സര്‍വകലാശാലയുടെ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് അധികാരമില്ല; ജീവനക്കാരെ വിളിച്ചുവരുത്താനോ ഫയലില്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനോ പാടില്ല; കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിനെ പൂട്ടുന്ന സര്‍ക്കുലര്‍ വിസിക്ക് വേണ്ടി ഇറക്കി മിനി കാപ്പന്‍; നിയമവിരുദ്ധമെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിന് എതിരെ സര്‍ക്കുലര്‍ ഇറക്കി വിസി

Update: 2025-08-03 06:47 GMT

തിരുവനന്തപുരം:കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിന് എതിരെ സര്‍ക്കുലര്‍ ഇറക്കി വിസിഡോ.മോഹന്‍ കുന്നുമ്മല്‍. വിസിക്ക് വേണ്ടി രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് മിനി കാപ്പനാണ് സര്‍ക്കുലര്‍ അയച്ചത്.

സര്‍വകലാശാലയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു. വൈസ് ചാന്‍സലര്‍ വിളിക്കുന്നതോ അധികാരപ്പെടുത്തുന്നതോ ആയ യോഗത്തിന് മാത്രമേ അതിന് അതിന് അധികാരം ഉള്ളൂ. ജീവനക്കാരെ വിളിച്ചു വരുത്താന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് അധികാരമില്ല ഫയല്‍ വിളിച്ചു വരുത്താനോ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ അധികാരമില്ല. അല്ലാത്ത സാഹചര്യങ്ങളില്‍ വിസിയുടെ അനുമതിയോട് കൂടി തീരുമാനമെടുക്കണം.

യോഗത്തിന് പുറത്ത് പുറപ്പെടുവിക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. വ്യക്തിഗതമായി സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ സമന്‍സുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ജീവനക്കാര്‍ മറുപടി നല്‍കേണ്ട. അത്തരത്തില്‍ ഇടപെടലുകള്‍ അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടായാല്‍ വിസിയെ അറിയിക്കണമെന്നും നോട്ടീസില്‍ വ്യക്തമാക്കി.

അതേസമയം, സര്‍ക്കുലര്‍ നിയമവിരുദ്ധമെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പ്രതികരിച്ചു. മിനി കാപ്പന്റെ രജിസ്ട്രാര്‍ നിയമനം സിന്‍ഡിക്കേറ്റ് അംഗീകരിച്ചിട്ടില്ല. രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ അംഗീകരിക്കാതെ സമവായം സാധ്യമല്ലെന്ന നിലപാടില്‍ തുടരുകയാണ് വിസി. സര്‍വകലാശാലയില്‍ എത്തിയ വിസി ഫയല്‍ നീക്കവുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങളും എടുത്തു. കഴിഞ്ഞ ദിവസം കെ എസ് അനില്‍കുമാര്‍ അയച്ച യൂണിവേഴ്സിറ്റി യൂണിയന്‍ ഫണ്ടിനുള്ള ഫയല്‍ വിസി തിരിച്ചയച്ചിരുന്നു.

Tags:    

Similar News