ലോകത്ത് എല്ലാവരും ലോണ്‍ എടുക്കുന്നവരല്ലേ? ഇഡി പരിശോധന കെഎഫ്സിയില്‍ നിന്ന് ലോണ്‍ എടുത്തതുമായി ബന്ധപ്പെട്ട്; എടുത്ത ലോണിനേക്കാള്‍ നിര്‍മാണം നടത്തി എന്ന സംശയത്താല്‍ ആയിരുന്നു പരിശോധന; കള്ളപ്പണം ഇടപാട് നടന്നിട്ടില്ല; വണ്‍ ടൈം സെറ്റില്‍മെന്റിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്; ഇ ഡി റെയ്ഡില്‍ പ്രതികരിച്ചു പി വി അന്‍വര്‍
ലോകത്ത് എല്ലാവരും ലോണ്‍ എടുക്കുന്നവരല്ലേ? ഇഡി പരിശോധന കെഎഫ്സിയില്‍ നിന്ന് ലോണ്‍ എടുത്തതുമായി ബന്ധപ്പെട്ട്
മലപ്പുറം: തന്റെ വീട്ടില്‍ ഇഡി നടത്തിയ പരിശോധയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍. ഇഡി പരിശോധന കെഎഫ്സിയില്‍ നിന്ന് ലോണ്‍ എടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിലാണെന്ന് അന്‍വര്‍ പറഞ്ഞു. കാര്യങ്ങള്‍ ഇഡിയെ ബോധ്യപ്പെടുത്തി. ചില രേഖകള്‍ കൂടി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്‍പതര കോടി രൂപയാണ് ലോണ്‍ എടുത്തത്. ആറ് കോടിയോളം തിരിച്ചടച്ചതാണ്. കള്ളപ്പണം ഇടപാട് നടന്നിട്ടില്ല. ലോണ്‍ എടുക്കുക മാത്രമാണ് ചെയ്തതെന്നും അന്‍വര്‍ വിശദീകരിച്ചു.
വണ്‍ ടൈം സെറ്റില്‍മെന്റിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്. എംഎല്‍എ ആകുന്നതിന് മുന്‍പ് എടുത്ത ലോണുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം. എടുത്ത ലോണിനേക്കാള്‍ നിര്‍മാണം നടത്തി എന്ന സംശയത്താല്‍ ആയിരുന്നു പരിശോധനയെന്നും അദ്ദേഹം പറഞ്ഞു. ഒരേ സ്ഥാപനത്തില്‍ നിന്നാണ് രണ്ട് ലോണ്‍ എടുത്തത്. ഒരേ വസ്തു വച്ച് രണ്ട് ലോണ്‍ എടുത്തു എന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കുന്നത് ആണ്. എല്ലാവര്‍ക്കും വണ്‍ ടൈം സെറ്റില്‍മെന്റ് നല്‍കുന്ന കെഎഫ്‌സി തനിക്ക് മാത്രം ഇത് അനുവദിക്കാത്തത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാകും. ഇഡി അന്വേഷണം ഇല്ലാത്ത രാഷ്ട്രീയ നേതാക്കള്‍ ആരെങ്കിലും ഉണ്ടോ എന്നും അന്‍വര്‍.
തൃണമൂല്‍ കോണ്‍ഗ്രസ് ആദ്യമേ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചത് ആണെന്നും അന്‍വര്‍ പറഞ്ഞു. ചിലയിടങ്ങളില്‍ സൗഹൃദ മത്സരങ്ങള്‍ ഉണ്ട്. അതെല്ലാം യുഡിഎഫിന് ജയിക്കാന്‍ പറ്റാത്ത ഇടങ്ങളില്‍ ആണ്. അത് യുഡിഎഫിന് തടസം ആകില്ല. യുഡിഎഫ് പ്രവേശനം സംസ്ഥാന നേതൃത്വം പല വട്ടം ഇടപെട്ടിട്ടുണ്ട്. ജില്ലയിലെ പ്രദേശിക പ്രശ്നങ്ങള്‍ ആണ് യുഡിഎഫ് പ്രവേശനം നീട്ടുന്നത്. സംസ്ഥാന നേതൃത്വം അനുകൂല നിലപാട് ആണ് സ്വീകരിക്കുന്നത്. മലപ്പുറം ജില്ലയിലെ പ്രദേശിക ഇടപെടല്‍ ആണ് വിഷയം. സന്ദീപ് വാര്യര്‍ക്ക് കിട്ടിയ പരിഗണനയുടെ പകുതി എങ്കിലും കിട്ടണ്ടേയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം ഇഡി കേസില്‍ തെളിവുകള്‍വുകള്‍ വിശകലനം ചെയ്ത ശേഷം അടുത്ത നടപടികളിലേക്ക് കടക്കും. അന്‍വറിനെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ട്. ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി 12 കോടിയോളം കടമെടുത്ത് നഷ്ടം വരുത്തിയെന്ന വിജിലന്‍സ് കേസില്‍ അന്‍വര്‍ നാലാം പ്രതിയാണ്. രാവിലെ ആറിന് തുടങ്ങിയ പരിശോധന രാത്രി ഒമ്പതരയോടെയാണ് അവസാനിപ്പിച്ചത്. ഇതുള്‍പ്പെടെ നിരവധി പരാതികള്‍ അന്‍വറിനെതിരെ കിട്ടിയിട്ടുണ്ട്. ഇതിലെല്ലാം അന്വേഷണം തുടരും. അന്‍വറിന്റെ സഹായി സിയാദിന്റെ വീട്ടിലും പി.വി.അന്‍വറിന്റെ വിവിധ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി.
അന്‍വറില്‍ നിന്ന് വിശദ വിവരങ്ങള്‍ തേടിയ ഇഡി ചില രേഖകളും പകര്‍പ്പുകളും കൊണ്ടുപോയി. തുടര്‍ ചോദ്യം ചെയ്യലിനായി അന്‍വറിനെ ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തുമെന്നും സൂചനയുണ്ട്. സ്ഥലത്തിന്റെ രേഖകള്‍ ഉപയോഗിച്ച് വായ്പ എടുത്തതുമായി ബന്ധപ്പെട്ടാണ് പരിശോധന. കഴിഞ്ഞ ദിവസം വിജിലന്‍സും പരിശോധന നടത്തിയിരുന്നു. ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച അന്‍വര്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രലിലാണ്. നിലമ്പൂരിലെ എംഎല്‍എ ആയിരുന്ന അന്‍വര്‍ കഴിഞ്ഞ തവണ നിലമ്പൂരില്‍ പരാജയപ്പെട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അന്‍വര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
2015 ലായിരുന്നു അന്‍വര്‍ കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും 12 കോടി വായ്പ എടുത്തത്. ഇതില്‍ 7.5 കോടി രൂപ അന്‍വറിന്റെ ഡ്രൈവര്‍ സിയാദിന് ബിസിനസ് ആവശ്യങ്ങള്‍ക്കായി വായ്പ അനുവദിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്നീട് 7.5 കോടി രൂപ വായ്പ നേരത്തെ അനുവദിച്ച അതേ ഈടിന്മേല്‍ അന്‍വറിന്റെ സ്ഥാപനമായ പിവിആര്‍ ഡെവലപ്പേഴ്‌സിന് 3.05 കോടി, 1.56 കോടി എന്നിങ്ങനെ രണ്ട് വായ്പകള്‍ കൂടി അനുവദിച്ചതായും ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാലിപ്പോള്‍ പണം തിരിച്ചടച്ചില്ലെന്നാണ് പരാതി. പലിശയടക്കം 22 കോടി രൂപ തിരികെ അടക്കാനുണ്ടെന്നാണ് വിവരം. വായ്പാ തിരിമറി കാരണം കോര്‍പ്പറേഷന് ആകെ 22.30 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.
