ഹണി റോസിന്റെ പരാതിയില്‍ ബോച്ചെയെ പിടിക്കാന്‍ കാട്ടിയ ആ ആവേശം കൂത്താട്ടുകുളത്തു കാട്ടില്ല; കലാരാജുവിനെ വലിച്ചിഴച്ചു കൊണ്ടു പോയത് മകന്റെ പ്രായമുള്ള ഡിഫിക്കാരന്‍; കാല്‍ കുടുങ്ങിയെന്ന് പറഞ്ഞപ്പോള്‍ വെട്ടിതരാമെന്ന പരിഹാസം; 'കൊടി സുനിമാര്‍' ഇനിയും സൃഷ്ടിക്കപ്പെടും; വിചിത്ര ന്യായവുമായി സിപിഎം
കൂത്താട്ടുകുളം: സിപിഎം പ്രവര്‍ത്തകര്‍ തന്നെ തട്ടിക്കൊണ്ടുപോയതെന്ന് കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജു ആരോപിക്കുമ്പോള്‍ മറു തന്ത്രവുമായി സിപിഎം. പോലീസ് കേസെടുക്കാതിരിക്കാനള്ള വാദമാണ് സിപിഎം ഉയര്‍ത്തുന്നത്. എന്നാല്‍ കല രാജുവിനെ തട്ടിക്കൊണ്ട് പോയതല്ല എന്നാണ് സിപിഎമ്മിന്റെ വാദം. എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാനിരിക്കെ യുഡിഎഫിന്റെ 11 കൗണ്‍സിലര്‍മാരും ഒരു സ്വതന്ത്രനും സിപിഐഎമ്മിന്റെ കൗണ്‍സിലര്‍ കല രാജുവും കൂടി നഗരസഭയ്ക്ക് മുന്നില്‍ വന്നിറങ്ങുമ്പോഴാണ് സംഭവം ഉണ്ടായത്.
പാര്‍ട്ടി തീരുമാനപ്രകാരം അവരുള്‍പ്പെടെയുളള 13 കൗണ്‍സിലര്‍മാര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ ഇരിക്കുകയായിരുന്നുവെന്നാണ് സിപിഎം വിശദീകരണം. നല്ലരീതിയില്‍ സംസാരിച്ച് പിരിഞ്ഞ കലാ രാജു ഏത് സാഹചര്യത്തിലാണ് ആരോപണം ഉന്നയിക്കുന്നത് എന്ന് അറിയില്ലെന്നും സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി.വി. രതീഷ് പറഞ്ഞു. കലാ രാജു ഉന്നയിക്കുന്ന സഹകരണ ബാങ്കുമായുളള പ്രശ്‌നം എന്താണെന്ന് അറിയില്ലെന്നും പി.വി. രതീഷ് പറഞ്ഞു. കലാരാജുവിന്റെ മക്കളുടെ പരാതിയില്‍ രതീഷ് ഉള്‍പ്പെടെയുളളവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ ഇതുവരെ അറസ്റ്റിലേക്ക് പോലീസ് കടന്നിട്ടില്ല. തന്റെ വസ്ത്രം വലിച്ചഴിച്ചുവെന്നും കലാ രാജു ആരോപിക്കുന്നുണ്ട്.
ഹണി റോസിനെ ബോബി ചെമ്മണ്ണൂര്‍ വാക്കുകളിലൂടെ അപമാനിച്ചപ്പോള്‍ അതിവേഗ ഇടപെടലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതമാണെന്ന വാദവും ചര്‍ച്ചയാക്കി. ഇതിനിടെയാണ് കൂത്താട്ടുകുളത്തെ അപമാനിക്കല്‍. ഇവിടെ പരാതിക്കാരിയുടെ വാക്കുകള്‍ പോലീസ് മുഖവലിയ്‌ക്കെടുക്കുന്നില്ല. ഹണി റോസിന് കിട്ടിയതു പോലെ അതിവേഗ നീതിയുമില്ല. ഏര്യാ സെക്രട്ടറിയെ അറസ്റ്റു ചെയ്യാനും പോലീസ് മുതിരില്ല. വിവാദം താനെ തീരട്ടേ എന്നതാണ് പോലീസ് നിലപാട്. സര്‍ക്കാരില്‍ നിന്നും കൗണ്‍സിലര്‍ക്ക് വേണ്ടി സമ്മര്‍ദ്ദമുണ്ടായാല്‍ മാത്രമേ മറിച്ച് സംഭവിക്കൂ. എന്നാല്‍ അതുണ്ടാകില്ലെന്ന് ഉറപ്പാണ്. ബോച്ചെയെ വണ്ടി വളഞ്ഞു പിടിച്ച എറണാകുളത്തെ പോലീസ് ഇവിടെ മൗനികളാകും.
സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണമാണ് കലാ രാജു ആരോപിക്കുന്നത്. സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. തട്ടിക്കൊണ്ടു പോയി ഏരിയ കമ്മിറ്റി ഓഫിസിലാണ് താമസിപ്പിച്ചത്. ഏരിയ സെക്രട്ടറിയുടെ അറിവോടെയാണ് ഇത്. ഓഫിസില്‍വച്ച് ഉപദ്രവം ഒന്നുമുണ്ടായില്ല. പകരം അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്യുന്നതില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും അവര്‍ പറയുന്നു. ഡിവൈഎഫ്‌ഐ നേതാവ് അരുണ്‍ അശോകന്‍ എന്നയാളാണ് വാഹനത്തില്‍ കയറ്റിയത്. കാല്‍ വാഹനത്തിന്റെ ഡോറിനിടയില്‍ കുടുങ്ങിയപ്പോള്‍ അവിടെ എത്തിയതിനുശേഷം വെട്ടി തന്നേക്കാമെന്നാണ് വാഹനത്തില്‍ പിടിച്ചു കയറ്റിയ ആള്‍ പറഞ്ഞത്. തന്റെ മകനെക്കാള്‍ ചെറിയ കുട്ടിയാണ് ഇങ്ങനെ പറഞ്ഞതെന്നും കല പറഞ്ഞു.
ചീത്ത വിളിച്ചുകൊണ്ടാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനത്തിലേക്ക് പിടിച്ചുകയറ്റിയത്. കഴുത്തിന് കുത്തിപ്പിടിച്ചാണ് വാഹനത്തിലേക്ക് വലിച്ചുകയറ്റിയത്. ഏരിയകമ്മിറ്റി ഓഫിസിലെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടു. ഹൃദ്രോഗിയാണെന്നു പറഞ്ഞപ്പോള്‍ ഗ്യാസിന്റെ ഗുളികയാണ് നല്‍കിയത്. ആശുപത്രിയില്‍ പോകണമെന്നു പറഞ്ഞപ്പോള്‍ ഏരിയ സെക്രട്ടറിയോട് ചോദിക്കട്ടെ എന്നാണ് പറഞ്ഞതെന്നും അവര്‍ പറഞ്ഞു. സിപിഎമ്മില്‍ തുടരുന്നതിനെക്കുറിച്ച് ആലോചിച്ചു തീരുമാനമെടുക്കും. അവിശ്വാസം കഴിഞ്ഞതിനു ശേഷം ഇറക്കിവിടാമെന്നു പറഞ്ഞാല്‍ കാര്യമില്ല. രാവിലെ പൊലീസുകാര്‍ സംരക്ഷണം തരേണ്ടതായിരുന്നുവെന്നും അവര്‍ പറഞ്ഞു.
പോലീസിന്റെ സാന്നിധ്യത്തില്‍ യുഡിഎഫിന്റെ വനിതാ കൗണ്‍സിലര്‍മാരെയടക്കം ആക്രമിക്കുകയും ചെയര്‍പേഴ്സന്റെ വാഹനത്തില്‍ സിപിഐഎം കൗണ്‍സിലര്‍ കല രാജുവിനെ കടത്തിക്കൊണ്ടു പോവുകയുമായിരുന്നു. തങ്ങളുടെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് പോലീസില്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും തങ്ങള്‍ക്ക് നേരെ അക്രമം ഉണ്ടായപ്പോള്‍ പോലീസ് നോക്കി നില്‍ക്കുകയായിരുന്നു എന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.