ഇനി ആര് വാഴും ആര് വീഴും..എന്ന് അറിഞ്ഞാൽ മാത്രം മതി! വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ജനവിധി തേടാൻ സെലിബ്രിറ്റികളെ അടക്കം രംഗത്തിറക്കിയ ട്വന്റി 20 ബുദ്ധി; ഇതോടെ സോഷ്യൽ മീഡിയയിൽ അടക്കം തീപ്പാറും ചർച്ചകൾ; കേരളക്കരയെ ഇളക്കിമറിച്ച് താര സ്ഥാനാർത്ഥികൾ; ബി​ഗ് ബോസിലെ അതെ വോട്ടുകൾ ഇലക്ഷന് കിട്ടുമോ?

Update: 2026-03-18 04:45 GMT

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിൽ നിൽക്കെ, സ്ഥാനാർത്ഥി പട്ടികയിലെ കൗതുകകരമായ മാറ്റങ്ങളെക്കുറിച്ചും സെലിബ്രിറ്റി സ്ഥാനാർത്ഥികളുടെ സാധ്യതകളെക്കുറിച്ചും നിരീക്ഷണവുമായി പ്രശസ്ത ബിഗ് ബോസ് റിവ്യൂവറും യൂട്യൂബറുമായ രേവതി (ബിഗ് ബോസ് മല്ലു ടോക്സ്) രംഗത്തെത്തി. ഇത്തവണ ട്വന്റി-20 പാർട്ടിയുടെ സ്ഥാനാർത്ഥികളായി മുൻ ബിഗ് ബോസ് താരങ്ങളായ അഖിൽ മാരാർ, വീണ നായർ, ലക്ഷ്മി പ്രിയ എന്നിവർ ജനവിധി തേടുന്നത് രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ബിഗ് ബോസ് ഷോയിലൂടെ നേടിയ ജനപ്രീതിയും വോട്ടുകളും നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്നതാണ് പ്രധാന ചോദ്യമെന്ന് രേവതി ചൂണ്ടിക്കാട്ടുന്നു.

ബിഗ് ബോസ് ഷോയിലെ പ്രകടനം മാത്രം വോട്ടായി മാറില്ലെന്നും, ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ചാൽ മാത്രമേ വോട്ടർമാർ കൂടെ നിൽക്കുകയുള്ളൂവെന്നും രേവതി അഭിപ്രായപ്പെടുന്നു. വെറും വാക്കുകൾ കൊണ്ടുള്ള വാഗ്ദാനങ്ങളല്ല, മറിച്ച് പ്രായോഗികമായ പ്രവർത്തനങ്ങളാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. നൂറു ദിവസത്തെ ബിഗ് ബോസ് ജീവിതം കണ്ട ആർക്കും തനിക്ക് വോട്ട് ചെയ്യാൻ തോന്നുമെന്ന് അഖിൽ മാരാർ അവകാശപ്പെടുമ്പോൾ, പെരുമ്പാവൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തനിക്ക് കഴിയുമെന്ന് ലക്ഷ്മി പ്രിയയും ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ ഈ ആത്മവിശ്വാസം ബാലറ്റ് ബോക്സിൽ പ്രതിഫലിക്കുമോ എന്നത് കണ്ടറിയണം.

മുൻകാലങ്ങളിൽ സിനിമാ-സീരിയൽ താരങ്ങളെ ഇഷ്ടപ്പെട്ട് വോട്ട് നൽകി വിജയിപ്പിച്ച ചരിത്രം കേരളത്തിനുണ്ട്. എന്നാൽ രാഷ്ട്രീയ ബോധമുള്ള വോട്ടർമാർ സ്ഥാനാർത്ഥിയുടെ പ്രവർത്തനക്ഷമതയും വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ള കഴിവും കൃത്യമായി വിലയിരുത്തുമെന്ന് രേവതി ഓർമ്മിപ്പിക്കുന്നു.

ബിഗ് ബോസ് പ്ലാറ്റ്‌ഫോമിലെ നെഗറ്റീവ്-പോസിറ്റീവ് ഇമേജുകൾ വോട്ടെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നത് പ്രവചനാതീതമാണ്. "എല്ലാം പ്രവർത്തിയിലാണ് ഇരിക്കുന്നത്" എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന രേവതി, ജനങ്ങൾക്ക് സ്ഥാനാർത്ഥികളിലുള്ള വിശ്വാസമാണ് വിജയഘടകമെന്ന് വ്യക്തമാക്കുന്നു. ട്വന്റി-20 എന്ന രാഷ്ട്രീയ പരീക്ഷണത്തിനൊപ്പം ഈ സെലിബ്രിറ്റി താരങ്ങൾ കൂടി ചേരുമ്പോൾ 2026-ലെ തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിൽ പുതിയ പാഠങ്ങൾ നൽകുമെന്നുറപ്പാണ്.

രേവതിയുടെ മുഴുവൻ വാക്കുകൾ ഇങ്ങനെ

2026ലെ നിയമസഭ തെരഞ്ഞെടുപ്പ് വരാന്‍ പോവുകയാണ്. സ്ഥാനാര്‍ത്ഥി പട്ടികയൊക്കെ വന്നു കഴിഞ്ഞു. ഇനിയും വരാന്‍ ബാക്കിയുണ്ട്. ബിഗ് ബോസ് മത്സരാര്‍ത്ഥികളും ഇലക്ഷന് പങ്കെടുക്കുകയാണ്. അവര്‍ക്ക് ബിഗ് ബോസില്‍ കിട്ടിയ വോട്ടുകള്‍ ഇലക്ഷന് കിട്ടുമോ? ഇല്ലയോ? എന്നാണ് അറിയേണ്ടത്. ബിഗ് ബോസില്‍ ആണെങ്കിലും അല്ലെങ്കിലും നമ്മള്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ നമ്മുടെ കൂടെ നില്‍ക്കും. വായ കൊണ്ട് വാഗ്ദാനങ്ങള്‍ നല്‍കിയിട്ട് കാര്യമില്ല. ഇറങ്ങി പ്രവര്‍ത്തിച്ച് കഴിഞ്ഞാല്‍ ജനങ്ങള്‍ കൂടെ ഉണ്ടാകും.

പ്രവര്‍ത്തിച്ച് കാണിക്കണം. അതേ എനിക്ക് പറയാനുള്ളൂ. ട്വിന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥികളാണ് ബിഗ് ബോസ് ബോസ് മത്സരാര്‍ത്ഥികള്‍. അഖില്‍ മാരാര്‍, വീണ നായര്‍, ലക്ഷ്മി പ്രിയ തുടങ്ങിയവരാണ് അവര്‍. നെഗറ്റീവും പോസിറ്റീവുമായ കമന്റുകള്‍ വരുന്നുണ്ട്. പലരും പ്രസ്താവനകള്‍ നടത്തുന്നുണ്ട്. 100 ദിവസത്തെ ബിഗ് ബോസ് കണ്ട ആർക്കും എനിക്ക് വോട്ട് ചെയ്യാൻ തോന്നും എന്ന് അഖില്‍ പറയുന്നുണ്ട്. പെരുമ്പാവൂരിലെ പ്രശ്നങ്ങളൊക്കെ അറിയാം ശരിയാക്കാം എന്നൊക്കെ ലക്ഷ്മി പ്രിയയും പറയുന്നുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് വിജയിക്കാന്‍ സാധിക്കുമോ ? ജനങ്ങള്‍ ഇവര്‍ക്ക് വോട്ട് ചെയ്യുമോ ? വാക്കുകള്‍ കൊണ്ടല്ല പ്രവര്‍ത്തിച്ച് കാണിക്കുമ്പോഴാണ് ജനങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കി കൊടുക്കണം. അല്ലെങ്കില്‍ അവരെ കൊണ്ട് ചെയ്യാന്‍ കഴിയുമെന്ന ഉറപ്പ് ജനങ്ങള്‍ക്ക് ഉണ്ടെങ്കിലേ വോട്ട് ചെയ്യൂ. അഭിനേതാക്കളെ ഇഷ്ടപ്പെട്ട് വോട്ട് ചെയ്യുന്ന ആള്‍ക്കാരുണ്ട്. അവര്‍ ജയിച്ചിട്ടുമുണ്ട്. ഒന്നും പറയാന്‍ പറ്റില്ല. കാത്തിരുന്ന് കാണാം. എല്ലാം പ്രവര്‍ത്തിയിലാണ് ഇരിക്കുന്നത്. ബിഗ് ബോസ് ആണെങ്കിലും അല്ലെങ്കിലും.

Tags:    

Similar News