എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് എന്ന് പറഞ്ഞ് ഹിന്ദിക്കാരന്റെ വിളി; വിശ്വസിച്ച് ഒടിപി കൈമാറി; പിന്നാലെ അക്കൗണ്ടിലെ പണം അപ്രത്യക്ഷമായി; അത് ചെന്ന് വേണത് പഞ്ചാബിലെ സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍; വൈദ്യുതി ബില്ലടച്ചവര്‍ അത് തിരികെ നല്‍കി തടിയൂരി; ഒരു അസാധാരണ സൈബര്‍ തട്ടിപ്പ് കേസില്‍ സംഭവിച്ചത്
കാഞ്ഞങ്ങാട്: സൈബര്‍ തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം കറന്റ് ചാര്‍ജ് അടയ്ക്കാന്‍ ഉപയോഗിച്ച പഞ്ചാബിലെ സ്ഥാപനം പണം തിരിച്ചുനല്കി കേസൊഴിവാക്കി. സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്ന പണമാണെന്നതിന്റെ തെളിവു സഹിതം കേസെടുക്കുമെന്നും സ്ഥാപനത്തിന്റെ ലൈസന്‍സുള്‍പ്പെടെ നഷ്ടമാകുമെന്നും വ്യക്തമായതോടെ സ്ഥാപനം ഉടമകള്‍ അക്കൗണ്ടിലേക്കു പണം തിരിച്ചടച്ച് തടിയൂരുകയായിരുന്നു. സ്ഥാപനം ഉടമകളുടെ അഭ്യര്‍ഥനപ്രകാരം പോലീസില്‍ നല്‍കിയ പരാതി പിന്‍വലിച്ചിട്ടുണ്ട്. കേസെടുക്കാത്ത സാഹചര്യത്തിലാണ് സ്ഥാപനത്തിന്റെ പേര് നല്‍കാന്‍ കഴിയാത്തത്.
സംഭവം ഇങ്ങനെയാണ്. ബംഗളൂരുവില്‍ ഐടി മേഖലയില്‍ ജോലിചെയ്യുന്ന കാഞ്ഞങ്ങാട് മാവുങ്കാല്‍ സ്വദേശിയ്ക്കാണ് ഒരു മാസം മുമ്പ് സൈബര്‍ തട്ടിപ്പിലൂടെ 40,478 രൂപ നഷ്ടമായത്. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുന്നതിനായി ബാങ്കില്‍ നിന്നാണെന്നുപറഞ്ഞ് ഹിന്ദി സംസാരിക്കുന്ന ഒരാളാണു വിളിച്ചത്. ഫോണില്‍ വരുന്ന ഒടിപി പറഞ്ഞുനല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പെട്ടെന്ന് മറ്റൊന്നും സംശയിക്കാതെ അതിന്റെ സ്‌ക്രീന്‍ഷോട്ടെടുത്ത് അയച്ചുനല്‍കി. പിന്നാലെ അക്കൗണ്ടില്‍നിന്ന് 40,478 രൂപ പിന്‍വലിച്ചതായി മെസേജ് ലഭിച്ചു. ഇടനെ മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനില്‍ ഹോംഗാര്‍ഡായി ജോലിചെയ്യുന്ന അച്ഛനെ വിവരം അറിയിച്ചു. അച്ഛനെ വിളിച്ചു പറഞ്ഞ് ഉടന്‍തന്നെ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ അതു ചെന്നെത്തിയത് പഞ്ചാബിലെ ഒരു സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണെന്നു കണ്ടെത്തി. ഉടന്‍തന്നെ ഈ തുക പിന്‍വലിച്ച് ഒരു വ്യവസായ സ്ഥാപനത്തിന്റെ കണ്‍സ്യൂമര്‍ നമ്പറുമായി ബന്ധപ്പെട്ട് പഞ്ചാബ് വൈദ്യുതി ബോര്‍ഡിന്റെ അക്കൗണ്ടിലേക്ക് അടച്ചതായും കണ്ടെത്തി. സൈബര്‍ പോലീസ് പഞ്ചാബ് വൈദ്യുതി ബോര്‍ഡ് അധികൃതരുമായി ബന്ധപ്പെട്ട് വ്യവസായ സ്ഥാപനത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചു.
സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്ന പണമാണെന്നതിന്റെ തെളിവു സഹിതം കേസെടുക്കുമെന്നും സ്ഥാപനത്തിന്റെ ലൈസന്‍സുള്‍പ്പെടെ നഷ്ടമാകുമെന്നും വ്യക്തമായതോടെ സ്ഥാപനം ഉടമകള്‍ അക്കൗണ്ടിലേക്കു പണം തിരിച്ചടച്ചു. പിന്നാലെ കേസും വേണ്ടെന്ന് വച്ചു. സാമ്പത്തിക സ്ഥാപനമായതു കൊണ്ട് തന്നെ വലിയ തട്ടിപ്പാണ് അതിന്റെ പേരില്‍ നടന്നത്. അതുകൊണ്ട് നടപടികള്‍ എടുക്കേണ്ട സാഹചര്യവും ഉണ്ട്. എന്നാല്‍ കേസില്ലാത്തതിനാല്‍ അത് ഇനി നടക്കുമോ എന്നതും സംശയമാണ്.
സ്ഥാപനത്തിനെതിരേ മറ്റു നടപടികളെന്തെങ്കിലും എടുക്കുന്ന കാര്യം പഞ്ചാബിലുള്ളവര്‍ തീരുമാനിച്ചോട്ടെയെന്നാണ് പരാതിക്കാരന്റെ നിലപാട്. എന്നാല്‍ ഇതു മൂലം കേസില്ലാതാവുകയാണ്. അതുകൊണ്ട് അവര്‍ക്ക് രക്ഷപ്പെടാനും കഴിയും.