തല കുനിച്ച് മുഖം മറച്ച് ശ്രീനാഥ് ഭാസിയുടെ മടക്കം; ലഹരിക്കേസില്‍ നടന്റെ ചോദ്യം ചെയ്യല്‍ നീണ്ടത് വൈകീട്ടുവരെ; നടി പ്രയാഗാ മാര്‍ട്ടിന്‍ ചോദ്യം ചെയ്യലിന് ഹാജരായി; നിയമസഹായം നല്‍കുന്നത് നടന്‍ സാബുമോന്‍

ലഹരി ഉപയോഗിച്ചിട്ടില്ല, ഓംപ്രകാശിനെ അറിയില്ലെന്നും ശ്രീനാഥ് ഭാസി

Update: 2024-10-10 13:20 GMT

കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരുക്കിയ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്തു. രാവിലെ ഹാജരായ നടന്റെ ചോദ്യം ചെയ്യല്‍ വൈകീട്ടുവരെ നീണ്ടു. ശ്രീനാഥ് ഭാസിയോടും നടി പ്രയാഗ മാര്‍ട്ടിനോടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ മരട് പോലീസ് നിര്‍ദേശിച്ചിരുന്നു. ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇരുവരും ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നോയെന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം.

ലഹരിക്കേസില്‍ ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ കൊച്ചി മരട് പൊലീസ് നാലരമണിക്കൂര്‍ ചോദ്യംചെയ്തു. ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് ശ്രീനാഥ് ഭാസി മൊഴി നല്‍കി. ലഹരിപ്പാര്‍ട്ടി നടന്നതായി അറിവില്ല. ലഹരി ഉപയോഗിച്ചിട്ടില്ല. ഹോട്ടലില്‍ എത്തിയത് ബിനു ജോസഫിന് ഒപ്പമെന്നും ബിനുവുമായി സാമ്പത്തിക ഇടപാടുണ്ടെന്നും താരം മൊഴി നല്‍കി.

കേസില്‍ ചോദ്യം ചെയ്യലിന് നടി പ്രയാഗാ മാര്‍ട്ടിനും ഹാജരായി. വ്യാഴാഴ്ച ഹാജരാകണമെന്ന പോലീസ് നിര്‍ദേശമനുസരിച്ച് ഇവര്‍ സൗത്ത് പോലീസ് സ്റ്റേഷനിലാണ് ചോദ്യംചെയ്യലിനെത്തിയത്. കേസുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസിയോടും പ്രയാഗ മാര്‍ട്ടിനോടും രാവിലെ പത്തുമണിക്ക് ഹാജരാകണമെന്നാണ് പോലീസ് നിര്‍ദേശിച്ചിരുന്നതെങ്കിലും വൈകീട്ടോടെയാണ് പ്രയാഗ ചോദ്യംചെയ്യലിനെത്തിയത്.

ചോദ്യം ചെയ്യലിനുശേഷം ശ്രീനാഥ് ഭാസി മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് പ്രയാഗ എത്തിയത്. എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. വിശദമായ ചോദ്യംചെയ്യല്‍തന്നെയുണ്ടാകും. അതിന് ശേഷം പോലീസ് തുടര്‍നടപടികളിലേക്ക് കടക്കും. നടന്‍കൂടിയായ സാബുമോനാണ് പ്രയാഗയ്ക്കുവേണ്ട നിയമസഹായങ്ങള്‍ ചെയ്യുന്നത്. ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി പ്രയാഗ ഇറങ്ങിവരുമ്പോള്‍ കൂടുതല്‍ പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പ്രയാഗയ്ക്ക് നിയമസഹായം നല്‍കാനാണ് എത്തിയതെന്ന് സാബുമോന്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് നേരത്തേ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പ്രയാഗാ മാര്‍ട്ടിന്‍ പങ്കുവെച്ചിരുന്നു. പരിഹാസച്ചുവയോടെയുള്ള പോസ്റ്റായിരുന്നു അത്. അതിനുശേഷം കേസുമായി ബന്ധപ്പെട്ട അവര്‍ പ്രതികരിച്ചിട്ടില്ല.

ഇരുവര്‍ക്കും ലഹരി സംഘവുമായുള്ള ബന്ധമാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. എന്തിനാണ് ലഹരി പാര്‍ട്ടി നടന്ന ഹോട്ടലിലേക്ക് എത്തിയതെന്നും ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. ഇരുവരുടെയും ഈ ദിവസങ്ങളിലെ സാമ്പത്തിക ഇടപാടും പൊലീസ് അന്വേഷിക്കും.

കേസില്‍, നാലുപേരെക്കൂടി അന്വേഷക സംഘം ബുധനാഴ്ച ചോദ്യം ചെയ്തു. ഓംപ്രകാശിനെ ഫോണില്‍ ബന്ധപ്പെട്ട തമ്മനം ഫൈസല്‍, ലഹരിപ്പാര്‍ട്ടി നടന്ന ഹോട്ടലില്‍ എത്തിയ ബ്രഹ്‌മപുരം സ്വദേശി അലോഷി പീറ്റര്‍, ഭാര്യ സ്‌നേഹ, അങ്കമാലി സ്വദേശി പോള്‍ ജോസ് എന്നിവരെയാണ് ചോദ്യം ചെയ്തത്. ഹോട്ടലില്‍ സന്ദര്‍ശകരെയെത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫുമായി ബന്ധമുള്ളവരാണിവരെന്നും സൂചനയുണ്ട്. ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റ് പതിനാലോളം പേരുടെ വിവരങ്ങള്‍കൂടി ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് വരും ദിവസങ്ങളില്‍ നോട്ടീസ് നല്‍കും. ഇതുവരെ മൂന്നുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

സന്ദര്‍ശകരെ എത്തിച്ച ബിനു ജോസഫിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഓംപ്രകാശും കൊല്ലം സ്വദേശിയായ കൂട്ടാളി ഷിഹാസുമാണ് ആദ്യം അറസ്റ്റിലായത്. ഗുണ്ടാ നേതാവ് ഭായ് നസീറിന്റെ അനുയായിയാണ് ബിനു. ഈ ബന്ധം ഉപയോഗിച്ച് ഓംപ്രകാശുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ലഹരിപ്പാര്‍ട്ടിക്ക് ആവശ്യമായ ലഹരി എത്തിച്ചത് ഇയാളാണെന്നാണ് നിഗമനം.

ലഹരിപ്പാര്‍ട്ടി നടന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയില്‍നിന്നു കണ്ടെടുത്തത് മയക്കുമരുന്ന് തന്നെയാണെന്ന് സ്ഥിരീകരിച്ചു. പരിശോധനയില്‍ മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന സിപ്പ് ലോക്ക് കവറും മദ്യക്കുപ്പികളും മാത്രമേ ലഭിച്ചിരുന്നുള്ളൂ. രാസപരിശോധനയിലൂടെയാണ് സിപ്പ് ലോക്ക് കവറില്‍ പുരണ്ട മയക്കുമരുന്നിന്റെ സാന്നിധ്യം ഉറപ്പിച്ചത്. ലിഫ്റ്റ്, റിസപ്ഷന്‍, ഇടനാഴികള്‍ എന്നിവിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണ്. ഫോണ്‍കോളുകളുടെയും ശാസ്ത്രീയ പരിശോധനകളുടെയും ഫലം ലഭിച്ച ശേഷം വിശദമായ ചോദ്യംചെയ്യല്‍ ആരംഭിക്കും.

പഞ്ചനക്ഷത്രഹോട്ടലില്‍ ഗുണ്ടാനേതാവ് സംഘടിപ്പിച്ചത് ലഹരിപാര്‍ട്ടിയെന്നാണ് നിഗമനം. ഇരുവരും ഓംപ്രകാശിന്റെ മുറിയില്‍ മണിക്കൂറുകളോളം ചെലവഴിച്ചിരുന്നു. കേസിന്റെ എല്ലാവശങ്ങളും പരിശോധിക്കുമെന്ന് കമ്മീഷണര്‍ പുട്ടവിമലാദിത്യ പറഞ്ഞു.

ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ ഓംപ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിയിരുന്നുവെന്നും ലഹരി പാര്‍ട്ടി സംഘടിപ്പിച്ചുവെന്നും കണ്ടെത്തിയിരുന്നു. ഓം പ്രകാശിന്റെ മുറിയില്‍ തന്നെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.

Tags:    

Similar News