അക്ഷരാര്‍ത്ഥത്തില്‍ അവള്‍ക്ക് ജന്മം നല്‍കാന്‍ ഈ ഗ്രഹത്തിലെ ഏറ്റവും അപകടകരമായ സ്ഥലം! ഗുരുതര വൈകല്യമുള്ള കുഞ്ഞ് ജനിക്കാന്‍ കാരണം പ്രസവ ചികില്‍സയിലെ അനാസ്ഥ; അമേരിക്കന്‍ കോടതിയുടെ ഈ വിധി ഞെട്ടിക്കുന്നത്

Update: 2025-08-29 04:44 GMT

മ്മയുടെ പ്രസവം അനാസ്ഥയോടെ കൈകാര്യം ചെയ്ത് ഗുരുതരമായി വൈകല്യമുള്ള കുഞ്ഞിനെ പ്രസവിക്കാന്‍ ഇടയാക്കിയതിന് അമേരിക്ക യൂട്ടായിലെ ആശുപത്രി കുടുംബത്തിന് ഒരു ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം. വിധി പ്രഖ്യാപിച്ച കോടതി ജഡ്ജി ആശുപത്രിക്കെതിരെ രൂക്ഷമായ പദപ്രയോഗങ്ങളാണ് നടത്തിയത്. അനീസ സാന്‍കെനല്ല എന്ന യുവതിക്കാണ് ഈ ദുരന്തം ഉണ്ടായത്. അസയ്ലി എന്നാണ് വൈകല്യങ്ങളോടെ ജനിച്ച കുട്ടിയുടെ പേര്.

ഈ ആശുപത്രിയേക്കാള്‍ ഏതെങ്കിലും ഒരു പെട്രോള്‍ പമ്പിന്റെ കുളിമുറിയിലോ ആഫ്രിക്കയില്‍ എവിടെയങ്കിലും ഉള്ള ഒരു കുടിലിലോ ജനിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം എന്നാണ് ജഡ്ജി കുറ്റപ്പെടുത്തിയത്. 951 മില്യണ്‍ ഡോളറാണ് നഷ്ടപരിഹാരമായി കുടുംബത്തിന് ലഭിക്കുന്നത്. 2019 ഒക്ടോബറില്‍ സാള്‍ട്ട് ലേക്ക് സിറ്റി പ്രദേശത്തേക്കുള്ള ഒരു ചെറിയ യാത്രയ്ക്കിടെയാണ് ഗര്‍ഭിണിയായിരുന്ന അനീസക്ക് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായത്. തുടര്‍ന്നാണ് അവരുടെ ആരോഗ്യകരമായ ഗര്‍ഭധാരണം തകരാറിലാകാന്‍ തുടങ്ങിയത് എന്നാണ് പരാതി.

അവരെ സ്ഥിരമായി പരിശോധിച്ചിരുന്ന ഡോക്ടര്‍ വളരെ അകലെയായത് കാരണം അവര്‍ സമീപത്തുള്ള ജോര്‍ദാന്‍വാലി ആശുപത്രിയില്‍ ഗര്‍ഭിണിയെ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ ആയിരിക്കുമ്പോള്‍, പ്രസവം ഉത്തേജിപ്പിക്കുന്ന മരുന്നായ പിറ്റോസിന്‍ അമിതമായ അളവില്‍ നല്‍കിയതായും നഴ്‌സുമാരും മെഡിക്കല്‍ സ്റ്റാഫും തങ്ങളെ അവഗണിച്ചതായും സാന്‍കനെല്ലയുടെ വീട്ടുകാര്‍ പരാതിയില്‍ പറഞ്ഞിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ഒരു ദിവസത്തില്‍ കൂടുതല്‍ സമയം വരെ ഡോക്ടര്‍മാര്‍ സി-സെക്ഷന്‍ പ്രസവം നടത്തിയില്ലെന്നും ഇത് ഒടുവില്‍ കുഞ്ഞിന് ഓക്‌സിജന്‍ നഷ്ടപ്പെടുകയും തലച്ചോറിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യുന്നതിലേക്ക് എത്തിയതായും കുടുംബം ആരോപിക്കുന്നു.

ഡോക്ടര്‍മാര്‍ തികച്ചും അശ്രദ്ധമായിട്ടാണ് ഗര്‍ഭിണിയുടെ ഗുരുതരാവസ്ഥയെ കൈകാര്യം ചെയ്തതെന്നും പരാതിയില്‍ പറയുന്നു. കുഞ്ഞ് നിരവധി ശാരീരിക പ്രശ്നങ്ങളോടെയാണ് ജനിച്ചത് . ഇപ്പോഴും അസയ്ലി എന്ന കുഞ്ഞിന് അപസ്മാരം ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ട്. അക്ഷരാര്‍ത്ഥത്തില്‍, അവള്‍ക്ക് ജന്മം നല്‍കാന്‍ ഈ ഗ്രഹത്തിലെ ഏറ്റവും അപകടകരമായ സ്ഥലമായിരുന്നു ഇത് എന്നാണ് കോടതി നിരീക്ഷിച്ചത്. നാളെ ലോകത്തിന് മുതല്‍ക്കൂട്ട് ആകേണ്ട കുട്ടി ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം ജീവിതകാലം മുഴുവന്‍ വൈക്യങ്ങളോടെ ജീവിക്കണ്ട അവസ്ഥയിലാണെന്നും കോടതി കുറ്റപ്പെടുത്തി.

എന്നാല്‍ മറ്റൊരു പ്രധാനപ്പെട്ട കാര്യം ഈ ആശുപത്രി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതാണ്. ആശുപത്രിയുടെ ഉടമകളായിരുന്ന കമ്പനി കഴിഞ്ഞ വര്‍ഷം പാപ്പര്‍ ഹര്‍ജി നല്‍കുകയും അവരുടെ എല്ലാ ആശുപത്രികളും വില്‍ക്കുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെ കോടതി ഇവര്‍ക്കായി അനുവദിച്ച നഷ്ടപരിഹാരം എങ്ങനെ ഈടാക്കുമെന്ന ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുകയാണ്.

Similar News