ശിക്ഷാകാലയളവിനിടെ സമൂഹവുമായി ഇണങ്ങുന്നതും കുടുംബാംഗങ്ങളുമായി താമസിക്കുന്നതും മാനസാന്തരത്തിനുള്ള വഴിയാകും; പോലീസ് റിപ്പോര്‍ട്ട് അന്വേഷണം നടത്താതെയോ? കൊടു സുനിയ്ക്ക് പരോള്‍ നല്‍കിയത് പുനരധിവാസ ബുദ്ധി! ആ പരോള്‍ സര്‍ക്കാര്‍ റദ്ദാക്കില്ല

Update: 2025-01-02 05:30 GMT

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ കൊടി സുനിക്ക് പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട പരാതികള്‍ സര്‍ക്കാര്‍ തള്ളും. പരാതികളില്‍ അനുകൂല നടപടികളൊന്നും എടുക്കില്ല. തവനൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനെതിരേ ചീഫ് സെക്രട്ടറിക്ക് പരാതി ലഭിച്ചിരുന്നു. പോലീസ് റിപ്പോര്‍ട്ട് അവഗണിച്ച് കൊടി സുനിക്ക് പരോള്‍ ലഭിക്കുന്നതിന് അനുകൂല റിപ്പോര്‍ട്ട് തയ്യാറാക്കിയ ജയില്‍ സൂപ്രണ്ടിന്റെ നടപടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ്ങാണ് പരാതി നല്‍കിയത്. ഈ പരാതിയില്‍ സര്‍ക്കാര്‍ ഗൗരവം കാണുന്നില്ലെന്നാണ് സൂചന.

ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും മാനുഷികപരിഗണന അര്‍ഹിക്കുന്നുണ്ടോയെന്നു പരിശോധിക്കണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശവും പരിഗണിച്ചാണ് കൊടി സുനിക്ക് ജയില്‍ ഡി.ജി.പി. പരോള്‍ അനുവദിച്ചത്. പരോള്‍ അനുവദിക്കാന്‍ അനുകൂല റിപ്പോര്‍ട്ട് തയ്യാറാക്കിയ ജയില്‍ സൂപ്രണ്ടിന്റെയും പരോള്‍ അനുവദിച്ച ജയില്‍വകുപ്പ് മേധാവിയുടെയും നടപടികള്‍ നിയമ സെക്രട്ടറിയെക്കൊണ്ട് പരിശോധിച്ച് കൊടി സുനിയുടെ പരോള്‍ റദ്ദാക്കണമെന്നാണ് പരാതിയിലുള്ളത്. എന്നാല്‍ കൊടി സുനിയുടെ പരോള്‍ റദ്ദാക്കില്ല. ടിപി കേസിലെ എല്ലാ പ്രതികള്‍ക്കും പരോള്‍ കൊടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പരോള്‍ നിയമ പ്രശ്‌നങ്ങളോ ക്രമസമാധാന വിഷയമോ ആയി മാറുന്നില്ലെന്നാണ് സര്‍ക്കാര്‍ പക്ഷം.

സ്ഥിരം തടവുകാര്‍ക്ക് പരോള്‍ അനുവദിക്കാന്‍ വ്യവസ്ഥയുണ്ടെങ്കിലും പോലീസ് റിപ്പോര്‍ട്ടുകളില്‍ 95 ശതമാനവും പ്രതികൂലമാകുന്നത് ജയില്‍വകുപ്പിനെ വലയ്ക്കുന്നുണ്ട്. പോലീസ് റിപ്പോര്‍ട്ട് പരിഗണിച്ചാല്‍ പരോളിന് അര്‍ഹതയുള്ള ഭൂരിഭാഗം തടവുകാര്‍ക്കും നിഷേധിക്കപ്പെടും. പരിഷ്‌കരിച്ച ജയില്‍ച്ചട്ടപ്രകാരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ മതിയെങ്കിലും ജില്ലാ പോലീസ് മേധാവിയാണ് കൈമാറാറുള്ളത്. ക്രമസമാധാനപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പ്രതി പുറത്തിറങ്ങുന്നതിനെ പോലീസ് എതിര്‍ക്കുക. മിക്കപ്പോഴും കൃത്യമായ അന്വേഷണം നടത്താതെയാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കുന്നതെന്നാണ് ജയില്‍വകുപ്പിന്റെ ആരോപണം. ഈ വാദം സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കും. പരോള്‍ തടവുകാരുടെ അവകാശമാണെന്നും അതില്‍ അനാവശ്യ എതിര്‍പ്പുകള്‍ ഉന്നയിക്കരുതെന്നും പോലീസിനോട് സര്‍ക്കാര്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്.

കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലാകുന്ന പ്രതികള്‍ മിക്കപ്പോഴും മൂന്നുമാസം കഴിയുമ്പോള്‍ ജാമ്യത്തിലിറങ്ങാറുണ്ട്. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുശേഷമാകും ഭൂരിഭാഗം കേസുകളിലും ശിക്ഷാവിധിവരുന്നത്. അതുവരെ ജയിലിന് പുറത്തായിരിക്കും. ഈ കാലയളവിലുണ്ടാകാത്ത ക്രമസമാധാനപ്രശ്‌നം, ശിക്ഷിച്ച് വര്‍ഷങ്ങള്‍ക്കുശേഷം പുറത്തിറങ്ങുമ്പോള്‍ ഉണ്ടാകാനിടയില്ലെന്ന വാദമാണ് ജയില്‍വകുപ്പിനുള്ളത്. എന്നാല്‍ ടി പി കേസിലെ പ്രതികള്‍ക്ക് ജാമ്യം കിട്ടിയിരുന്നില്ല. പുനരധിവാസത്തിന്റെ ഭാഗമായിട്ടാണ് പ്രതികള്‍ക്ക് പരോള്‍ നല്‍കുന്നത്. ശിക്ഷാകാലയളവിനിടെ സമൂഹവുമായി ഇണങ്ങുന്നതിനും കുടുംബാംഗങ്ങളുമായി താമസിക്കുന്നതിനും അതുവഴി മാനസാന്തരത്തിനുള്ള വഴിയായിട്ടാണ് പരോളിനെ കാണുന്നത്. ജയില്‍രേഖകള്‍ പ്രകാരം തടവിനിടെയുള്ള അവധിയാണിത്.

ഒരുവര്‍ഷമോ അതില്‍ക്കൂടുതലോ ശിക്ഷലഭിച്ച, സ്വഭാവദൂഷ്യമില്ലാത്ത തടവുകാര്‍ക്ക് ശിക്ഷാകാലയളവിന്റെ മൂന്നിലൊന്നോ അല്ലെങ്കില്‍ രണ്ടുവര്‍ഷമോ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അവധിക്ക് അര്‍ഹതയുണ്ട്. പോലീസ് റിപ്പോര്‍ട്ടിനുപുറമേ ജില്ലാ വെല്‍ഫെയര്‍ ഓഫീസര്‍ നല്‍കുന്ന റിപ്പോര്‍ട്ടാണ് അവധിക്ക് പരിഗണിക്കുന്ന മറ്റൊരു ഘടകം. പ്രതിയെ കുടുംബം സ്വീകരിക്കുമോ എന്നുള്ളത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പ്രൊബേഷന്‍ റിപ്പോര്‍ട്ടിലുണ്ടാകുക. എന്നാല്‍ കൊടു സുനിയ്‌ക്കെതിരെ ജയിലിനുള്ളില്‍ നിന്ന് തന്നെ കേസുകളുണ്ട്. തവനൂര്‍ ജയിലിലേക്ക് മാറ്റിയതും ജയിലിലെ ആക്രമണ കേസിനെ തുടര്‍ന്നാണ്. അങ്ങനൊരു പ്രതിയ്ക്ക് എങ്ങനെ ജാമ്യം നല്‍കുമെന്ന് ചോജിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല.

ജയില്‍ ഉപദേശകസമിതിക്കും കളക്ടര്‍ അധ്യക്ഷനായ സമിതിക്കും അവധി അനുവദിക്കാന്‍ അധികാരമുണ്ട്. ഇരുസമിതികളും പരോള്‍ നിഷേധിച്ചാലും സര്‍ക്കാരിനെ സമീപിക്കാം. ഇതിനെയെല്ലാം മറികടന്ന് പരോള്‍ അനുവദിക്കാനുള്ള വിവേചനാധികാരം ജയില്‍മേധാവിക്കും നല്‍കിയിട്ടുണ്ട്. ഇതുപയോഗിച്ചാണ് സുനിയ്ക്ക് പരോള്‍ കൊടുത്തതെന്നാണ് സൂചന.

കൊടി സുനി, സുനി

Similar News