കല്ലുകള്‍ ഇനിയും താഴോട്ട് പതിക്കാനുള്ള സാധ്യത കൂടുതല്‍; തട്ടുതട്ടായി ബെഞ്ച് തയാറാക്കിയത് നിയമം ലംഘനം; ഇതു പരിശോധിക്കാതെ പാറമടയ്ക്ക് അനുമതി കൊടുത്ത ജിയോളജി വകുപ്പും കുറ്റക്കാര്‍; പയ്യനാമണ്‍ ചെങ്കളുത്ത് ക്വാറി ഇന്‍ഡസ്ട്രീസ് പ്രതിക്കൂട്ടില്‍; പാറ ഇളകുന്നത് വെല്ലുവളിയാകുമ്പോള്‍; കോന്നിയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Update: 2025-07-08 03:25 GMT

കോന്നി: പത്തനംതിട്ട പയ്യനാമണ്‍ ചെങ്കുളത്ത് പാറമടയില്‍ കല്ലിടിഞ്ഞ് വീണുണ്ടായ അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. അതി ദുഷ്‌കരമാണ് നടപടികള്‍. വീണത് വലിയ പാറക്കെട്ടുകളായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. കല്ലുകള്‍ ഇനിയും താഴോട്ട് പതിക്കാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു. ഇതാണ് ദൗത്യം വളരെ ദുഷ്‌കരമാക്കുന്നത്. പാറ ഇളകുന്നത് രക്ഷാദൗത്യം സങ്കീര്‍ണമാക്കുന്നുവെന്നതാണ് വസ്തുത. രക്ഷാദൗത്യത്തിന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണട്്.

തിരച്ചിലിനായി എന്‍ഡിആര്‍എഫ് സംഘവും 20 അംഗഫയര്‍ഫോഴ്‌സ് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ പാറക്കെട്ടുകള്‍ ഇടിഞ്ഞതോടെയാണ് ഇന്നലെ രാത്രി പരിശോധന ഉപേക്ഷിച്ചത്. പാറ പൊട്ടിക്കുന്ന യന്ത്രത്തില്‍ കുടുങ്ങിയ ബിഹാര്‍ സ്വദേശി അജയ്കുമാറിനെയാണ് ഇനി കണ്ടെത്താനുള്ളത്. ഒഡീഷയില്‍ നിന്നുള്ള മഹാദേവ് പ്രഥാന്‍ ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് പാറമടയില്‍ അപകടമുണ്ടായത്. കല്ലിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ച് തൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഹിറ്റാച്ചി ഓപറേറ്റര്‍ ബിഹാര്‍ സ്വദേശി അജയ് (38), സഹായി ഒഡീഷ സ്വദേശി മഹാദേവ് (51) എന്നിവരാണ് ജോലി ചെയ്തിരുന്നത്.

സ്ഥലത്ത് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട് തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അഡീഷണല്‍ ലേബര്‍ കമീഷണര്‍ കെ ശ്രീലാലിന് നിര്‍ദ്ദേശം നല്‍കി. മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് എംപ്ലോയീസ് കോമ്പന്‍സേഷന്‍ ആക്ട് പ്രകാരം നഷ്ടപരിഹാരം നല്‍കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളും തൊഴില്‍ വകുപ്പ് കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

പാറമടയില്‍ നടന്ന അപകടത്തിന്റെ അടിസ്ഥാനത്തില്‍ ക്രഷര്‍ ഉടമയെയും മകനെയും കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മാനദണ്ഡങ്ങളൊന്നും പാലിക്കാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഈ പാറമടയ്ക്ക് അനുമതി നല്‍കിയ സര്‍ക്കാരും ജിയോളജി വകുപ്പും റവന്യു വകുപ്പും കോന്നി പഞ്ചായത്ത് ഭരണ സമിതിയും ഇതിന് ഉത്തരവാദികളാണ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഈ പാറമടയുടെ അനുമതി റദ്ദാക്കുകയും ചെയ്യണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

അനുമതിയില്ലാതെ ഖനനം നടത്തിയത് എങ്ങനെയെന്ന് അധികൃതര്‍ വ്യക്തമാക്കണം അശാസ്ത്രീയമായ രീതിയിലാണ് അവിടെ പാറ പൊട്ടിക്കുന്നത്. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നാട്ടുകാരുടെ പരാതികള്‍ അവഗണിച്ചത് അപകടത്തിന് കാരണമെന്നും ഒരു പ്രദേശമാകെ സ്വന്തം സാമ്രാജ്യമായി കരുതി, നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചാണ് പാറമട പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്. സുരക്ഷ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് പാറമട പ്രവര്‍ത്തിച്ചിരുന്നത് എന്ന് വ്യക്തമായിരിക്കുകയാണ് അപകടം. നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന പാറമടയ്ക്ക് എങ്ങനെയാണ് ജിയോളജി വകുപ്പ് അനുമതി നല്‍കിയത്.

പഞ്ചായത്ത് ഭരണസമിതിക്കും ജില്ലാ ഭരണകൂടത്തിനും അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആവില്ല. നിയമലംഘനങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്ന സമീപനത്തില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്നും നാട്ടുകാര്‍ പറയുന്നു. പാറ പൊട്ടിച്ചു മാറ്റാന്‍ തട്ടുതട്ടായി ബെഞ്ച് തയാറാക്കുന്നതില്‍ ഉള്‍പ്പെടെ നിയമം പാലിച്ചിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. ഇതു പരിശോധിക്കാതെ പാറമട പ്രവര്‍ത്തനത്തിന് അനുമതി കൊടുത്ത ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും റവന്യു, പൊലീസ്, പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യവകുപ്പ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും വിമര്‍ശനം ഉന്നയിച്ചു. പഞ്ചായത്ത് റോഡ് കയ്യേറി ഗേറ്റ് സ്ഥാപിച്ചത് സംബന്ധിച്ച കേസില്‍ റോഡ് അളക്കാന്‍ ചെന്ന ഉദ്യോഗസ്ഥരെ തടഞ്ഞെന്നാരോപിച്ച് നാട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതും പഞ്ചായത്താണെന്ന് ഇവര്‍ ആരോപിച്ചു

രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഉണ്ടായേക്കാവുന്ന ദുരന്ത സാധ്യത ഒഴിവാക്കാനായി പയ്യനാമണ്‍ ചെങ്കളുത്ത് ക്വാറി ഇന്‍ഡസ്ട്രീസ് എന്ന പാറമടയിലെ ഖനന, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നിരോധിച്ച് ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ ഉത്തരവിട്ടു. രക്ഷാപ്രവര്‍ത്തനം നടക്കുന്ന സാഹചര്യത്തിലും ക്വാറിയില്‍ അപകടകരമായി പാറ ഇളകി വീഴുന്നതിനാല്‍ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി രക്ഷാപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒഴികെ മറ്റുള്ളവര്‍ ക്വാറിയില്‍ പ്രവേശിക്കുന്നതും നിരോധിച്ചു.

Tags:    

Similar News