കൊടി സുനിയുടെ മദ്യപാനത്തില്‍ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയത് പോലീസ് മേധാവി; കഴിച്ചത് മദ്യമാണോ എന്ന് പോലും അറിയില്ലെന്ന് പറയുന്ന തലശ്ശേരി പോലീസും; അന്ന് ടിപി കേസ് പ്രതി പിടിച്ചത് പച്ചവെള്ളമാകാന്‍ സാധ്യതകള്‍ ഏറെ? ഒറ്റു കൊടുത്തത് എതിര്‍ ചേരിക്കാരെന്ന് കൊടി സുനി പക്ഷം; ക്വട്ടേഷന്‍ സംഘാംഗങ്ങളിലും 'വിഭാഗീയത'; കണ്ണൂരില്‍ എല്ലാം അതിവിചിത്രം

Update: 2025-08-06 01:57 GMT

കണ്ണൂര്‍: കൊടി സുനി അന്ന് കുടിച്ചത് പച്ചവെള്ളമാകും. പൊതു സ്ഥലത്തെ മദ്യപാനം തെളിയിക്കാന്‍ ഇനി കഴിയില്ലെന്നതാണ് ഇതിന് കാരണം. ഇതോടെ ജയിലില്‍ നിന്നും കോടതിയിലേക്കും മറ്റും പോവുകയും തിരിച്ചെത്തുകയും ചെയ്യുന്നവരുടെ രക്തം എല്ലാ നാലു മണിക്കൂറിലും പരിശോധിക്കേണ്ട സ്ഥിതി വരികയാണ്. അല്ലാത്ത പക്ഷം പിന്നീട് ഇവര്‍ മദ്യപിച്ചുവെന്നെല്ലാം ആരോപണം ഉയര്‍ന്നാല്‍ അത് കണ്ടെത്താന്‍ ഏറെ പണിപ്പെടും. പൊതു സ്ഥലത്തെ മദ്യപാനം കുറ്റകരമാണ്. അതിന്റെ പേരില്‍ കേരളത്തിലെ മിക്കവാറും എല്ലാ പോലീസ് സ്‌റ്റേഷനിലും കേസുകളുണ്ട്. എന്നാല്‍ കോടതിയില്‍നിന്നു ജയിലിലേക്കുള്ള യാത്രയ്ക്കിടെ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനിയും സംഘവും പൊതുസ്ഥലത്ത് മദ്യപിച്ചെന്നു പറയുന്ന സംഭവത്തില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് തലശേരി പോലീസ് പറയുന്നതായാണ് മാധ്യമ റിപ്പോര്‍ട്ട്. സംഭവത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. കൊടി സുനിയും സംഘവും കഴിച്ചതു മദ്യമാണെന്നതിനു തെളിവുകളില്ലെന്നു പറയുന്നു. ഈ സംഭവത്തില്‍ കൊടി സുനിയ്‌ക്കൊപ്പം പോയ പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി എടുത്തിട്ടുണ്ട്. മദ്യപിക്കുന്നതിന് സാഹചര്യം ഒരുക്കിയെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ആ നടപടി. ഈ പോലീസുകാര്‍ക്കും ആശ്വാസമാണ് തലശ്ശേരി പോലീസിന്റെ നടപടി.

പോലീസ് പരിശോധനയില്‍ പൊതുസ്ഥലത്ത് മദ്യപാനം കണ്ടെത്തിയാല്‍ സ്വമേധയാ കേസെടുക്കാം. അതിനു സാഹചര്യ തെളിവുകള്‍, മദ്യത്തിന്റെ ഗന്ധം, ഗ്ലാസ്, കുപ്പി എന്നിവയെല്ലാം തെളിവുകളാണ്. എന്നാല്‍, കൊടി സുനിയും സംഘവും മദ്യപിച്ചെന്ന പറയുന്ന സംഭവത്തില്‍ ഇത്തരം സാഹചര്യങ്ങള്‍ ഒന്നുമില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷിക്കാമെന്നുമാണ് പോലീസ് പറയുന്നത്. പോലീസ് തന്നെ കണ്ടെത്തി പോലീസുകാരെ സസ്‌പെന്റ് ചെയ്ത സംഭവത്തിലാണ് ഈ വിചിത്ര ന്യായം. അതിനിടെ കണ്ണൂരില്‍ വീണ്ടും സിപിഎം അനുകലരെന്ന് അവകാശപ്പെടുന്ന ഗുണ്ടാ സംഘങ്ങളില്‍ ചേരി തിരിവുണ്ടായി എന്നാണ് സൂചന. അതിനിടെ, അതീവ രഹസ്യമായി നടത്തിയ മദ്യപാന പാര്‍ട്ടിയുടെ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയത് കൊടിസുനിയുടെ എതിര്‍ ചേരിയിലുള്ള സംഘമാണെന്നാണു റിപ്പോര്‍ട്ട്. കൊടി സുനിവിരുദ്ധസംഘം വിവരം നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതായാണു വിവരം. ആഭ്യന്തര വകുപ്പ് സംഭവം അതീവ ഗൗരവത്തിലെടുക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു. ലോക്കല്‍ പോലീസിനെ അറിയിക്കാതെ പ്രത്യേക അന്വേഷണ സംഘം തലശേരിയിലെത്തി അന്വേഷണം നടത്തുകയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഇത്തരമൊരു കേസിലാണ് തലശ്ശേരി പോലീസിന് തെളിവില്ലെന്ന് പറയുന്നത്.

മുഴുവന്‍ തെളിവുകളും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോയ പോലീസുകാര്‍ക്കെതിരേ നടപടിയുണ്ടായത്. അതുവരെയുള്ള നീക്കങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കാനും നിര്‍ദേശമുണ്ടായിരുന്നു. മാത്രവുമല്ല, പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു ചോര്‍ത്തി നല്‍കിയതിനു പിന്നിലും കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്നാണു വിലയിരുത്തല്‍. അതേസമയം, തങ്ങളെ ഒറ്റുകൊടുത്തത് എതിര്‍ ചേരിക്കാരാണെന്ന വിവരം കൊടിയുടെ സംഘത്തിനു ലഭിച്ചതോടെ ഇരു ഗ്രൂപ്പുകളും തമ്മിലുള്ള പോര് രൂക്ഷമായി. കൊടി സുനിക്കു ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന മറ്റൊരു സംഘം ജില്ലയില്‍ സജീവമാണ്. ജയിലില്‍ നിന്നാണ് കൊടി സുനി എല്ലാം നിയന്ത്രിക്കുന്നത്. സിപിഎമ്മിലെ ഒരു വിഭാഗം ഇതിന് എതിരാണ്. ഈ സാഹചര്യത്തിലാണ് പുതിയ ലോബി സജീവമാകുന്നത്. ടിപി കേസ് പ്രതികള്‍ പരോളില്‍ ഇറങ്ങുന്നതിന് പിന്നില്‍ വ്യക്തമായ ക്വട്ടേഷന്‍ ലക്ഷ്യങ്ങളുണ്ട്.

ഹവാല പണം തട്ടിയെടുക്കല്‍, സ്വര്‍ണം പൊട്ടിക്കല്‍, ക്വട്ടേഷന്‍, ചൂതാട്ട കേന്ദ്രങ്ങള്‍ക്കു സംരക്ഷണം, മധ്യസ്ഥം തുടങ്ങിയവയിലാണ് കണ്ണൂരിലെ വിവിധ ക്വട്ടേഷന്‍ സംഘങ്ങള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും കുറഞ്ഞതോടെയാണ് പുതിയ വഴികള്‍ തേടിയത്. മദ്യപാന വിഷയം പുറത്തുവന്നതോടെയാണ് പരോളിലുള്ള കൊടി സുനി എവിടെയാണെന്ന് ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് കൊടി സുനി പരോള്‍ വ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തിയതും തുടര്‍ന്ന് വയനാട് മീനങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ വച്ച് അറസ്റ്റ് ചെയ്തതും. വയനാട്ടില്‍ ചില വിവിഐപികള്‍ കൊടി സുനിയെ കണ്ടിരുന്നു. അതിനിടെ ടി.പി. വധക്കേസിലെ പ്രതികളുടെ തലശേരി കോടതി പരിസരത്തെ മദ്യപാനത്തില്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചിട്ടുണ്ട്. ജയില്‍നിയമം ലംഘിച്ച കൊടി സുനിക്കെതിരേ നടപടിയെടുക്കും. പോലീസിന്റെ ഭാഗത്തുനിന്നു വീഴ്ചകള്‍ ഉണ്ടോയെന്നു പരിശോധിക്കും. വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാല്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കുമെതിരേയും നടപടിയുണ്ടാകുമെന്ന് പോലീസ് മേധാവി പറയുന്നു. ഇത്തരമൊരു കേസിലാണ് ഒന്നും അറിയില്ലെന്ന തലശ്ശേരി പോലീസ് സ്റ്റേഷന്‍ പറയുന്നത്.

തലശ്ശേരി പോലീസ് സ്‌റ്റേഷന്‍ നിയന്ത്രിക്കുന്നത് കൊടി സുനിയാണെന്ന വാദം സജീവമാണ്. ഈ സാഹചര്യത്തിലാണ് തലശ്ശേരി പോലീസ് കേസെടുക്കാതെ വിചിത്ര ന്യായം പറയുന്നത്. പൊതു സ്ഥലത്തെ മദ്യപാനം വെറും പെറ്റി കേസാണ്. എന്നാല്‍ ജയിലില്‍ ഉള്ള ആളിന്റെ പേരില്‍ പെറ്റി കേസ് എടുത്താല്‍ പോലും അത് ഭാവി പരോളിനെ ബാധിക്കും. ഈ സാഹചര്യത്തിലാണ് പെറ്റി കേസ് പോലും ചാര്‍ജ്ജ് ചെയ്യാന്‍ തലശ്ശേരി പോലീസ് മടിക്കുന്നത്. അതിനിടെ കൊടി സുനി പരസ്യ മദ്യപാനം നടത്തിയ സംഭവത്തില്‍ കേസെടുക്കണമെന്ന് കെഎസ്യു. ഇതു സംബന്ധിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കി. നിയമം ലംഘിച്ചവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ പോലീസ് മേധാവി പ്രതികരിച്ചത് ഇങ്ങനെ

കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരാകാന്‍ പോകുന്നതിനിടെ പൊലീസ് ഒത്താശയില്‍ മദ്യപിച്ചെന്ന ആരോപണം അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍. ആവശ്യമെങ്കില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കും. മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ നിലവില്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതായി കാണുന്നുണ്ട്. വീഴ്ചയുണ്ടെന്ന് അന്വേഷണത്തിന് ശേഷം കണ്ടെത്തിയാല്‍ തുടര്‍ നടപടിയുണ്ടാകും. ചേര്‍ത്തല കേസില്‍ പൊലീസ് ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും റാവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരാണ് തലശ്ശേരി കോടതിയില്‍ ഹാജരാക്കവെ പൊലീസ് സാന്നിധ്യത്തില്‍ മദ്യപിച്ചെന്ന ആരോപണമുയര്‍ന്നത്. ജൂണ്‍ 17ന് തലശ്ശേരിയില്‍ ഒരു ഹോട്ടലിന് പുറത്തുവച്ചാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Tags:    

Similar News