എല്ലാ കണ്ണുകളും റജിസ്ട്രാറിലേക്ക്! നാളെ റജിസ്ട്രാര്‍ ഔദ്യോഗിക വാഹനത്തില്‍ സര്‍വകലാശാലയില്‍ വരുമോ? കാര്‍ പിടിച്ചെടുത്ത് ഗാരേജില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ച് വിസിയുടെ ഉത്തരവ്; കേരള സര്‍വകലാശാലയിലെ പോര് രൂക്ഷമാകുമ്പോള്‍ വലയുന്നത് സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത പഠിതാക്കളും
നാളെ റജിസ്ട്രാര്‍ ഔദ്യോഗിക വാഹനത്തില്‍ സര്‍വകലാശാലയില്‍ വരുമോ?
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ രാഷ്ട്രീയ പോര് കൂടുതല്‍ ശക്തമായി തുടരുന്നു. റജിസ്ട്രാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞ് വിസി മോഹന്‍ കുന്നുമ്മല്‍ പുതിയ ഉത്തരവിറക്കി. കാര്‍ സര്‍വകലാശാലയുടെ ഗാരേജില്‍ സൂക്ഷിക്കാനാണ് നിര്‍ദ്ദേശം. റജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ മിനി കാപ്പനും, സെക്യൂരിറ്റി ഓഫീസര്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഡ്രൈവറുടെ കൈയ്യില്‍ നിന്നും സെക്യൂരിറ്റി ഓഫീസര്‍ കാറിന്റെ താക്കോല്‍ വാങ്ങി മിനി കാപ്പനെ ഏല്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡോ.കെ.എസ്. അനില്‍ കുമാര്‍ അയയ്ക്കുന്ന ഫയലുകള്‍ വിസി മടക്കി അയച്ചിരുന്നു.
രണ്ടാഴ്ചയിലധികമായി വൈസ് ചാന്‍സലര്‍ സര്‍വകലാശാലയില്‍ എത്തുന്നില്ല. ഫയലുകള്‍ ഏതു റജിസ്ട്രാര്‍ക്ക് അയയ്ക്കണമെന്ന ആശയക്കുഴപ്പം മൂലം ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിടുന്നില്ല. തുല്യതാ സര്‍ട്ടിഫിക്കറ്റ് അടക്കം വിദ്യാര്‍ഥികളുടെ പ്രവേശനത്തെ ബാധിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ തീരുമാനമെടുക്കുന്നതും മുടങ്ങി. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സിന്‍ഡിക്കറ്റ് യോഗം വിളിക്കണമെന്ന് ഇടതുപക്ഷ പ്രതിനിധികള്‍ ആവശ്യപ്പെട്ടെങ്കിലും വിസി തള്ളി.
ഒരുവശത്ത് ഫയലുകള്‍ മിനി കാപ്പനിലേക്ക് എത്താത്തപ്പോള്‍, മറുവശത്ത് അനില്‍കുമാര്‍ വഴിയെത്തുന്ന ഫയലുകള്‍, മിനി കാപ്പന്‍ വഴി അയയ്ക്കാന്‍ ആവശ്യപ്പെട്ടു വിസി തിരിച്ചയയ്ക്കുകയും ചെയ്യുന്നു. വിവിധ പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റുകള്‍, അഫിലിയേറ്റഡ് കോളജുകളിലെ അക്കാദമിക് കോഴ്സുകളുടെ അംഗീകാരത്തിനുള്ള ഫയലുകള്‍, അധ്യാപകരുടെ കരിയര്‍ അഡ്വാന്‍സ്മെന്റ് സ്‌കീം സംബന്ധിച്ച ഫയലുകള്‍, അധിക പ്ലാന്‍ ഫണ്ട് അനുവദിക്കാനുള്ള ഫയലുകള്‍ തുടങ്ങിയവയില്‍ വി.സിയുടെ ഒപ്പ് ആവശ്യമാണ്.
രണ്ടാഴ്ചയായി തുടരുന്ന ഏറ്റുമുട്ടലില്‍ നിരവധി ഉത്തരവുകള്‍ വിസി പുറപ്പെടുവിച്ചെങ്കിലും ഇതുവരെ ഒന്നും നടപ്പായിട്ടില്ല. കേരള സര്‍വകലാശാലയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. റജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ സിന്റിക്കേറ്റ് പിന്‍വലിച്ചതാണ്. സിന്റിക്കേറ്റിനാണ് ഇതിനുള്ള നിയമപരമായ ചുമതലയും. ഇത് പ്രകാരമാണ് റജിസ്ട്രാര്‍ വിസിയുടെ സസ്‌പെന്‍ഷന്‍ ഉത്തരവ് മറികടന്ന് ഓഫീസില്‍ തുടരുന്നത്.. നാളെ രജിസ്ട്രാര്‍ ഔദ്യോഗിക വാഹനത്തില്‍ സര്‍വകലാശാലയില്‍ വരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.