ചൂരല്‍മലയിലെ ദുരിതം കാണാത്ത പിണറായി; പിആര്‍ഡിയെ തളര്‍ത്തി 'സൈബര്‍ സഖാക്കള്‍ക്ക്' ഖജനാവ് പകുത്ത് നല്‍കും! സര്‍ക്കാരിന് വേണ്ടത് പി ആര്‍ മാത്രം; 'വിവരമറിയിക്കാന്‍' സഖാക്കളുടെ പുതിയ ടീം എത്തും; റോഡ് നേരെയാക്കാനുള്ള കിഫ്ബി ഫണ്ടും വഴിമാറ്റും; കേരളത്തെ ചിലര്‍ കട്ടുമുടിക്കുമ്പോള്‍

Update: 2024-11-18 02:20 GMT

തിരുവനന്തപുരം: കേരളത്തെ ഈ സര്‍ക്കാര്‍ കട്ടുമുടിക്കുമോ? സൈബര്‍ സഖാക്കള്‍ക്ക് പണം കൊടുക്കാന്‍ പുതിയ സംവിധാനമൊരുക്കുകായണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാനും വിവിധ പദ്ധതികളുടെ വിവരങ്ങള്‍ അറിയിക്കാനും പുതിയ ടീം എത്തും.'സ്‌പെഷല്‍ സ്ട്രാറ്റജി ആന്‍ഡ് കമ്യൂണിക്കേഷന്‍സ്' ടീമും 'എന്റെ കേരളം' പോര്‍ട്ടലിന്റെ പരിഷ്‌കരിച്ച പതിപ്പും ഖജാനവ് കൊള്ളയടിക്കാനുള്ള പുതു വഴിയാണ്. തുക കിഫ്ബി വഴി ലഭ്യമാക്കും. പുതിയ സംരംഭങ്ങളുടെ നടത്തിപ്പിനായി തുടക്കത്തില്‍ ഒരു വര്‍ഷത്തേക്കു വിവിധ തസ്തികകളില്‍ നിയമനവും നടത്തും. അതായത് കിഫ്ബി ഫണ്ട് സഖാക്കളിലേക്ക് വകമാറ്റാന്‍ പുതിയ പദ്ധതി വരികയാണ്. ഇതോടെ പിആര്‍ഡി വെറുതെയാകും.

മുഖ്യമന്ത്രിയടക്കം കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ വിവരങ്ങള്‍ സ്‌പെഷല്‍ സ്ട്രാറ്റജി ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ടീം വഴിയായിരിക്കും ഇനിമുതല്‍ പുറത്തുവരിക. ഇതോടെ പി ആര്‍ ഡി നോക്കു കുത്തിയാകും. പി ആര്‍ ഡിയില്‍ കൂടുതല്‍ തസ്തിക സൃഷ്ടിക്കണമെന്ന ഫയല്‍ മുഖ്യമന്ത്രിക്ക് മുന്നിലാണ്. അതായത് പി ആര്‍ ഡിയില്‍ ക്രമാതീതമായ ഒഴിവുകളുണ്ട്. ഇത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. എന്നാല്‍ പി ആര്‍ ഡിയിലെ തസ്തിക കൂട്ടാതെ മറ്റൊരു സംവിധാനം ഒരുക്കുകയാണ് സര്‍ക്കാര്‍. ഇതിലൂടെ പി എസ് സി വഴിയല്ലാതെ താല്‍കാലികമായി സൈബര്‍ സഖാക്കള്‍ക്ക് ജോലി നല്‍കാം. പതിനായിരങ്ങള്‍ പാര്‍ട്ടി കുടുംബത്തിലേക്ക് എത്തുകയും ചെയ്യും. ചൂരല്‍മലയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൊടുക്കാന്‍ പോലും പണമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിനിടെയാണ് പുതിയ ധൂര്‍ത്തുകള്‍.

സര്‍ക്കാരിന്റെ പ്രചരണത്തിനായി കൊണ്ടു വരുന്ന സംവിധാനങ്ങളില്‍ പുതിയ തസ്തികകളും സൃഷ്ടിക്കും. വിദഗ്ധര്‍ (2 കമ്യൂണിക്കേഷന്‍, ഫിനാന്‍സ്), പ്രോഗ്രാം ഡയറക്ടര്‍ (1), റിസര്‍ച് അസോഷ്യേറ്റ് (12), ക്രിയേറ്റിവ് ടീം ഹെഡ് (1), കണ്ടന്റ് ക്രിയേറ്റര്‍ (2), മാനേജര്‍ (2), ഡിസൈനര്‍ (2), വിഡിയോ എഡിറ്റര്‍ (2), ഫൊട്ടോഗ്രഫര്‍ (2) എന്നിങ്ങനെയാകും തസ്തിക ഉണ്ടാക്കുക. ഇതിലെല്ലാം സാധാരണ നിലയില്‍ പാര്‍ട്ടി ബന്ധമുള്ളവര്‍ ആകും നിയമിക്കപ്പെടുക. പി ആര്‍ ഡിയെ ശക്തിപ്പെടുത്തിയാല്‍ പ്രതിവര്‍ഷം ഈ ജോലികള്‍ക്കെല്ലാം കൂടി ഒരു കോടി ചെലവാക്കിയാല്‍ മതിയാകും. ഇത് സര്‍ക്കാരിനും അറിയാം. എങ്കിലും പരമാവധി സഹായം പിന്‍വാതില്‍ നിയമനത്തിലൂടെ ഇഷ്ടക്കാര്‍ക്ക് കൊടുക്കാനാണ് ശ്രമം.

സമൂഹമാധ്യമങ്ങളിലൂടെയുള്ള പൊതുജന സമ്പര്‍ക്കം കേന്ദ്രീകരിക്കുന്നതു ലക്ഷ്യമിട്ടുള്ള 'എന്റെ കേരളം' പ്ലാറ്റ്‌ഫോമിനായി സിഡിറ്റ് ഓഗസ്റ്റില്‍ നല്‍കിയ പദ്ധതിരേഖയ്ക്ക് സര്‍ക്കാര്‍ അടിയന്തര അനുമതി നല്‍കുകയായിരുന്നു. സിഡിറ്റ് വഴി എത്തുന്നത് എല്ലാം സിപിഎം അനുഭാവികളാണ്. ഈ മാസം മുതല്‍ 2026 ഒക്ടോബര്‍ വരെയുള്ള കാലയളവിലേക്കായി 19,22,33,800 രൂപയുടെ എസ്റ്റിമേറ്റാണ് സിഡിറ്റ് ആദ്യം നല്‍കിയത്. എന്നാല്‍ തുക കുറയ്ക്കണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് പുതുക്കിനല്‍കിയ 10,47,48,600 രൂപയുടെ പദ്ധതിക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. എങ്കിലും പി ആര്‍ ഡിയെ സമര്‍ത്ഥമായി ഉപയോഗിച്ചാല്‍ ഈ ചെലവ് കുറയും.

ബജറ്റിലൂടെ നടപ്പാക്കുന്ന സുപ്രധാന വികസന ക്ഷേമസംരംഭങ്ങള്‍, കിഫ്ബി വഴി നടപ്പാക്കുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ പദ്ധതികള്‍, നവകേരള മിഷനുകള്‍ വഴിയുള്ള നേട്ടങ്ങള്‍, സംസ്ഥാനം അംഗീകരിച്ച നയരേഖകള്‍, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം എന്നിവയില്‍ സംസ്ഥാനം സ്വീകരിച്ച സുപ്രധാന നിലപാടുകള്‍, ലഭിച്ച ആനുകൂല്യങ്ങള്‍ എന്നിവ ഇനി 'എന്റെ കേരള'ത്തിലാകും പ്രസിദ്ധപ്പെടുത്തുക. ഇതിലൂടെ പ്രതിവര്‍ഷം പത്ത് കോടിയും അടിച്ചു പൊളിക്കും. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് കിഫ്ബി രൂപീകരിച്ചത്. കേരളത്തിലെ റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. ഇതെല്ലാം ചെയ്യാനുള്ള കിഫ്ബി ഫണ്ടാണ് സര്‍ക്കാര്‍ പ്രചരണ സംവിധാനത്തിന് വകമാറ്റുന്നത്.

എന്റെ കേരളത്തില്‍ വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് സെക്രട്ടറി (ചെയര്‍മാന്‍), ഡയറക്ടര്‍ (കണ്‍വീനര്‍), അഡിഷനല്‍ ഡയറക്ടര്‍മാര്‍, സിഡിറ്റ് ഡയറക്ടര്‍, പുറമേനിന്നുള്ള വിദഗ്ധന്‍ എന്നിവരുള്‍പ്പെട്ട കോര്‍ ടീം മേല്‍നോട്ടം വഹിക്കും. പുറമേനിന്നുള്ള സാമ്പത്തിക വിദഗ്ധനെ ഉള്‍പ്പെടുത്തിയുള്ള മറ്റൊരു കമ്മിറ്റി സാമ്പത്തിക രംഗം കൈകാര്യം ചെയ്യും. ഓണ്‍ലൈനായി ബില്ലുകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് പണം കൈമാറാന്‍ കിഫ്ബിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Tags:    

Similar News