ബയോഡാറ്റകളുടെ പ്രവാഹമായി കൊച്ചി മെട്രോ; ആവശ്യം പക്ഷെ ജോലിയല്ല! കണ്ണുതള്ളി അധികൃതരും; കൊച്ചി മെട്രോ അധികൃതരെ അതിശയിപ്പിക്കുന്ന ആ ബയോഡാറ്റകള്‍ക്ക് പിന്നില്‍
ബയോഡാറ്റകളുടെ പ്രവാഹമായി കൊച്ചി മെട്രോ
കൊച്ചി:കുറച്ചുനാളായി കൊച്ചി മെട്രോയിലേക്ക് ബയോഡാറ്റകളുടെ പ്രവാഹമാണ്.സാധാരണ ജോലിക്കുവേണ്ടിയാണ് ബയോഡാറ്റകള്‍ എത്താറുള്ളതെങ്കിലും ഇത് പക്ഷെ അതിനല്ല.അഭിനയിക്കാന്‍ ഒരവസരം തരുമോ എന്നു ചോദിച്ചാണ് കൊച്ചി മെട്രോയിലേക്ക് അപേക്ഷകള്‍ വരുന്നത്.അതും ഫോട്ടോയുള്‍പ്പടെ..കാര്യങ്ങള്‍ ഒന്നു കൂടി കണ്‍ഫ്യൂഷനായല്ലെ!സംഭവം പക്ഷെ സിംപിള്‍ ആണ്.കൊച്ചി മെട്രോയുടെ റീല്‍സിലേക്ക് അവസരം ചോദിച്ചാണ് ഇത്രത്തോളം അപേക്ഷകള്‍ അധികൃതരെ തേടിയെത്തുന്നത്.
ഇതിന് പിന്നില്‍ ഒരു കഥയുണ്ട്.കഴിഞ്ഞ വര്‍ഷം അതായത് 2023ല്‍ കൊച്ചി മെട്രോയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടില്‍ ഒരു റീല്‍സ് പ്രത്യക്ഷപ്പെടുന്നു.അധികൃതര്‍ പോലും പ്രതീക്ഷിക്കാത്ത തരത്തില്‍ സാധനം വൈറലായി.തമിഴ് ചിത്രം 'എനിമി'യിലെ മാല ടം ടം എന്ന ഗാനത്തിന്റെ റീല്‍സിന് കൊച്ചി മെട്രോയിലെ ജീവനക്കാരികള്‍ ചുവട് വെച്ചാണ് വീഡിയോ പങ്കുവെച്ചത്.മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വീഡിയോയുടെ വ്യൂസ് ലക്ഷങ്ങള്‍ കടന്നു.മെട്രോയുടെ പ്രചരണാര്‍ത്ഥം അന്ന് ഫേസ്ബുക്കിലാണ് വീഡിയോ പങ്കുവെച്ചത്.
സംഭവം ക്ലിക്കായതോടെ കൂടുതല്‍ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലേക്ക് മെട്രോയെത്തി.കൊച്ചി മെട്രോയുടെ ഹൗസ് കീപ്പിങ് വിഭാഗത്തിലെ ജോലിക്കാരും് സുഹൃത്തുക്കളായ മേരിയും ഷിജിയുമാണ് കെ.എം.ആര്‍.എല്‍ ന്റെ നിര്‍ദ്ദേശ പ്രകാരം റീല്‍ വീഡിയോ ചെയ്തത്.ഡ്യൂട്ടിക്ക് ശേഷം വെറും അര മണിക്കൂര്‍ കൊണ്ട് നിര്‍മ്മിച്ച വീഡിയോ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ വൈറലാവുകയായിരുന്നു.ഇതിന് പിന്നാലെയാണ് ബോധവല്‍ക്കരണത്തിനുള്‍പ്പടെ ഇതൊരു നല്ല ആശയമായി അധികൃതര്‍ക്ക് തോന്നുകയും കൂടുതല്‍ സാധ്യതകള്‍ കണ്ടെത്തുകയും ചെയ്തതത്.
ഇന്ന് എല്ലാ സാമൂഹിക മാധ്യമ പേജുകളിലും സജീവമായി നില്‍ക്കുന്നതിന് മെട്രോയ്ക്ക് സ്വന്തമായൊരു സോഷ്യല്‍ മീഡിയ ടീം തന്നെയുണ്ട്.ജീവനക്കാര്‍ തന്നെയാണ് ഇത് നയിക്കുന്നത്.ഫെയ്സ്ബുക്കില്‍ അഞ്ചു ലക്ഷത്തോളം ഫോളോവേഴ്സാണ് കൊച്ചി മെട്രോയ്ക്കുള്ളത്.ഇന്‍സ്റ്റഗ്രാമില്‍ 80,000 ആണ് ഫോളോവേഴ്സ്.ഇന്‍സ്റ്റാ കണ്ടന്റ് 40 ലക്ഷത്തോളം പേരിലേക്ക് എത്തുന്നുണ്ടെന്നും കൊച്ചി മെട്രോ അധികൃതര്‍ പറയുന്നു.
പാട്ടും ഡാന്‍സും സ്‌കിറ്റുമെല്ലാം കോര്‍ത്തിണക്കിയാണ് വീഡിയോകള്‍.ഇതില്‍ വേഷമിടാന്‍ താത്പര്യമുള്ളവരെ ജീവനക്കാരില്‍
നിന്നുതന്നെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.ജോലിയെ ബാധിക്കാത്ത രീതിയിലാണ് ചിത്രീകരണം.മെട്രോയുടെ വിവിധ പരിപാടികളും ഓഫറുകളുമെല്ലാം സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്.എല്ലാ ദിവസവും വ്യത്യസ്ത വിഷയങ്ങളില്‍ പോസ്റ്റുകളുണ്ടാകും.
മെട്രോയുടെ റീല്‍സിനും സ്റ്റോറിക്കുമെല്ലാം റീച്ച് കൂടിയതോടെയാണ് അഭിനയമോഹികളുടെ സന്ദേശങ്ങള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ (കെ.എം.ആര്‍.എല്‍.) തേടി എത്തിത്തുടങ്ങിയത്.ദിവസേന നിരവധി പേരാണ് സോഷ്യല്‍ മീഡിയ പേജില്‍ മുഖം കാണിക്കാനായി ഈ അവസരം തേടുന്നത്.ഫോട്ടോയും ബയോഡേറ്റയുമെല്ലാം ഉള്‍പ്പെടെയാണ് സന്ദേശങ്ങളെത്തുന്നത്.എന്നാല്‍, നിലവില്‍ ഈ ആവശ്യത്തോട് കൈമലര്‍ത്താനെ സാധിക്കുകയുള്ളുവെന്നാണ് മെട്രോ അധികൃതര്‍ വിശദമാക്കുന്നത്.
മെട്രോയുടെ റീല്‍സിലും സ്റ്റോറിയിലുമെല്ലാം പ്രത്യക്ഷപ്പെടുന്നതിലേറെയും കൊച്ചി മെട്രോ ജീവനക്കാര്‍ തന്നെയാണ്.അതിനാല്‍ തത്കാലം പുറമേ നിന്നുള്ള അപേക്ഷകളൊന്നും പരിഗണിക്കാനാകാത്ത അവസ്ഥയിലാണ് കൊച്ചി മെട്രോ അധികൃതര്‍.എങ്കിലും പൊതുജനങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന ഈ പിന്തുണയ്ക്ക് അധികൃതര്‍ നന്ദി പറയുന്നുമുണ്ട്.