രക്തം രക്തത്തെ തിരിച്ചറിഞ്ഞ നിമിഷം! പെരിയ കേസിലെ ഒന്നാം പ്രതിയായ സിപിഎം നേതാവിനായി കോടതി വരാന്തയില്‍ കാത്തുനിന്ന് കൈകൊടുത്ത് കൊടി സുനി; പീതാംബരനെ കൈകൊടുത്തു സംസാരിച്ചത് പെരിയ കേസില്‍ വാദം പൂര്‍ത്തിയാക്കി പ്രതികളെ പുറത്തിറക്കിയപ്പോള്‍
രക്തം രക്തത്തെ തിരിച്ചറിഞ്ഞ നിമിഷം!
കൊച്ചി: കേരളത്തില്‍ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കൊലപാതക കേസ് ടി പി ചന്ദ്രശേഖരന്റെ വധമായിരുന്നു. സിപിഎമ്മിനെ പില്‍ക്കാലത്ത് ഏറെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കി മാറ്റി ഈ കേസ്. ഇതിന് ശേഷം വടകര ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ചു കയറാന്‍ സിപിഎമ്മിന് സാധിച്ചിട്ടില്ല. അതേസമയം ഈ കേസിലെ പ്രതികള്‍ തടവറയില്‍ വിഐപി പരിഗണനകളോടെ കഴിയുകയാണ്. ഇഷ്ടം പോലെ പരോളും അവര്‍ക്ക് ലഭിക്കുന്നുണ്ട്. ടി പി വധക്കേസിലെ മുഖ്യപ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
രാഷ്ട്രീയമായി സിപിഎമ്മിന് ഏറെ തിരിച്ചടിയേകുന്ന വിധിയാണ് ഇന്നലെ പെരിയ ഇരട്ടക്കൊല കേസില്‍ സിപിഎം നേരിട്ടത്. നാല് സിപിഎ നേതാക്കള്‍ അടക്കമുള്ളവരെ കൊലപാതക കേസില്‍ ശിക്ഷിച്ചു. ഇത് സിപിഎമ്മിന് അപ്രതീക്ഷിത തിരിച്ചടിയായി മാറി. ഇതിനിടെ ഇന്നലെ സിബിഐ കോടതിയില്‍ അപ്രതീക്ഷിതമായി ഒരു സംഭവവുമുണ്ടായി. സിപിഎം ആസൂത്രണം ചെയത് രണ്ട് കൊലപാതക കേസിലെയും മുഖ്യപ്രതികളായവര്‍ തമ്മില്‍ കണ്ടു.
പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി എ പീതാംബരനെ കണ്ടത്, ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയായിരുന്നു. കോടതി വരാന്തയില്‍ കാത്തു നിന്നായിരുന്നു പീതാംബരനെ കൊടിസുനി കണ്ടത്. സിപിഎം നേതാവായ എ പീതാംബരനാണ് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതി. ഇന്നലെ ഫസല്‍ വധക്കേസിലെ വിചാരണ നടപടികളുടെ ഭാഗമായിട്ടാണ് എം കെ സുനില്‍കുമാര്‍ എന്ന കൊടി സുനി സിബിഐ കോടതിയിലെത്തിയത്.
ഈ സമയത്തായിരുന്നു പെരിയ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷയിലെ വാദം. പതിനൊന്നരയോടെ വാദം പൂര്‍ത്തിയാക്കി പ്രതികളെ പുറത്തിറക്കി. ഇതിനിടയില്‍ സുനി പോയി പീതാംബരന് കൈകൊടുത്ത് സംസാരിക്കുകയായിരുന്നു. എന്താണ് സംസാരിച്ചതെന്ന് വ്യക്തമായില്ല. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ സൈബറിടത്തലും അത് സംസാരമായി. രക്തം രക്തത്തെ തിരിച്ചറിഞ്ഞു, പാര്‍ട്ടി സര്‍ജന്‍മാര്‍ തമ്മില്‍ കണ്ടു എന്നിങ്ങനെയാണ് ഈ കൂടിക്കാഴ്ച്ചയെ കുറിച്ച് ആളുകള്‍ സൈബറിടത്തില്‍ വ്യക്തമാക്കുന്നത്.
ഡിസംബര്‍ 28 വൈകുന്നേരമാണ് 30 ദിവസത്തെ പരോളില്‍ കൊടി സുനി പുറത്തിറങ്ങിയത്. പൊലീസ് റിപ്പോര്‍ട്ട് എതിരായതിനാല്‍ ആറ് വര്‍ഷമായി സുനിക്ക് പരോള്‍ ലഭിച്ചിരുന്നില്ല. ജയിലിനുള്ളില്‍ ഇരുന്നുകൊണ്ട് തന്നെ നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതിനാല്‍ കൂടിയാണ് പരോള്‍ അനുവദിക്കാതിരുന്നത്.
അതേസമയം,പെരിയ ഇരട്ടക്കൊലക്കേസില്‍ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും പിഴയും ഉദുമ മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍ അടക്കം സി.പി.എം നേതാക്കളായ നാലു പ്രതികള്‍ക്ക് 5 വര്‍ഷം തടവുശിക്ഷയും പിഴയുമാണ് കൊച്ചി സി.ബി.ഐ പ്രത്യേക കോടതി വിധിച്ചിരിക്കുന്നത്. ജീവപര്യന്തം കിട്ടിയവരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും മറ്റുള്ളവരെ കാക്കനാട് ജില്ലാ ജയിലിലേക്കും മാറ്റി. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴത്തുകയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടെങ്കിലും മൊത്തം 20.7 ലക്ഷം ഈടാക്കി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പങ്കിട്ടു നല്‍കാനും വിധിച്ചു.
കേസിലെ ഒന്നു മുതല്‍ എട്ട് വരെ പ്രതികളും പെരിയ സ്വദേശികളുമായ എ. പീതാംബരന്‍ (52), സജി സി. ജോര്‍ജ് (46), കെ.എം. സുരേഷ് (33), കെ. അനില്‍കുമാര്‍ (അബു-41), ജി.ഗിജിന്‍ (32), ആര്‍. ശ്രീരാഗ് (കുട്ടു-28), എ. അശ്വിന്‍ (അപ്പു-24), സുബീഷ് (മണി-35) പത്താം പ്രതി ടി. രഞ്ജിത് (52), പതിനഞ്ചാം പ്രതി എ. സുരേന്ദ്രന്‍ (വിഷ്ണു സുര-53) എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം. പീതാംബരന്‍ പെരിയ സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്.