ഇമെയില്‍ വിവാദം വന്നതോടെ പിറ്റേന്ന് രേഖകളുമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തി; ഈ കോപ്പികള്‍ രായ്ക്കുരാമാനം എവിടെ നിന്നു കിട്ടി എന്ന സംശയം നിര്‍ണ്ണായകമായി; നടന്നത് തട്ടിപ്പെന്ന് മനസ്സിലാക്കി അന്നത്തെ ഫയലുകളുടെ കോപ്പി മോഷ്ടിച്ചുവെന്നും നിഗമനം; ഇപ്പോള്‍ അസുഖം പറഞ്ഞ് ഒഴിഞ്ഞു മാറുന്ന വാസുവിന് വിനയായത് വെളുപ്പിക്കല്‍ പത്ര സമ്മേളനം; സ്വയം കുഴിച്ച കുഴിയില്‍ വാസു വീണ കഥ

Update: 2025-11-11 11:45 GMT

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിന് വിനയായത് വിശ്വസ്തരുടെ മൊഴി. വാസുവിനെ മൂന്നാം പ്രതിയാക്കി അന്വേഷണം തുടരുന്നതിനിടെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറും മുന്‍ ദേവസ്വം കമ്മീഷണറുമാണ് എന്‍ വാസു. ദേവസ്വം ബോര്‍ഡില്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരുന്ന ആളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. വാസുവിനെതിരെ നിര്‍ണായകമൊഴിയാണ് മുരാരി ബാബുവും നല്‍കിയിരിക്കുന്നത്. എല്ലാം വാസു അറിഞ്ഞുകൊണ്ടെന്ന് മുരാരിയും സുധിഷും മൊഴി നല്‍കിയിട്ടുണ്ട്. മുന്‍ തിരുവാഭരണ കമീഷണര്‍ ബൈജുവിന്റെ മൊഴിയും വാസുവിന് എതിരാണ്. ചോദ്യം ചെയ്യലില്‍, രേഖകളില്‍ തിരുത്തല്‍ വരുത്തിയതില്‍ വാസുവിന് മറുപടിയില്ല. ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുമാണ് വാസു ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇതോടെയാണ് അറസ്റ്റിലേക്ക് പോയത്. നേരത്തെ ചോദ്യം ചെയ്യലിന് എത്താന്‍ വാസു അവധി ചോദിച്ചിരുന്നു. ഇതോടെ വാസുവിനെ കൊട്ടാരക്കരയിലെ വീട്ടിലെത്തി അറസ്റ്റു ചെയ്യാന്‍ തീരുമാനിച്ചു. ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇതോടെ താന്‍ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്താമെന്ന് അറിയിച്ചു. ഈഞ്ചയ്ക്കലിലെ ഓഫീസില്‍ പ്രാഥമിക ചോദ്യം ചെയ്യല്‍ നടന്നു. അതിന് ശേഷമാണ് അറസ്റ്റ്.

ശബരിമല കൊള്ളയില്‍ വാസുവിനെ പ്രതിയാക്കിയത് അതിബുദ്ധി! ആഗോള അയ്യപ്പ സംഗമം വിവാദമായി. ഇതിനിടെയാണ് ദ്വാരപാലക ശില്‍പ്പ പാളി പുറത്തേക്ക് പോയെന്ന വിവരം ഹൈക്കോടതി അറിഞ്ഞത്. ആ പാളി നന്നാക്കി വരട്ടേ എന്ന നിലപാടും ഇനി നടപടിക്രമം തെറ്റിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതിനിടെയാണ് 'താങ്ങു പീഠം' കൂടി വേണമെന്ന അതിബുദ്ധിയുമായി ഉണ്ണികൃഷ്ണന്‍ പോറ്റി എത്തിയത്. ഈ അതിബുദ്ധിയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. ഇതിന് സമാനമായി വാസുവും അതിബുദ്ധി കാട്ടി. ഇതാണ് വാസുവിനേയും കേസില്‍ പ്രതിയാക്കിയത്. ഇപ്പോള്‍ ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയില്ലെന്ന് പറയുന്ന വാസു രേഖകളുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി ന്യായീകരണം നടത്തി. പക്ഷേ അതെല്ലാം വെറുതെയായി.

ദ്വാരപാലക ശില്‍പങ്ങളുടേയും ശ്രീകോവിലിന്റേയും മുഖ്യജോലികള്‍ പൂര്‍ത്തിയാക്കിയശേഷം സ്വര്‍ണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെണ്‍കുട്ടികളുടെ വിവാഹാവശ്യത്തിന് ഇത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി വാസുവിന് ഇമെയില്‍ അയച്ചിരുന്നു. 2019 ഡിസംബര്‍ ഒമ്പതിന് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇമെയില്‍ തനിക്ക് വന്നിരുന്നു എന്ന് വാസുവും പിന്നീട് സമ്മതിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത സമ്മേളനമാണ് വാസുവിനെ കുടുക്കിയത്. മുന്‍ ജ്യുഡീഷ്യല്‍ ഓഫീസറായ വാസു പഴുതുകള്‍ അടച്ച അന്വേഷണം തന്നിലേക്ക് വരാതിരിക്കാനാണ് നോക്കിയത്. എന്നാല്‍ ഈ വാര്‍ത്ത സമ്മേളനം തിരിച്ചടിയായി. വാസുവിനെ കുടുക്കുന്ന തെളിവായി ഈ വാര്‍ത്താസമ്മേളനം മാറി.

ഇമെയില്‍ വിവാദം വന്നതോടെ പ്രശ്നം മനസ്സിലാക്കിയ വാസു, പിറ്റേന്ന് രേഖകളുമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. 2019-ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോള്‍ കിട്ടിയ മെയിലിന്റെ കോപ്പിയായിരുന്നു അത്. ഉണ്ണികൃഷ്ണന്‍ പോറ്റി മെയിലയച്ചെങ്കിലും പോറ്റിയും സംഘവും സംഘടിപ്പിച്ച സ്വര്‍ണം ബാക്കിവന്നതിന് ദേവസ്വം ബോര്‍ഡിന് ഉത്തരവാദിത്വമില്ലെന്ന് വാസു പറഞ്ഞു. ആ പ്രയോഗമാണ് വാസുവിന് കുരുക്കായത്. ശബരിമലയുടെപേരില്‍ പിരിവുനടത്തി ഉണ്ടാക്കിയ സ്വര്‍ണത്തെപ്പറ്റി നിസ്സാരമായി വാസു സംസാരിച്ചത് ഗൂഢാലോചനയില്‍ അദ്ദേഹത്തിന്റെ സ്ഥാനം അത്ര ചെറുതല്ല എന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘത്തെ എത്തിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള രേഖ വാസുവിന് എവിടെ നിന്നും കിട്ടിയെന്ന സംശയവും നിര്‍ണ്ണായകമായി. ദേവസ്വം ബോര്‍ഡിലെ പല രേഖകളും പോലീസിന് അടക്കം കിട്ടിയത് ഏറെ സമ്മര്‍ദ്ദത്തിലാണ്. എന്നിട്ടും മെയില്‍ കോപ്പിയുമായി വാസു മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി.

ഈ കോപ്പികള്‍ രായ്ക്കുരാമാനം എവിടെനിന്നു കിട്ടി എന്നതും സംശയമുണ്ടാക്കി. നടന്നത് തട്ടിപ്പാണെന്നറിയാമായിരുന്ന വാസു, അന്നത്തെ ഫയലുകളുടെ കോപ്പി എടുത്തുസൂക്ഷിച്ചിരിക്കാം എന്നതാണ് ഒരു നിഗമനം. അല്ലെങ്കില്‍ ഇപ്പോഴത്തെ ദേവസ്വം ജീവനക്കാരില്‍ സ്വന്തക്കാരായവരെക്കൊണ്ട് ഫയലില്‍നിന്ന് കോപ്പി എടുപ്പിച്ചതുമാകാം എന്ന നിഗമനത്തില്‍ അന്വേഷണസംഘം എത്തി. ഇതിനൊപ്പം കേസില്‍ അറസ്റ്റിലായവര്‍ എല്ലാം വാസുവിനെതിരെ മൊഴിയും നല്‍കി. ഈ വെളിപ്പെടുത്തലുകളെ പ്രതിരോധിക്കാന്‍ വാസുവിന് ആയില്ലെന്നതാണ് വസ്തുത. കേസില്‍ മൂന്നാം പ്രതിയാണ് വാസു. കമ്മീഷണറായിരുന്ന കാലയളവില്‍ ശബരിമല സന്നിധാനത്തെ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസില്‍ അങ്ങനെ വാസുവും അറസ്റ്റിലായി. സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് സ്പോണ്‍സറുടെ കൈവശം ബാക്കി സ്വര്‍ണം ഉണ്ടെന്നറിഞ്ഞിട്ടും വാസു നടപടിയെടുത്തില്ലെന്നാണ് ആരോപണം.

ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്ന 2019-ല്‍ എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്നു. കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ കമ്മിഷണറായിരുന്ന വാസു 2019 മാര്‍ച്ച് 19-ന് നിര്‍ദേശം നല്‍കിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വാസുവിനെ കേസില്‍ മൂന്നാം പ്രതിയാക്കിയത്. മാര്‍ച്ച് 31-ന് കമ്മിഷണര്‍സ്ഥാനത്തുനിന്ന് വാസു മാറിയിരുന്നു. പിന്നീട് എ. പത്മകുമാറിന് പിന്നാലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി. എന്‍. വാസു പ്രസിഡന്റായിരിക്കെയാണ് സ്വര്‍ണംപൂശല്‍ കഴിഞ്ഞശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിവാദ ഇ-മെയില്‍ സന്ദേശം ലഭിച്ചത്. സ്വര്‍ണം പൂശല്‍ കഴിഞ്ഞശേഷവും സ്വര്‍ണം ബാക്കിയുണ്ടെന്നും ഇത് ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ചെലവഴിക്കട്ടേയെന്നും ചോദിച്ചായിരുന്നു പോറ്റിയുടെ ഇ-മെയില്‍ സന്ദേശം. എന്നാല്‍, ഇതുസംബന്ധിച്ച് വാസു നല്‍കിയ വിശദീകരണം തൃപ്തികരമായിരുന്നില്ല. ഇമെയില്‍ സന്ദേശം താന്‍ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്തെന്നും പിന്നീട് അതേക്കുറിച്ച് തിരക്കിയില്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

അധികംവന്ന സ്വര്‍ണം സ്പോണ്‍സറുടെ കൈവശമുണ്ടെന്ന് അറിഞ്ഞിട്ടും വാസു നടപടിയെടുത്തില്ലെന്നാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിനെതിരേ ഉയര്‍ന്നിരുന്ന ആരോപണം. അറസ്റ്റിലായ മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്ഐടി സംഘം എന്‍. വാസുവിനെ നേരത്തെ ചോദ്യംചെയ്തിരുന്നു.

Tags:    

Similar News