കോന്നി പാറമട അപകടം: രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി; ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായിയുടെ മൃതദേഹം ക്യാബിനുള്ളില്‍ കുടുങ്ങിയ നിലയില്‍; വീണ്ടെടുത്തത് അഗ്നിരക്ഷാസേനയുടെ സാഹസിക ദൗത്യത്തില്‍; രക്ഷാപ്രവര്‍ത്തനം വിജയം കണ്ടത് ലോങ് ബൂം എക്‌സ്‌കവേറ്റര്‍ എത്തിച്ചതോടെ

കോന്നി പാറമട അപകടം: രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി

Update: 2025-07-08 16:12 GMT

പത്തനംതിട്ട: കോന്നി പാറമട അപകടത്തില്‍ കുടുങ്ങിക്കിടന്ന രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആലപ്പുഴയില്‍നിന്ന് ലോങ് ബൂം എക്സവേറ്റര്‍ എത്തിച്ചുളള ദൗത്യത്തിനിടയിലാണ് അജയ് റായിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകള്‍ മാറ്റി ക്യാബിന്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

ഹിറ്റാച്ചി ക്യാബിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു ബിഹാര്‍ സ്വദേശി അജയ് റായുടെ മൃതദേഹം. നേരത്തെ അപകടം നടന്ന സ്ഥലത്ത് ഒട്ടേറെ തവണ പാറയിടിഞ്ഞു വീണതോടെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്ന് വലിയ ക്രെയിന്‍ എത്തിച്ചെങ്കിലും ദൗത്യം പുനഃരാരംഭിക്കാനായിരുന്നില്ല.

ഇന്ന് രാവിലെ ഏഴു മണിയോടെയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയിരുന്നു. പാറ ഇടിഞ്ഞു ഇന്നലെ ഇതര സംസ്ഥാന തൊഴിലാളികള്‍ അപകടത്തില്‍പെട്ടിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തിയിരുന്നു. ഒഡീഷ കാണ്‍ധമാല്‍ ജില്ലയിലെ പേട്ടപാങ്ക ലുഹുറിംഗിയ മഹാദേബ് പ്രധാന്റെ (51) മൃതദേഹം ആണ് കണ്ടെത്തിയത്. പാറപൊട്ടിക്കുന്ന യന്ത്രത്തിന്റെ ഡ്രൈവര്‍ ബിഹാര്‍ സിമര്‍ല ജമുയ് ഗ്രാം സിമര്‍ലിയ അജയ് കുമാര്‍ റായിയെ (38) ആണ് കാണാതായത്. ഫയര്‍ഫോഴ്‌സിലെ അമല്‍, ജിത്ത്, ബിനുമോന്‍ എന്നിവരാണു വടത്തില്‍ സാഹസികമായി താഴേക്കിറങ്ങി മൃതദേഹം പുറത്തെത്തിച്ചത്.

കലക്ടര്‍ എസ്.പ്രേം കൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാര്‍ എന്നിവര്‍ സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന(എന്‍ഡിആര്‍എഫ്)യ്‌ക്കൊപ്പം അഗ്‌നിരക്ഷാ സേനയുടെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിലെ 20 അംഗ സംഘവും തിരച്ചിലില്‍ പങ്കെടുത്തു. രക്ഷാപ്രവര്‍ത്തനത്തിനു ചെലവാകുന്ന തുക ക്വാറി ഉടമയില്‍ നിന്ന് ഈടാക്കാനാണ് അധികൃതരുടെ തീരുമാനം.

തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം 3.30നാണ് പാറയിടിച്ചില്‍ ഉണ്ടായത്. മടയില്‍ പണിയെടുത്തുകൊണ്ടിരുന്ന മണ്ണുമാന്തി യന്ത്രത്തിനു മുകളിലേക്കാണ് കൂറ്റന്‍ പാറയുള്‍പ്പെടെ തകര്‍ന്നുവീണത്. ഇവിടെ നിന്ന് 40 അടിയിലധികം ഉയരത്തില്‍ നിന്നാണ് പാറ ഇളകി വീണത്. ഈ തട്ടിന്റെ താഴത്തെ തട്ടിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്.

Tags:    

Similar News