വന്യമൃഗങ്ങള്‍ക്ക് വനത്തില്‍ ജലവും ഭക്ഷണവും ഉറപ്പാക്കും; സ്ഥിരം സഞ്ചാര പാതകള്‍ നിരീക്ഷിക്കും; എല്ലാ ഫോറസ്റ്റ് ഡിവിഷനിലും ആന താരകള്‍; കര്‍മ്മപദ്ധതിയുമായി വീണ്ടും വനം വകുപ്പ്; വയനാടിന് 50 ലക്ഷം അനുവദിച്ച് ദുരന്തനിവാരണ വകുപ്പ്; ജില്ലാ കളക്ടര്‍ക്ക് പണം കൈമാറും
വയനാടിന് 50 ലക്ഷം അനുവദിച്ച് ദുരന്തനിവാരണ വകുപ്പ്;
തിരുവനന്തപുരം: കാട്ടാനക്കലിയില്‍ ദിവസങ്ങള്‍ക്കിടെ ഒട്ടേറെ ജീവനുകള്‍ പൊലിഞ്ഞതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ വയനാട്ടിലെ മനുഷ്യ-മൃഗ സംഘര്‍ഷം ലഘൂകരിക്കാന്‍ സര്‍ക്കാര്‍ 50 ലക്ഷം രൂപ അനുവദിച്ചു. ദുരന്ത നിവാരണ വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവു പുറത്തിറക്കി. വയനാട് കലക്ടറുടെ അപേക്ഷ അനുസരിച്ചാണു തുക അനുവദിച്ചതെന്നും വനാതിര്‍ത്തി പ്രദേശങ്ങളിലെ അടിക്കാടു വെട്ടാനും പണം ഉപയോഗിക്കാമെന്നും ഉത്തരവില്‍ പറയുന്നു. ജില്ലാ കളക്ടര്‍ക്ക് പണം കൈമാറും.
വയനാട്ടില്‍ വര്‍ധിച്ചുവരുന്ന വന്യജീവി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ഉണ്ടായിട്ടുള്ള വന്യജീവി അക്രമങ്ങള്‍ ഉള്‍പ്പെടെ തടയുന്നതിന് വേണ്ടിയാണ് ദുരന്ത നിവാരണ വകുപ്പ് പണം അനുവദിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 26ാം തീയതി തന്നെ ഈ പണം അനുവദിച്ചുകൊണ്ട് തീരുമാനമായിരുന്നു. ഇന്ന് കളക്ടര്‍ക്ക് പണം കൈമാറുമെന്ന് അറിയിച്ചു കൊണ്ട് ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.
ഈ പണം അവിടുത്തെ വിവിധ തരത്തിലുള്ള ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക്, അടിക്കാട് വെട്ടി വന്യജീവികള്‍ പുറത്തേക്ക് വരുന്നത് തടയുന്നത് അടക്കമുള്ള കാര്യങ്ങള്‍ സ്വീകരിക്കാന്‍ ഈ പണം ഉപയോഗിക്കാം എന്നാണ് ഉത്തരവില്‍ പറയുന്നത്. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വയനാട്ടിലെ കാപ്പാട് മേഖലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗോത്ര യുവാവ് മാനുവിന്റെ (45) മൃതദേഹം കഴിഞ്ഞദിവസം രാവിലെയാണു കണ്ടെത്തിയത്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഗോത്ര ഊരുകളില്‍ മാറിമാറിത്താമസിക്കുന്ന മാനുവിനെ തിങ്കള്‍ രാത്രി ഏഴരയോടെയാണു കാട്ടാന ആക്രമിച്ചത്.
തിരുവനന്തപുരം പാലോട്ട് വനവിഭവങ്ങള്‍ ശേഖരിക്കാനായി ഉള്‍വനത്തിലേക്കു പോയ മടത്തറ ശാസ്താംനട വലിയപുലിക്കോട് ചതുപ്പ് സ്വദേശി ബാബുവിന്റെ (54) മൃതദേഹം തിങ്കളാഴ്ച കാട്ടാന ചവിട്ടിക്കൊന്ന നിലയില്‍ കണ്ടെത്തിയിരുന്നു. കാട്ടാന ആക്രമണത്തില്‍ കഴിഞ്ഞ 14 മാസത്തിനിടെ സംസ്ഥാനത്ത് 24 പേരാണു മരിച്ചത്.
ജനുവരി 24ന് ആദിവാസി സ്ത്രീയായ രാധയെ നരഭോജി കടുവ കൊലപ്പെടുത്തിയിരുന്നു. 26ന് ചേര്‍ന്ന ദുരന്ത നിവാരണ അതോറിട്ടിയുടെ യോഗത്തിലാണ് വന്യജീവി ആക്രമണം നേരിടാന്‍ പണം അനുവദിക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടത്. അതേസമയം വയനാട് തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് വയനാട്ടില്‍ നാളെയും ഹര്‍ത്താലാണ്. ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ദിവസേന എന്നോണം ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടിട്ടും യാതൊരു വിധ നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ കെ അഹമ്മദ് ഹാജിയും കണ്‍വീനര്‍ പി ടി ഗോപാലക്കുറുപ്പും അറിയിച്ചു.
കര്‍മ്മപദ്ധതിയുമായി വനം വകുപ്പ്
വന്യജീവി ആക്രമണത്തെ തടയാനായി കര്‍മ്മപദ്ധതിയുമായി വീണ്ടും വനം വകുപ്പ്. ഇതിനായി വനം വകുപ്പ് 10 മിഷനുകള്‍ രൂപീകരിച്ചു. എല്ലാ ഫോറസ്റ്റ് ഡിവിഷനിലും ആന താരകള്‍ നിര്‍മ്മിക്കാനും വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാര പാതകള്‍ നിരീക്ഷിക്കുവാനും കര്‍മ്മപദ്ധതിയില്‍ തീരുമാനമായി.
വന്യജീവി സംഘര്‍ഷ മേഖലയില്‍ സന്നദ്ധ പ്രതികരണ സേന ഉണ്ടാക്കും. ഗോത്ര സമൂഹത്തിന്റെ അറിവ് പ്രയോജനപ്പെടുത്തും. വന്യമൃഗങ്ങള്‍ക്ക് വനത്തില്‍ ജലവും ഭക്ഷണവും ഉറപ്പാക്കും. വന്യമൃഗങ്ങളുടെ സ്വഭാവ മാറ്റങ്ങള്‍ പഠിക്കാന്‍ വിദഗ്ധസമിതി രൂപീകരിക്കുമെന്നും വനാതിര്‍ത്തികളില്‍ സൗരോര്‍ജ്ജ വേലികള്‍ സ്ഥാപിക്കുവാനും കര്‍മ്മപദ്ധതിയില്‍ തീരുമാനിച്ചു. ഫോറസ്റ്റ് ഡിവിഷനില്‍ ആനത്താരകള്‍ നിര്‍മ്മിക്കും, വന്യജീവി സംഘര്‍ഷമേഖലയില്‍ സന്നദ്ധപ്രതികരണ സേന, വനാതിര്‍ത്തികളില്‍ സൗരോര്‍ജ്ജ വേലി, അടിക്കാടുകള്‍ നീക്കം ചെയ്യും, യാത്രക്കാര്‍ക്ക് സുരക്ഷാ നിര്‍ദേശം, ഹോട്ട് സ്‌പോട്ടുകളില്‍ റിയല്‍ ടൈം മോണിറ്ററിംഗ് സംവിധാനം-എന്നിവയാണ് കര്‍മ്മപദ്ധതിയിലുള്ളത്.