് ബ്ലോക്കുകളാണ് പ്രാഥമികമായി കേന്ദ്ര സര്‍ക്കാര്‍ വില്പനക്ക് വെച്ചിരിക്കുന്നത്. കേരളത്തില്‍ അഞ്ചു സെക്ടറുകളിലായി 275 ദശലക്ഷം ടണ്‍ കടല്‍മണലുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇതില്‍ കൊല്ലം ഭാഗത്തു മാത്രം 300 ദശലക്ഷം ടണ്‍ നിക്ഷേപമുണ്ടെന്നു വിലയിരുത്തിയാണ് വില്പന. ഭരണഘടനാപരമായി 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള തീരദേശത്തിന്റെ പരിപാലന അവകാശം സംസ്ഥാന സര്‍ക്കാരിനാണ്. തീരദേശ പരിപാലന വിജ്ഞാപനം 2011ല്‍ പുതുക്കിയപ്പോള്‍ ഈ മേഖലയുടെകൂടി അവകാശം കേന്ദ്രം ഏറ്റെടുത്തു.

പുറംകടല്‍ ധാതു ഖനനവുമായി ബന്ധപ്പെട്ട 2002ലെ നിയമം 2023ല്‍ കേന്ദ്രം ഭേദഗതി ചെയ്തതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ മണല്‍ വില്‍പനക്ക് നേരിട്ട് രംഗത്തിറങ്ങിയത്. കടല്‍ മണല്‍ നിക്ഷേപമുള്ള കേരളത്തിലെ അഞ്ച് കേന്ദ്രങ്ങളും മത്സ്യസമ്പത്തിനാല്‍ സമ്പന്നമാണ്. ആയിരക്കണക്കായ മത്സ്യബന്ധന യാനങ്ങളാണ് ഇവിടം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ചേറ്റുവ ബാങ്ക് എന്നറിയപ്പെടുന്ന പ്രദേശത്തും, കൊല്ലം സെക്ടറിലുമാണ് വില്‍പന നടക്കുന്നത്. 1961 മുതല്‍ 65 വരെ കടലില്‍ പര്യവേക്ഷണം നടത്തിയ കെയര്‍ ലാര്‍സണ്‍ എന്ന നോര്‍വേക്കാരനാണ് കൊല്ലം ബാങ്കിന്റെ സവിശേഷത ലോകത്തിനു മുന്നിലെത്തിച്ചത്. വര്‍ക്കല മുതല്‍ അമ്പലപ്പുഴവരെ പരന്നുകിടക്കുന്ന കൊല്ലം പരപ്പ് (ബാങ്ക്) ഇന്ത്യ യിലെ ഏറ്റവും വലിയ മത്സ്യസമ്പത്തിന്റെ കേന്ദ്രമാണ്.

പുല്ലന്‍ ചെമ്മീന്‍, മണല്‍ക്കൊഞ്ച്, പല്ലിക്കോര, കരിക്കാടി, പൂവാലന്‍, ചെമ്മീനുകള്‍, കിളിമീന്‍, ചാള, കലവ, അയില, നെത്തോലി തുടങ്ങി കയറ്റുമതി പ്രധാനവും ആഭ്യന്തര ഉപഭോഗത്തില്‍ പ്രധാനമായ മത്സ്യങ്ങള്‍ സമൃദ്ധമായുള്ള കേന്ദ്രമാണിത്. കൊല്ലം വാടി, ശക്തികുളങ്ങര, അഴീക്കല്‍, തോട്ടപ്പള്ളി, പുന്നപ്ര തുടങ്ങിയ മത്സ്യബന്ധന കേന്ദ്രങ്ങള്‍ ഇതിന്റെ ഭാഗമാണ്. ആയിരത്തിലധികം ട്രോള്‍ ബോട്ടുകളും, അഞ്ഞൂറോളം ഫൈബര്‍ വള്ളങ്ങളും നൂറോളം ഇന്‍-ബോര്‍ഡ് വള്ളങ്ങളും ഇവിടം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

കടല്‍ മണല്‍ നിക്ഷേപത്തിന്റെ മുകളില്‍ ഒന്നര മീറ്റര്‍ കനത്തിലുള്ള ചെളിയും അവശിഷ്ടങ്ങളെയും മാറ്റിയാണ് ഖനനം നടത്തുന്നത്. കേരളത്തിന്റെ ജൈവ സമ്പത്തിന്റെയും മത്സ്യ കേന്ദ്രീകരണത്തിന്റേയും ഉറവിടം ഈ മേല്‍മണ്ണാണെന്നതാണ് സവിശേഷത. ഇതെല്ലാം മത്സ്യ തൊഴിലാളികളെ ആശങ്കയില്‍ ആക്കുന്നുണ്ട്.

Tags:    

Similar News