ശബ്ദത്തിന്റെ പതിന്‍മടങ്ങ് വേഗതയില്‍ കുതിച്ചത് 'മെയ്ക് ഇന്‍ ഇന്ത്യാ' കരുത്ത്; ആകാശത്ത് വട്ടം ചുറ്റി നെഗറ്റീവ് 'ജി' അഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പൊട്ടിത്തെറിച്ചത് ആത്മനിര്‍ഭര്‍ ഭാരത്! വ്യോമസേനയുടെ നെഞ്ച് പതറിയ നിമിഷം; 'തേജസ്' എന്ന ഇന്ത്യന്‍ കരുത്ത് ഇനി ആഗോള വിപണിയില്‍ ചലനമുണ്ടാക്കാന്‍ കഴിയുമോ? ദുബായിലെ ആ ദുരന്തവും ഇന്ത്യന്‍ പ്രതിരോധ പ്രതീക്ഷകളെ തകര്‍ക്കില്ല
ദുബായിൽ നടന്ന എയർ ഷോയ്ക്കിടെ ഇന്ത്യൻ വ്യോമസേനയുടെ തദ്ദേശീയമായി നിർമ്മിച്ച തേജസ് വിമാനം തകർന്നുവീണ സംഭവം രാജ്യത്തിന് വലിയ വേദനയുണ്ടാക്കിയിട്ടുണ്ട്. വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാലിന്റെ ഓർമ്മകൾക്ക് മുന്നിൽ രാജ്യം തലകുനിക്കുമ്പോഴും, ഈ ദുരന്തത്തെ വിമർശനങ്ങളുടെയും വിവാദങ്ങളുടെയും കോലാഹലങ്ങൾക്കപ്പുറം പ്രതിരോധ സാങ്കേതികവിദ്യയുടെ യാഥാർഥ്യങ്ങളുടെ വെളിച്ചത്തിൽ വിലയിരുത്തേണ്ടതുണ്ട്.
വിമാനത്തിന്റെ തകർച്ച അതീവ ദുഃഖകരമാണ്. എന്നാൽ, ഇത് കേവലമൊരു യാത്രാവിമാനം തകർന്നതല്ല, ലോകോത്തര എയർ ഷോയുടെ ഭാഗമായി കടുത്ത എയറോബാറ്റിക് പ്രകടനങ്ങൾ നടത്തുന്ന ഒരു യുദ്ധവിമാനത്തിനാണ് അപകടം സംഭവിച്ചത്. ലോകമെമ്പാടുമുള്ള യുദ്ധവിമാനങ്ങളുടെ ചരിത്രത്തിൽ, പ്രോട്ടോടൈപ്പ് ഘട്ടത്തിലോ പ്രകടനങ്ങളിലോ സാങ്കേതിക തകരാറുകൾ മൂലമോ അപ്രതീക്ഷിത കാരണങ്ങളാലോ വിമാനങ്ങൾ തകരുന്നത് അസാധാരണമല്ല.
ദീർഘനാളത്തെ സേവനത്തിൽ ഇത് തേജസ് വിമാനത്തിന് സംഭവിച്ച രണ്ടാമത്തെ അപകടമാണ്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഗവേഷണങ്ങൾക്കൊടുവിൽ ഇന്ത്യൻ എൻജിനീയർമാർ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ വിമാനത്തിന്റെ മികവിനെയോ സുരക്ഷാ റെക്കോർഡിനെയോ ഒരു ഒറ്റപ്പെട്ട സംഭവം കൊണ്ട് അളക്കുന്നത് നീതിയല്ല.
സാധാരണയായി ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ, പ്രതിരോധ രംഗത്തെ വിമർശകർക്ക് അത് വിമർശനത്തിനുള്ള ആയുധമാവുക പതിവാണ്. പദ്ധതിയുടെ പരാജയമായി ഇതിനെ ചിത്രീകരിക്കുന്നതും, വിദേശ നിർമ്മിത വിമാനങ്ങൾക്കായി വാദിക്കുന്നതും പതിവാണ്. എന്നാൽ തേജസ് പദ്ധതിയുടെ പ്രാധാന്യം, ഇന്ത്യയുടെ പ്രതിരോധ സ്വാശ്രയത്വത്തിൽ അതിനുള്ള പങ്ക് എന്നിവ വിമർശനങ്ങളെക്കാൾ വലുതാണ്. ഈ അപകടം വ്യോമസേനയുടെ ആത്മവിശ്വാസം തകർക്കാനോ, തദ്ദേശീയ സാങ്കേതികവിദ്യയിലുള്ള വിശ്വാസം നഷ്ടപ്പെടുത്താനോ ഇടയാക്കരുത്.
ദുബായ് എയർ ഷോയിൽ തേജസ് തകർന്നത് വിദേശ രാജ്യങ്ങളിലേക്കുള്ള വിപണന സാധ്യതകളെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക സ്വാഭാവികമാണ്. മലേഷ്യ, ഈജിപ്ത്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് തേജസ് വിൽക്കാൻ ഇന്ത്യ സജീവമായി ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ ദുരന്തം. എങ്കിലും, പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്ന രാജ്യങ്ങൾ ഒരു ഒറ്റപ്പെട്ട അപകടത്തെ അടിസ്ഥാനമാക്കിയല്ല തീരുമാനമെടുക്കുന്നത്.
പകരം, കോർട്ട് ഓഫ് എൻക്വയറിയുടെ റിപ്പോർട്ട്, വിമാനത്തിന്റെ മൊത്തത്തിലുള്ള പ്രകടനം, സാങ്കേതിക ഡാറ്റ, ഭാവിയിലെ സേവന പിന്തുണ എന്നിവയെ ആശ്രയിച്ചായിരിക്കും അവരുടെ അന്തിമ തീരുമാനം. തേജസിന്റെ താരതമ്യേന കുറഞ്ഞ പ്രവർത്തനച്ചെലവും മികച്ച പ്രകടന മികവും വിപണിയിൽ ഇപ്പോഴും ശക്തമായ ഘടകങ്ങളാണ്.
ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള വ്യോമസേനയുടെ കോർട്ട് ഓഫ് എൻക്വയറി (CoI) സമഗ്രവും വേഗത്തിലുള്ളതുമായിരിക്കണം. സാങ്കേതിക തകരാർ, മനുഷ്യന്റെ പിഴവ്, അല്ലെങ്കിൽ അപ്രതീക്ഷിത ബാഹ്യ ഘടകങ്ങൾ എന്നിവയിൽ ഏതാണ് അപകടത്തിന് കാരണമായതെന്ന് എത്രയും പെട്ടെന്ന് തിരിച്ചറിയണം. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്താനും വിമാനത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്താനും ശ്രദ്ധിക്കണം.
ഈ ദുരന്തം തേജസ് പദ്ധതിക്ക് ഒരു താത്കാലിക തിരിച്ചടിയാണെങ്കിലും, ഇത് പരിഷ്കരണങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ പ്രേരകമാകണം. തേജസ് മാർക്ക് 1 എ, തേജസ് മാർക്ക് 2 എന്നീ പതിപ്പുകളുടെ നിർമ്മാണം വേഗത്തിലാക്കുകയും, വിമാനങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യേണ്ടത് രാജ്യത്തിന്റെ അടിയന്തര ആവശ്യമാണ്.
അന്താരാഷ്ട്ര പ്രതിരോധ രംഗത്തെ കടുത്ത മത്സരം നിലനിൽക്കുമ്പോൾ, വിമർശനങ്ങളുടെ ഒച്ചപ്പാടുകൾ കേട്ട് തദ്ദേശീയമായ പദ്ധതികളിൽ നിന്ന് വ്യതിചലിക്കാതെ, തേജസ് പദ്ധതിക്ക് കൂടുതൽ കരുത്തേകാനുള്ള കൂട്ടായ പരിശ്രമമാണ് ഇപ്പോൾ ഉണ്ടാകേണ്ടത്.
ദുബായ് എയർഷോയിലെ അഭ്യാസപ്രകടനത്തിനിടെ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ചത്. പ്രാദേശികസമയം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.15-ന് അൽ മഖ്തൂം വിമാനത്താവളത്തിനുസമീപമാണ് അപകടം. പൈലറ്റിന് പുറത്തേക്കു ചാടാൻ കഴിഞ്ഞില്ല. ഹിമാചൽ പ്രദേശിൽനിന്നുള്ള വിങ് കമാൻഡർ നമംശ് സ്യാൽ (37) ആണ് വിമാനം പറത്തിയിരുന്നത്.
അപകടമുണ്ടാകുന്നതിനുമുൻപ് അഭ്യാസപ്രകടനത്തിന്റെ ഭാഗമായി രണ്ടുതവണ തേജസ് ആകാശത്ത് കരണംമറിഞ്ഞിരുന്നു (റോൾ ഓവർ). പ്രദർശനത്തിനെത്തിയ വിമാനങ്ങളും ഹെലികോപ്റ്ററും പ്രദർശിപ്പിച്ചിരുന്ന സ്ഥലത്തിന് 1.6 കിലോമീറ്റർ അകലെയാണ് തേജസ് വീണതെന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് വ്യോമസേന അറിയിച്ചു.
