വ്യാഴാഴ്ച കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം വളയും; നിയന്ത്രണം ഏറ്റെടുക്കും; പുതിയ ഹൈക്കമ്മിഷണര്‍ ദിനിഷ് പട്നായിക്കിന്റെ മുഖത്ത് ലക്ഷ്യചിഹ്നം പതിച്ച പോസ്റ്റര്‍ പുറത്തിറക്കി സിഖ്സ് ഫോര്‍ ജസ്റ്റിസ് ഭീകരര്‍; ഖലിസ്ഥാനി സംഘടനയുടെ ഭീഷണി ഇന്ത്യ - കാനഡ നയതന്ത്രബന്ധം പുനരാരംഭിച്ചതിനു പിന്നാലെ
ഖലിസ്ഥാനി സംഘടനയുടെ ഭീഷണി ഇന്ത്യ - കാനഡ നയതന്ത്രബന്ധം പുനരാരംഭിച്ചതിനു പിന്നാലെ
ഒട്ടാവ: വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സുരക്ഷാ ഭീഷണിയുമായി ഖലിസ്ഥാന്‍ സംഘടന. യുഎസ് ആസ്ഥാനമായുള്ള സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) ആണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. വ്യാഴാഴ്ച ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും കോണ്‍സുലേറ്റില്‍ സാധാരണ ആവശ്യങ്ങള്‍ക്കായി വരാന്‍ ഉദ്ദേശിക്കുന്ന കാനഡയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ മറ്റൊരു ദിവസം തിരഞ്ഞെടുക്കണമെന്നും ഖലിസ്ഥാന്‍ അനുകൂല സംഘടന ആവശ്യപ്പെട്ടു. പുതിയ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ദിനിഷ് പട്നായിക്കിന്റെ മുഖത്ത് ലക്ഷ്യചിഹ്നം പതിച്ചുകൊണ്ടുള്ള ഒരു പോസ്റ്ററും അവര്‍ പുറത്തിറക്കി.
കോണ്‍സുലേറ്റ് ഓഫിസ് ഉപരോധത്തിലൂടെ പിടിച്ചെടുക്കുമെന്നാണ് ഖലിസ്ഥാന്‍ ഭീകരസംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് ഭീകരര്‍ പ്രഖ്യാപിച്ചത്. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം മികച്ച രീതിയില്‍ മുന്നേറുന്നതിനിടെയാണ് സിഖ്‌സ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെ ഭീഷണി. വ്യാഴാഴ്ച ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക് ഇന്ത്യന്‍, കനേഡിയന്‍ പൗരന്‍മാര്‍ വരരുതെന്നും ഖലിസ്ഥാന്‍ ഭീകരര്‍ മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ എട്ടുമുതല്‍ 12 മണിക്കൂര്‍ നേരത്തേക്ക് കോണ്‍സുലേറ്റ് ഉപരോധിക്കുമെന്നാണ് ഖലിസ്ഥാനി സംഘടനയുടെ മുന്നറിയിപ്പ്. 'കാനഡയിലെ ഇന്ത്യന്‍ ഹിന്ദുത്വഭീകരതയുടെ പുതിയ മുഖം' എന്ന് വിശേഷിപ്പിച്ച് ദിനേശ് പട്‌നായിക്കിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
ഖലിസ്ഥാനികളെ ലക്ഷ്യം വച്ചുള്ള ചാര ശൃംഖലയുടെ ഏകോപനം ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ നടത്തുന്നതായും ഭീകരര്‍ പ്രസ്താവനയില്‍ ആരോപിച്ചു. ''രണ്ട് വര്‍ഷം മുന്‍പ് നടന്ന ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ പങ്ക് അന്വേഷിച്ചുവരികയാണെന്നാണ് മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷവും, ഖലിസ്ഥാന്‍ പ്രവര്‍ത്തകരെ ലക്ഷ്യമിട്ടുള്ള ചാര ശൃംഖലയ്ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ നേതൃത്വം നല്‍കുകയാണ്. കോണ്‍സുലേറ്റുകള്‍ കേന്ദ്രീകരിച്ച് ഇവര്‍ ഞങ്ങളുടെ പ്രവര്‍ത്തകരെ നിരീക്ഷിക്കുകയാണ്'' സിഖ്‌സ് ഫോര്‍ ജസ്റ്റിസ് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ കാര്യമായ ഉലച്ചിലിലുകള്‍ ഉണ്ടായിരുന്നു. കാനഡയുടെ ആരോപണം അവ്യക്തവും അടിസ്ഥാന രഹിതവുമെന്ന് വിശേഷിപ്പിച്ച ഇന്ത്യ ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. അടുത്തിടെ, നയതന്ത്ര ബന്ധം ഊഷ്മളമാക്കാനുള്ള നടപടികളുടെ ഭാഗമായി ഇരുരാജ്യങ്ങളും പുതിയ ഹൈകമീഷണര്‍മാരെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ്.എഫ്.ജെയുടെ ഭീഷണി. നിലവില്‍ സ്‌പെയിനിലെ ഇന്ത്യന്‍ അംബാസഡറായി സേവനമനുഷ്ഠിക്കുന്ന പട്‌നായിക് ഒട്ടാവയിലെ പ്രധാന ചുമതല ഉടന്‍ ഏറ്റെടുക്കും. ക്രിസ്റ്റഫര്‍ കൂട്ടറാണ് ഇന്ത്യയിലെ കാനഡയുടെ പുതിയ ഹൈകമീഷണര്‍.
നിജ്ജാറിന്റെ മരണശേഷം ഖലിസ്ഥാന്‍ ജനഹിതപരിശോധനാ പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുത്ത ഇന്ദര്‍ജീത് സിങ്ങിന് ഗോസലിന് സംരക്ഷണം നല്‍കാന്‍ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (ആര്‍സിഎംപി) നിര്‍ബന്ധിതായ സാഹചര്യത്തിലേക്കെത്തുന്ന തരത്തിലുള്ള ഗുരുതരഭീഷണി തങ്ങള്‍ക്കെതിരെ നിലനിന്നിരുന്നുവെന്നും സംഘം ആരോപിച്ചു. കാനഡയില്‍ നടക്കുന്ന ചാരവൃത്തിക്കും ഭീഷണിപ്പെടുത്തലിനും ഔദ്യോഗിക പ്രതികരണം തേടുമെന്നും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുമെന്നും സംഘടന പറഞ്ഞു.
ഖലിസ്ഥാന്‍ സംഘടനകള്‍ക്ക് കാനഡ ആസ്ഥാനമായുള്ള വ്യക്തികളില്‍നിന്നും ശൃംഖലകളില്‍നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് കനേഡിയന്‍ ഭരണകൂടം ഒരു ആഭ്യന്തര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കാനഡയുടെ ക്രിമിനല്‍ നിയമപ്രകാരം ഭീകരസംഘടനകളായി വിലയിരുത്തിയിട്ടുള്ള ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, ഇന്റര്‍നാഷണല്‍ എസൈ്വഎഫ് എന്നിവ ഈ സംഘടനകളില്‍ ഉള്‍പ്പെടുന്നു. നിലവില്‍ ഈ ഭീകരവാദ ഗ്രൂപ്പുകള്‍ ഏതെങ്കിലും പ്രത്യേക സംഘടനയുമായി ബന്ധമില്ലാതെ ഖലിസ്ഥാന്‍ വാദത്തെ പിന്തുണയ്ക്കുന്ന വ്യക്തികളുടെ ചെറിയ സംഘങ്ങളിലൂടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സിഖ്‌സ് ഫോര്‍ ജസ്റ്റിസ് ഒഴികെയുള്ള ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷനല്‍, ഇന്റര്‍നാഷനല്‍ എസ്വൈഎഫ് എന്നീ ഖലിസ്ഥാന്‍ ഗ്രൂപ്പുകളെ കുറിച്ചാണ് ആഭ്യന്തര റിപ്പോര്‍ട്ടില്‍ കനേഡിയന്‍ സര്‍ക്കാര്‍ പരാമര്‍ശിച്ചിരുന്നത്.