ദൃക്‌സാക്ഷി സുരേഷ്‌കുമാറിനെ കൂട്ടുപ്രതിയും പിന്നീട് മാപ്പുസാക്ഷിയുമാക്കിയതും തെറ്റ്; സെഷന്‍സ് കോടതിയുടെ പരിഗണനയിലിരിക്കേ മാപ്പുസാക്ഷികളാക്കാന്‍ സിജെഎം കോടതിയില്‍ അപേക്ഷ നല്‍കി; ഹൈക്കോടതി വിധിയിലുള്ളത് സാങ്കേതിക പ്രശ്‌നങ്ങള്‍; ഉരുട്ടിക്കൊലയില്‍ അപ്പീലിന് സിബിഐ; പ്രഭാവതി അമ്മയ്ക്ക് നീതി കിട്ടുമോ?

Update: 2025-08-29 00:54 GMT

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ സമര്‍പ്പിക്കാന്‍ സിബിഐ. സിബിഐ തിരുവനന്തപുരം സ്‌പെഷല്‍ ക്രൈം യൂണിറ്റാണ് അപ്പീല്‍ സമര്‍പ്പിക്കണമെന്ന ശുപാര്‍ശ സിബിഐ ആസ്ഥാനത്തേക്കു നല്‍കുക. സിബിഐ പ്രോസിക്യൂഷന്‍ ഡയറക്ടറുടെ പരിശോധനയ്ക്കു ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ഉദയകുമാറിന്റെ അമ്മ പ്രഭാവതിയും ഈ ആവശ്യം ഉന്നയിച്ചിരുന്നു.

ഉരുട്ടിക്കൊല കേസുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണവും പ്രോസിക്യൂഷനും നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ളതാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പ്രതികളെ വിട്ടയച്ചത്. അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. 2005 സെപ്തംബര്‍ 27നാണ് ഉദയകുമാര്‍ ലോക്കപ്പില്‍ കൊല്ലപ്പെട്ടത്. ഒന്നും രണ്ടും പ്രതികളുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് പ്രതികളെ വെറുതെ വിട്ടത്. കേസില്‍ നാല് പ്രതികളാണുണ്ടായിരുന്നത്.. ഇതില്‍ രണ്ടാമത്തെ പ്രതി നേരത്തെ മരിച്ചിരുന്നു.

മോഷണം ആരോപിച്ചാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നത്. പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ 4000 രൂപ ഉദയകുമാറിന്റെ കയ്യിലുണ്ടായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് പറഞ്ഞായിരുന്നു മര്‍ദനം.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉദയകുമാറിനെ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകളുണ്ടെന്നും വ്യക്തമായിരുന്നു. ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് കേസ് ആദ്യം അന്വേഷിച്ചത്. പിന്നീട് കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.

കേസ് അന്വേഷണത്തില്‍ പാലിക്കേണ്ട അടിസ്ഥാന നടപടിക്രമങ്ങള്‍ സിബിഐ മറന്നതാണ് ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയാക്കിയത്. കേസ് അന്വേഷണത്തിലും പ്രോസിക്യൂഷന്‍ നടപടിക്രമങ്ങളിലും സിബിഐയ്ക്ക് അടിമുടി പിഴച്ചെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയ കേസില്‍ ഉദയകുമാറിന്റെ മാതാവ് പ്രഭാവതിയമ്മ നല്‍കിയ ഹര്‍ജിയില്‍ തുടരന്വേഷണം നടത്താനായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍, സിബിഐ നടത്തിയ അന്വേഷണം പുനരന്വേഷണത്തിന് സമാനമായി മാറി.

കേസുമായി ബന്ധപ്പെട്ട രേഖകള്‍ തിരുവനന്തപുരം അഡീ. സെഷന്‍സ് (ഫാസ്റ്റ്ട്രാക്ക്) കോടതിയുടെ പരിഗണനയിലിരിക്കേ ഉദയകുമാറിനോടൊപ്പം പോലീസ് പിടികൂടിയ സുരേഷ്‌കുമാറടക്കം ആറുപേരെ മാപ്പുസാക്ഷികളാക്കാന്‍ സിബിഐ സ്വീകരിച്ച നടപടികളടക്കം പാളി. ദൃക്‌സാക്ഷിയായ സുരേഷ്‌കുമാറിനെ കൂട്ടുപ്രതിയും പിന്നീട് മാപ്പുസാക്ഷിയുമാക്കിയതും കേസ് സെഷന്‍സ് കോടതിയുടെ പരിഗണനയിലിരിക്കേ മാപ്പുസാക്ഷികളാക്കാന്‍ സിബിഐ സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയതും തെറ്റായ നടപടികളായി. പലരെയും പ്രതിയാക്കുമെന്ന് ഭയപ്പെടുത്തി തോക്കിന്‍മുനയില്‍ നിര്‍ത്തി മാപ്പുസാക്ഷിയാക്കുകയായിരുന്നുവെന്നാണ് കോടതിയുടെ വിലയിരുത്തല്‍. അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അധികാരപരിധിയിലല്ലാത്ത കോടതിയില്‍ നല്‍കിയതും വീഴ്ചയായി.

സാക്ഷികളുടെ മൊഴികള്‍ ക്രൈംബ്രാഞ്ച് നേരത്തേ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഇത് പരിശോധിക്കുന്നതില്‍ സെഷന്‍സ് കോടതിക്ക് വീഴ്ചപറ്റി. വിചാരണ ഏതുരീതിയില്‍ വേണമെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കപ്പെട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. ഹൈക്കോടതിയിലേത് സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടലായിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഐയുടെ അപ്പീല്‍ നീക്കം.

Tags:    

Similar News