പുതിയ രജിസ്ട്രാറെ നിയമിച്ചെങ്കിലും ഉത്തരവ് ഇറങ്ങിയില്ല; വൈസ് ചാന്‍സലര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത ജീവനക്കാര്‍; വിസിയുടെ റിപ്പോര്‍ട്ട് ഗവര്‍ണ്ണര്‍ അംഗീകരിക്കും; രജിസ്ട്രാര്‍ക്കെതിരെ നടപടി എടുക്കും; സിന്‍ഡിക്കേറ്റിനേയും പരിച്ചു വിടും; രാജ്ഭവനും കാര്‍ക്കശ്യത്തിന്റെ പാതയില്‍; കേരളാ സര്‍വ്വകലാശാലയില്‍ അനിശ്ചിതത്വം തുടരുന്നു
തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിനും രജിസ്ട്രാര്‍ക്കുമെതിരെ ഗവര്‍ണര്‍ നടപടിയെടുത്തേക്കുമെന്ന് സൂചന. കെ.എസ്.അനില്‍കുമാറിനെ രജിസ്ട്രാറുടെ ചുമതലയില്‍ നിന്ന് നീക്കാനാണ് രാജ്ഭവന്റെ ആലോചന. ഇതു സംബന്ധിച്ച നിയമോപദേശം അടക്കം രാജ് ഭവന്‍ തേടിയിട്ടുണ്ട്. വൈസ് ചാന്‍സലര്‍ സിസ തോമസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചാന്‍സലര്‍ നടപടിയിലേക്ക് നീങ്ങുന്നത്. സസ്‌പെന്‍ഷന്‍ റദ്ദാക്കിയ സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരം രാവിലെ തന്നെ കെ.എസ്. അനില്‍കുമാര്‍ രജിസ്ട്രാറുടെ ചുമതല ഏറ്റെടുത്തിരുന്നു. സിന്‍ഡിക്കേറ്റിനേയും ഗവര്‍ണര്‍ പരിച്ചു വിട്ടേക്കും. അങ്ങനെ വലിയ ഏറ്റുമുട്ടലിലേക്കും നിയമ യുദ്ധത്തിലേക്കും കാര്യങ്ങള്‍ നീങ്ങും.
പിന്നാലെ പ്ലാനിംഗ് ഡയറക്ടര്‍ മിനി കാപ്പന് രജിസ്ട്രാറിന്റെ ചുമതല നല്‍കി വിസി സിസ തോമസ് പുതിയ തീരുമാനമെടുത്തു. രണ്ട് പേരാണ് ഇപ്പോള്‍ സര്‍വകലാശാലയുടെ രജിസ്ട്രാര്‍ പദവിയിലുള്ളത്. ഹൈക്കോടതി തിങ്കളാഴ്ച ചേര്‍ന്നപ്പോള്‍ തന്നെ സസ്‌പെന്‍ഷനെതിരായ ഹര്‍ജി പിന്‍വലിക്കുന്നതായി അനില്‍കുമാര്‍ അറിയിച്ചു. സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ റദ്ദാക്കി വീണ്ടും നിയമിച്ചതിനാല്‍ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. കോടതി തീരുമാനത്തിന് പിന്നാലെ വിസി സിസ തോമസ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ സിന്‍ഡിക്കേറ്റ് തീരുമാനത്തിന് നിയമസാധുത ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇത് രാജ്ഭവന്‍ അംഗീകരിച്ചേക്കും. സിന്‍ഡിക്കേറ്റ് തീരുമാനമനുസരിച്ചാണ് തിരികെ ജോലിയില്‍ പ്രവേശിച്ചതെന്നും കോടതിയില്‍ നിയമം സ്ഥാപിക്കപ്പെട്ടെന്നും രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ പ്രതികരിച്ചു.
അതിനിടെ കേരള സര്‍വകലാശാലയില്‍ പ്ലാനിങ് ഡയറക്ടര്‍ മിനി ഡിജോ കാപ്പനെ പുതിയ രജിസ്ട്രാറായി വിസി നിയമിച്ചെങ്കിലും ഉത്തരവിറങ്ങിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനുപുറമേ, ജോയിന്റ് രജിസ്ട്രാര്‍ പി. ഹരികുമാറിനെ ചുമതലയില്‍നിന്ന് നീക്കി പകരം ആളെ നിയമിച്ച വിസിയുടെ തീരുമാനത്തിലും സര്‍വകലാശാല ഉത്തരവിറക്കിയിട്ടില്ല. വിസി ഒപ്പിട്ട ഫയലുകളെ ഉദ്യോഗസ്ഥര്‍ അവഗണിക്കുകയാണ്. നിയമനം ചട്ടവിരുദ്ധമാണെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. കേരള സര്‍വ്വകലാശാലയില്‍ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയാണ് പ്രധാനികള്‍. ഈ സ്വാധീനമുപയോഗിച്ചാണ് ഇപ്പോള്‍ ഫയലുകളില്‍ പോലും വിസിയെ അവഗണിക്കുന്നത്.
സസ്‌പെന്‍ഷനിലായ രജിസ്ട്രാര്‍ക്ക് ചുമതലയേല്‍ക്കാന്‍ അവസരമൊരുക്കിയതിലും ഞായറാഴ്ചത്തെ സമാന്തരസിന്‍ഡിക്കേറ്റില്‍ പങ്കെടുത്തതിനും ഹരികുമാറിനോട് വിസി വിശദീകരണംതേടിയിരുന്നു. മറുപടിനല്‍കാതെ അദ്ദേഹം അവധിക്കുപോയ സാഹചര്യത്തിലാണ് ചുമതലമാറ്റിയത്. ജോയിന്റ് രജിസ്ട്രാര്‍ രണ്ടുദിവസത്തെ അവധിയില്‍പ്പോയ ഒഴിവിലെ ഈ നിയമനം ശരിയല്ലെന്നാണ് വിമര്‍ശനം. ഇനി ഈ തീരുമാനത്തില്‍ സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നത് നിര്‍ണായകമാണ്. നേരത്തേ സസ്പന്‍ഷനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കാനുള്ള ഡോ. കെ എസ് അനില്‍കുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.തന്നെ വീണ്ടും രജിസ്ട്രാറായി നിയമിച്ചെന്നും ഈ സാഹചര്യത്തില്‍ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും ഡോ. കെ എസ് അനില്‍കുമാര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
സസ്‌പെന്‍ഷന്‍ റദ്ദാക്കിയതില്‍ എതിര്‍പ്പുണ്ടെങ്കില്‍ വി സിക്ക് ഉചിതമായ അതോറിറ്റിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.ഇതോടെയാണ് വി സി ഡോ സിസ തോമസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കോടതിയെ വിമര്‍ശിച്ചുള്ള കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ആര്‍.രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെയും ഹൈക്കോടതി വിമര്‍ശിച്ചു. രാജേഷിനെതിരെ സ്വമേധയാ നടപടിയെടുക്കുമെന്നും നോട്ടീസ് അയക്കുമെന്നും ഹൈക്കോടതി പറഞ്ഞു. കോടതിയുടെ അന്തസ് ഇടിച്ചുതാഴ്ത്താനാണ് സിന്‍ഡിക്കറ്റ് അംഗം ശ്രമിച്ചതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.