കെ കരുണാകരന്‍ എന്തെല്ലാമായിരുന്നോ അതൊന്നുമായിരുന്നില്ല എ കെ ആന്റണി; രാഷ്ടീയത്തെ അക്ഷരാര്‍ത്ഥത്തില്‍ അവസരങ്ങളുടെ കലയാക്കി മാറ്റിയ വ്യക്തിയാണ് ആന്റണി; ആന്റണിയെ ഒറ്റുകാരനെന്നും അധികാര കൊതിയനെന്നും വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവിന്റെ ആത്മകഥ; പ്രകാശനത്തിന് എത്തിയത് സുധീരന്‍; സിആര്‍ മഹേഷും വേദിയില്‍; 94 കാരനായ ഗോപിനാഥന്റെ 'ഞാന്‍, എന്റെ ജീവിതം' പറഞ്ഞു വയ്ക്കുന്നത്

Update: 2025-08-29 04:04 GMT

തിരുവനന്തപുരം: എ. കെ ആന്റണിയെ ഒറ്റുകാരനെന്നും അധികാര കൊതിയനെന്നും വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവിന്റെ ആത്മകഥ ചര്‍ച്ചകളില്‍. കോണ്‍ഗ്രസ് നേതാവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന അഡ്വ. കെ ഗോപിനാഥനാണ് ആത്മകഥയില്‍ കോണ്‍ഗ്രസ് നേതാവായ എ കെ ആന്റണിയ്‌ക്കെതിരെ തുറന്നെഴുതുന്നത്. 94 കാരനായ ഗോപിനാഥന്റെ 'ഞാന്‍, എന്റെ ജീവിതം' എന്ന ആത്മകഥയുടെ പ്രകാശനം കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനാണ് നിര്‍വഹിച്ചത്. കരുനാഗപ്പള്ളി എംഎല്‍എ സിആര്‍ മഹേഷുള്‍പ്പടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഈ ചടങ്ങില്‍ പങ്കെടുത്തു.

'സ്വന്തം കാര്യസാധ്യത്തിനു വേണ്ടി ആരെയും ഒറ്റുകൊടുക്കാന്‍ മടിയില്ലാത്ത ഒരു ചതിയനായ മനുഷ്യനാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ എകെ ആന്റണി. അധികാരത്തോട് വിരക്തിയും വിമുഖതയുമുള്ളയാള്‍ എന്ന പരിവേഷം കൊണ്ടു നടക്കുമ്പോഴും അധികാര സ്ഥാനങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ഒരു മടിയും കാണിക്കാത്ത ആളാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ സമാനതകളില്ലാത്ത പദവികളിലിരുന്നിട്ടും ആര്‍ക്കുവേണ്ടിയും സ്ഥാനങ്ങള്‍ ഒഴിഞ്ഞു കൊടുക്കാത്ത അധികാര കൊതിയനാണ് അയാള്‍. സാധാരണ കോണ്‍ഗ്രസുകാര്‍ക്കു വേണ്ടി ഒരു ഉപകാരവും ചെയ്യത്തുമില്ല, പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കാറുമില്ല എന്ന് ഗോപിനാഥന്‍ പറയുന്നു.

'രാഷ്ടീയത്തെ അക്ഷരാര്‍ത്ഥത്തില്‍ അവസരങ്ങളുടെ കലയാക്കി മാറ്റിയ വ്യക്തിയാണ് ആന്റണി. വിദ്യാര്‍ത്ഥികാലം മുതല്‍ അങ്ങനെയായിരുന്നു. കെഎസ് യു തുടങ്ങുമ്പോള്‍ ആന്റണി കോളേജില്‍ പോലുമില്ല. എന്നാല്‍ അതിന്റെ സ്ഥാപക നേതാവായാണ് വിശേഷിക്കപ്പെടുന്നത്. 1957ല്‍ കെഎസ് യു തുടങ്ങുമ്പോള്‍ ജോര്‍ജ് തരകന്‍ പ്രസിഡന്റും വയലാര്‍ രവി ജനറല്‍ സെക്രട്ടറിയും ആയിരുന്നു. ഈ യഥാര്‍ത്ഥ സ്ഥാപകരെയെല്ലാം തമസ്‌കരിച്ച് കെഎസ് യവിന്റെ സ്ഥാപകനായി ആന്റണി വിരാജിക്കുന്നു' 'ഒരണ സമരത്തിലും ആന്റണിക്ക് പ്രത്യേകിച്ച് പങ്കൊന്നുമില്ലായിരുന്നു. എന്നിട്ടും അതിന്റെ നേതാവായും സ്ഥാപിക്കപ്പെട്ടു. കെഎസ് യുവിന്റെ തുടക്കത്തില്‍ താന്‍ സ്ഥാനത്തെങ്ങും ഉണ്ടായിരുന്നില്ല എന്നോ ഒരണ സമരത്തില്‍ പങ്കില്ലെന്നോ പറയാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ആത്മകഥയില്‍ പറയുന്നു.

ആന്റണി ചതിയനും, മനുഷ്യത്വമില്ലാത്തവനും, അധികാരക്കൊതിയനും, സ്വന്തം കാര്യത്തിനു വേണ്ടി ആരെയും ഒറ്റുകൊടുക്കാന്‍ മടിയില്ലാത്തവനുമാണ് എന്നാണ് 'എകെ ആന്റണിയുടെ ചതി' എന്ന അധ്യായത്തില്‍ വിവരിച്ചിരിക്കുന്നത്. പുസ്തകത്തിലുടനീളം കെ കരുണാകരന്റെ സ്വഭാവ വൈശിഷ്ട്യങ്ങളും ആന്റണിയുടെ സ്വഭാവത്തിലെ ഇരട്ടത്താപ്പുകളും അദ്ദേഹം താരതമ്യം ചെയ്തിട്ടുണ്ട്. ''കെ കരുണാകരന്‍ എന്തെല്ലാമായിരുന്നോ, അതൊന്നുമായിരുന്നില്ല എ കെ ആന്റണി. രാഷ്ടീയത്തെ അക്ഷരാര്‍ത്ഥത്തില്‍ അവസരങ്ങളുടെ കലയാക്കി മാറ്റിയ വ്യക്തിയാണ് ആന്റണി. ഉമ്മന്‍ ചാണ്ടിയും ആര്യാടനുമെല്ലാം ഗ്രൂപ്പുകളിച്ച് കരുണാകരന്‍ ഒതുക്കപ്പെടുമ്പോള്‍, തനിക്ക് ഗ്രൂപ്പില്ലെന്ന് ആന്റണി പ്രഖ്യാപിക്കും. എന്നാല്‍ പ്രഥമസ്ഥാനത്തേക്ക് ആനയിക്കപ്പെടുകയും ചെയ്യും'', അദ്ദേഹം വിവരിക്കുന്നു.

''എല്ലാക്കാലത്തും ഭാഗ്യം കൊണ്ടു മാത്രം അധികാരങ്ങളില്‍ പിടിച്ചുനിന്ന ആളാണ് ആന്റണി. മറ്റാരെക്കുറിച്ചും ചിന്തിക്കാതെ അവരെക്കുറിച്ച് വ്യാകുലപ്പെടാതെ സ്വന്തം കാര്യം മാത്രം നോക്കി നടന്നതു കൊണ്ട് ഇക്കാലെല്ലാം അദ്ദേഹം രാഷ്ടീയത്തില്‍ നിലനിന്നു. ഭാഗ്യം എന്നും അദ്ദേഹത്തോടൊപ്പം ആയിരുന്നു. ഉറച്ച നിലപാടുകളോ, ഒപ്പമുള്ളവരെ പ്രതിസന്ധിയില്‍ സഹായിക്കണമെന്ന ചിന്തയോ ഒന്നും അദ്ദേഹത്തെ അലട്ടിയിട്ടേ ഇല്ല. സഹായിക്കേണ്ടിടത്ത്, അര്‍ഹമായത് നിഷേധിക്കപ്പെടുമ്പോള്‍, താന്‍ കാരണം ഒരാള്‍ അകാരണമായി ക്രൂശിക്കപ്പെടുമ്പോള്‍, അതല്ല വസ്തുത എന്നു പറയാന്‍ സന്നദ്ധനല്ലെങ്കില്‍ പിന്നെ, എന്ത് പൊതുപ്രവര്‍ത്തനമാണ്'', ഗോപിനാഥന്‍ ചോദിക്കുന്നുണ്ട്.

''കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായിരുന്ന കരുണാകരന്റേയും ഉമ്മന്‍ചാണ്ടിയുടേയും വീട്ടില്‍ ഏത് കോണ്‍ഗ്രസുകാരനും എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാം. പക്ഷേ ആന്റണിയുടെ വീട്ടില്‍ അതിന് അനുവാദമുണ്ടായിരുന്നില്ല. ആരും അങ്ങോട്ട് പോകാന്‍ തയ്യാറായിട്ടുമില്ല.'' കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ അല്ല, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി എന്ന നിലയിലും തനിക്ക് കെ കരുണാകരനില്‍ നിന്ന് ഊഷ്മളമായ അനുഭവങ്ങളും ശക്തമായ പിന്തുണയുമാണ് ലഭിച്ചത്. എന്നാല്‍ ആന്റണിയില്‍ നിന്ന് തിക്താനുഭവങ്ങളും നിസ്സഹകരണവും ചതിയും മാത്രമാണ് ഉണ്ടായത്. ആന്റണി മുഖ്യമന്ത്രിയായിരിക്കെ ഉണ്ടായ ശിവഗിരിയിലെ പോലീസ് നടപടികളും ഗോപിനാഥന്‍ ഓര്‍മിപ്പിക്കുന്നു. കരുണാകരനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഇത്തരമൊരു അനിഷ്ട സംഭവം ഉണ്ടാവില്ലെന്നും ഗോപിനാഥന്‍ പറയുന്നുണ്ട്.

''ശിവഗിരിയിലെ സന്യാസിമാര്‍ തമ്മിലുണ്ടായ അധികാരത്തര്‍ക്കങ്ങളും തുടര്‍ന്നുണ്ടായ കോടതി വിധിയുമാണ് 1995ലെ പോലീസ് നടപടിയിലേക്ക് നയിച്ചത്. നിരവധി സന്യാസിമാര്‍ക്ക് ലാത്തിചാര്‍ജില്‍ പരിക്കേറ്റു. യാതൊരു ആലോചനയുമില്ലാതെ ആന്റണി ഒറ്റക്കെടുത്ത തീരുമാനമായിരുന്നു അത്. ഏതൊരു സാഹചര്യത്തിലും ശിവഗിരിയില്‍ പോലീസ് നടപടി ഉണ്ടാവരുതെന്ന എസ്എന്‍ഡിപി യോഗം കൗണ്‍സിലിന്റെ തീരുമാനവും അവഗണിച്ചാണ് ആന്റണി പോലീസിന് അനുമതി നല്‍കിയത്. അതിനുശേഷം ഡല്‍ഹിക്ക് മുങ്ങി. വിവേകരഹിതമായ ഈ നടപടിയില്‍ കോണ്‍ഗ്രസിന് വലിയവില കൊടുക്കേണ്ടി വന്നു. എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അനുമതിയോടെയാണ് ആന്റണി ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു''. -ഗോപിനാഥന്‍ പറയുന്നു.

''ഈ സംഭവം നടന്നിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു. എങ്കിലും അന്നത്തെ സംഭവങ്ങള്‍, സംഭാഷണങ്ങള്‍ എന്നിവ ഞാന്‍ ഇന്നത്തേതുപോലെ ഓര്‍ക്കുന്നു. എന്റെ മനസ്സിനെ ഏറെ വേദനിപ്പിച്ച, ഇന്നും വേദനിപ്പിക്കുന്ന ഒരു സംഭവം എന്നതു കൊണ്ടാണ് അത്. ആരോടും പറയാതിരുന്ന ഈ അനുഭവം ഉമ്മന്‍ചാണ്ടി മരിച്ചശേഷം കായംകുളത്ത് നടന്ന ഒരു അനുസ്മരണ യോഗത്തില്‍ ഉമ്മന്‍ചാണ്ടിയേയും ആന്റണിയേയും താരതമ്യം ചെയ്ത് ഞാന്‍ പരസ്യമായി പറഞ്ഞു. യോഗം കഴിഞ്ഞപ്പോള്‍ അതില്‍ പങ്കെടുത്തിരുന്ന എംഎം ഹസന്‍ ഇതു വേണമായിരുന്നോ, കാലം ഒത്തിരി കഴിഞ്ഞില്ലേ' എന്ന് ചോദിച്ചു. അതിന് ഞാന്‍ മറുപടിയും നല്‍കി' എന്ന് പുസ്തകത്തില്‍ ഗോപി വക്കീല്‍ എഴുതി.''

എകെ ആന്റണി എന്ന നേതാവിന്റെ മുഖംമൂടിയാണ് അഡ്വ. കെ ഗോപിനാഥന്‍ വലിച്ചു കീറിയത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഗോപിനാഥന്‍ പൊതുജീവിതത്തിലേക്ക് ഇറങ്ങിയത്. ദേവികുളങ്ങര പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു. 21 വര്‍ഷം തുടര്‍ച്ചയായി ആ പദവിയില്‍ തുടര്‍ന്നു. പുതുപ്പള്ളി വില്ലേജ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി 54 വര്‍ഷം അദ്ദേഹം സേവനമനുഷ്ഠിച്ചു. സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഭേദിക്കാനാവാത്ത റെക്കോര്‍ഡാണിത്. 1987 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കായങ്കുളത്തു നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Tags:    

Similar News