വിസിയുടെ ഉത്തരവ് തള്ളി റജിസ്ട്രാര്‍ അനില്‍കുമാര്‍ സര്‍വകലാശാലയിലെത്തി; ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു; തടയണമെന്ന നിര്‍ദേശം അനുസരിക്കാതെ സുരക്ഷ ഉദ്യോഗസ്ഥര്‍; കേരളാ സര്‍വകലാശാലയില്‍ വന്‍ പോലീസ് സന്നാഹം; 'നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന്' റജിസ്ട്രാര്‍; ഇടതുവിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധത്തില്‍
വിസിയുടെ ഉത്തരവ് തള്ളി റജിസ്ട്രാര്‍ അനില്‍കുമാര്‍ സര്‍വകലാശാലയിലെത്തി
തിരുവനന്തപുരം: വിസിയുടെ ഉത്തരവ് തള്ളി കേരള സര്‍വകലാശാലയിലെത്തി റജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അനില്‍കുമാര്‍ പറഞ്ഞു. മിനി കാപ്പന് റജിസ്ട്രാര്‍ ചുമതല നല്‍കി കൊണ്ട് വിസി മോഹന്‍ കുന്നുമ്മേല്‍ ഉത്തരവിറക്കിയിരുന്നു. അനില്‍ കുമാര്‍ എത്തിയാല്‍ തടയാനും സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ വിലക്കുകളെയെല്ലാം മറികടന്നാണ് റജിസ്ട്രാര്‍ അനില്‍കുമാര്‍ കേരള സര്‍വകലാശാലയിലെത്തി ഓഫീസില്‍ പ്രവേശിച്ചത്.
റജിസ്ട്രാര്‍ സസ്പെന്‍ഷിലാണെന്നും അനധികൃതമായി ആരും റജിസ്ട്രാറുടെ മുറിയില്‍ കടക്കുന്നത് അനുവദിക്കരുതെന്നും വിസി ഡോ. മോഹനനന്‍ കുന്നുമ്മല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിസിയുടെ നിര്‍ദേശം അനുസരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയാറായില്ല.
റജിസ്ട്രാറുടെ ചുമതല ജോയിന്റ് റജിസ്ട്രാര്‍ ഡോ.മിനി കാപ്പന് വിസി കൈമാറിയിട്ടുണ്ട്. റജിസ്ട്രാറെ തടയാന്‍ കഴിയില്ലെന്നും വിസി കോടതിയെ വെല്ലുവിളിക്കുകയാണെന്നും സിന്‍ഡിക്കറ്റ് അംഗം ഷിജുഖാന്‍ പറഞ്ഞു. റജിസ്ട്രാറുടെ സസ്പെന്‍ഷന്‍ സിന്‍ഡിക്കറ്റ് റദ്ദാക്കിയെന്നും അതിനെ മറികടക്കാന്‍ വിസിക്ക് അധികാരമില്ലെന്നും ഷിജുഖാന്‍ പറഞ്ഞു.
വലിയ പൊലീസ് വിന്യാസമാണ് സര്‍വകലാശാല ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ഇന്നും വിസിക്കെതിരെ സര്‍വകലാശാലയിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തുന്നുണ്ട്. എഐഎസ്എഫ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കഴിഞ്ഞ ദിവസം എസ്എഫ്ഐ പൊലീസിനെ നോക്കുകുത്തിയാക്കി ഏതാണ്ട് ഒന്നര മണിക്കൂറോളം സര്‍വകലാശാല ആസ്ഥാനം കയ്യടിക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് കനത്ത പൊലീസ് സംരക്ഷണം ഒരുക്കിയിരിക്കുന്നത്.
നേരത്തെ സിസ തോമസ് മിനി കാപ്പന് ചുമതല നല്‍കിയെങ്കിലും ഉത്തരവ് ഇറങ്ങിയിരുന്നില്ല. പി ഹരികുമാറിന് പകരം ഹേമ ആനന്ദിനും ചുമതല നല്‍കി ഉത്തരവ് ഇറങ്ങി. അതേസമയം, രജിസ്ട്രാറുടെ അവധി അപേക്ഷ തള്ളിയ വി.സിക്ക് മറുപടിയുമായി റജിസ്ട്രാര്‍ എത്തിയതോടെ ഇന്നും സര്‍വകലാശാലയില്‍ നാടകീയ സംഭവങ്ങള്‍ തുടരുമെന്ന് ഉറപ്പായി. രജിസ്ട്രാര്‍ സസ്പെന്‍ഷനിലായതിനാല്‍ അവധി നല്‍കാനാവില്ലെന്ന് വി.സി ഡോ.മോഹനനന്‍ കുന്നുമ്മല്‍ അറിയിച്ചതോടെ, സസ്പെന്‍ഷനിലല്ലെന്നും സിന്‍ഡിക്കേറ്റ് അതു റദ്ദാക്കിയെന്നും റജിസ്ട്രാര്‍ മറുപടി നല്‍കി.
നിലവില്‍ വിസി, രജിസ്ട്രാറുടെ താല്‍കാലിക ചുമതല ഏല്‍പ്പിച്ചിട്ടുള്ളത് മിനി കാപ്പനാണ്. എന്നാല്‍ അവര്‍ ഇതുവരെയും ഈ ചുമതല ഏറ്റെടുത്തിട്ടില്ല. അവര്‍ യൂണിവേഴ്സിറ്റിക്കുള്ളില്‍ തന്നെയുണ്ട്. അവര്‍ ഈ ചുമതല ഏറ്റെടുക്കാന്‍ രജിസിട്രാറുടെ ഓഫീസില്‍ എത്തുകയും സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടാല്‍ അനില്‍കുമാര്‍ എങ്ങിനെ പ്രതിരോധിക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
മിനി കാപ്പന്‍ രജിസ്ട്രാറുടെ ചുമതല ഏറ്റെടുത്താല്‍, അനില്‍കുമാറിനെ പുറത്താക്കാനുള്ള നിര്‍ദേശം നല്‍കും. ഈ നിര്‍ദേശം അനുസരിക്കാന്‍ യൂണിവേഴ്സിറ്റി സെക്യൂരിറ്റി ഓഫീസര്‍ക്ക് ഉത്തരവാദിത്വം ഉണ്ട്. മാത്രമല്ല. ഇത്തരമൊരു സാഹചര്യത്തിലെ സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട്, വിസി നേരത്തെ ഡിജിപിയോട് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, മിനി കാപ്പനെ സംരക്ഷിക്കാന്‍ പോലീസും നിര്‍ബന്ധിതരാകും.
അനില്‍കുമാറിനെ യൂണിവേഴ്സിറ്റിയില്‍ നിന്ന് പുറത്തിറക്കാനുള്ള ഏതെങ്കിലും തരത്തിലുള്ള ശ്രമമുണ്ടായാല്‍, അതിനെ പ്രതിരോധിക്കാനായി യൂണിവേഴ്സിറ്റിക്കുള്ളില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളും പുറത്ത് എസ്എഫ്ഐ പ്രവര്‍ത്തകരും കൂടിയിട്ടുണ്ട്.