അപേക്ഷയില്‍ പറഞ്ഞത് എഥനോള്‍ കമ്പനിക്ക് വേണ്ടിയെന്ന്; എലപ്പുള്ളി ബ്രൂവറിയ്ക്ക് വേണ്ടിയെന്ന് അറിഞ്ഞത് ഇപ്പോള്‍ മാത്രം; ഒയാസിസ് കമ്പനി തെറ്റിദ്ധരിപ്പിച്ചു; മദ്യ നിര്‍മാണ കമ്പനിയ്ക്ക് വെള്ളം നല്‍കാനാകില്ലെന്ന് വാട്ടര്‍ അതോറിറ്റി

മദ്യ നിര്‍മാണ കമ്പനിയ്ക്ക് വെള്ളം നല്‍കാനാകില്ലെന്ന് വാട്ടര്‍ അതോറിറ്റി

Update: 2025-01-21 11:56 GMT

പാലക്കാട്: എലപ്പുള്ളി മദ്യ നിര്‍മ്മാണ കമ്പനിക്ക് വെള്ളം നല്‍കുന്നതില്‍ എതിര്‍പ്പ് അറിയിച്ച് വാട്ടര്‍ അതോറിറ്റി. പാലക്കാട് ജില്ലയില്‍ കുടിവെള്ളം തന്നെ കൊടുക്കാനില്ലാത്ത സ്ഥിതിയാണുള്ളത്. പിന്നെങ്ങനെ വ്യാവസായിക ആവശ്യത്തിന് കൊടുക്കും. വ്യാവസായിക ആവശ്യത്തിന് വെള്ളം നല്‍കാനാകില്ലെന്ന് വാട്ടര്‍ അതോറിറ്റി സര്‍ക്കാരിനെ വിശദമായി അറിയിച്ചതായി പാലക്കാട് വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ എന്‍ സുരേന്ദ്രന്‍ വ്യക്തമാക്കി.

വെള്ളം കൊടുക്കണോ എന്ന് ഇനി തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. കുടിവെള്ളത്തില്‍ നിന്നുള്ള വിഹിതം കൊടുക്കാന്‍ കഴിയില്ല. വാട്ടര്‍ അതോരിറ്റിയില്‍ നിന്നും വെള്ളം കൊടുക്കാനാകില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

ഒയാസിസ് കമ്പനി വാട്ടര്‍ അതോരിറ്റിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് പാലക്കാട് വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ആരോപിച്ചു. കഴിഞ്ഞ ജൂണിലാണ് 500 കിലോ ലിറ്റര്‍ വെള്ളം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. വാട്ടര്‍ അതിരിറ്റിക്ക് കൊടുക്കാനില്ല. ഭാവിയില്‍ കിംഫ്രയുടെ ഒരു പദ്ധതി അവിടെ വരുന്നുണ്ട്. അവര്‍ സമ്മതിക്കുകയാണെങ്കില്‍ എടുക്കാമെന്ന് കത്ത് നല്‍കിയിരുന്നു.

ഭാരത് പെട്രോളിയത്തിന്റെ ഒരു ടെന്‍ണ്ടറില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് എന്നായിരുന്നു കമ്പനി വാട്ടര്‍ അതോരിറ്റിക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നത്. എഥനോള്‍ കമ്പനിക്ക് വേണ്ടിയെന്നും അപേക്ഷയില്‍ പറഞ്ഞിരുന്നു. ബ്രൂവറിയ്ക്ക് വേണ്ടിയെന്ന് അറിഞ്ഞത് ഇപ്പോള്‍ മാത്രമാണെന്നും വാട്ടര്‍ അതോരിറ്റി അധികൃതര്‍ പറയുന്നു.

പാലക്കാട്ടെ കഞ്ചിക്കോട്ട് വിദേശമദ്യ ബോട്ട്‌ലിങ് യൂണിറ്റിനും ബ്രൂവറിക്കുമായി തിടുക്കപ്പെട്ടാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. ഒന്നാം ഘട്ടത്തില്‍ വിദേശമദ്യ ബോട്ട്ലിങ് യൂണിറ്റ് സ്ഥാപിക്കും. രണ്ടാം ഘട്ടത്തില്‍ എഥനോളും മൂന്നാംഘട്ടത്തില്‍ മാള്‍ട്ട് സ്പിരിറ്റും നിര്‍മിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. നാലാംഘട്ടമായാകും ബ്രൂവറി സ്ഥാപിക്കുകയെന്നും ഉത്തരവ് വിശദീകരിക്കുന്നു. 600 കോടി രൂപയാണ് ബ്രൂവറിക്കായുള്ള മുതല്‍മുടക്ക്. 2023 - 24 ലെ മദ്യനയം അടിസ്ഥാനമാക്കിയാണ് അനുമതി നല്‍കിയത്. ബ്രൂവറിയിലേക്ക് വെള്ളം നല്‍കുന്നതിനായി ജല അതോറിറ്റി അനുമതി നല്‍കിയിരുന്നു.

എലപ്പുള്ളിയില്‍ ബ്രൂവറിക്ക് സര്‍ക്കാര്‍ നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.യുഡിഎഫ് ഭരിക്കുന്ന എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതി പ്രത്യേക യോഗം ചേര്‍ന്നാണ് തീരുമാനം പുനപരിശോധിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ബിജെപി അംഗങ്ങള്‍ അനുകൂല നിലപാട് സ്വീകരിച്ചപ്പോള്‍ നിലവില്‍ ഏതെങ്കിലും തീരുമാനം പറയാനില്ലെന്നായിരുന്നു എല്‍ഡിഎഫ് അംഗങ്ങളുടെ പ്രതികരണം.

22 അംഗ ഭരണസമിതിയില്‍ എട്ട് യുഡിഎഫ് അംഗങ്ങളും, അഞ്ച് ബിജെപി അംഗങ്ങളും ബ്രൂവറിക്ക് അനുമതി നല്‍കിയ മന്ത്രിസഭാ തീരുമാനത്തെ എതിര്‍ത്തു. എട്ടുപേരില്‍ യോഗത്തില്‍ പങ്കെടുത്ത അഞ്ച് എല്‍ഡിഎഫ് അംഗങ്ങള്‍ തല്‍ക്കാലം വ്യക്തമായ നിലപാട് സ്വീകരിക്കാനില്ലെന്നറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി മൗനാനുവാദം നല്‍കിയെന്ന ബിജെപി അംഗങ്ങളുടെ പരാമര്‍ശത്തെ ചൊല്ലിയും തര്‍ക്കമുണ്ടായി. പദ്ധതി പിന്‍വലിക്കും വരെ സമരമുഖത്തുണ്ടാവുമെന്നാണ് കോണ്‍ഗ്രസ്, ബി.ജെ.പി നേതൃത്വങ്ങളുടെ നിലപാട്.

Tags:    

Similar News